ന്യൂദല്‍ഹി:കൂടുതല്‍ പണം അദാനി ഓഹരികള്‍ തന്റെ കമ്പനി നിക്ഷേപിച്ചേക്കുമെന്ന് ജിക്യുജി പാര്‍ട്നേഴ്സിന്റെ സിഇഒ രാജീവ് ജെയിന്‍. 15,446 കോടി രൂപ നാല് അദാനി ഓഹരികളില്‍ നിക്ഷേപിക്കുക വഴി അദാനിയുടെ പ്രധാന ഓഹരികളുടെ വില കുതിച്ചുയര്‍ന്നിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച അദാനി എന്‍റര്‍പ്രൈസസിന്റെ വില 6.7 ശതമാനം നഷ്ടമായിരുന്നു. കെയര്‍ ഉന്നത ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ കെയര്‍ അദാനി എന്‍റര്‍പ്രൈസസിന്മേലുള്ള വിലയിരുത്തല്‍ സുരക്ഷിതം എന്നതില്‍ നിന്നും നെഗറ്റീവ് എന്നാക്കിയതാണ് ഓഹരി വില താഴാന്‍ കാരണമായത്. അതേ സമയം അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ എന്നീ ഓഹരികള്‍ വീണ്ടും അഞ്ച് ശതമാനം ഉയര്‍ന്നു. അദാനി പോര്‍ട്സും ചെറിയ തോതില്‍ ഉയര്‍ച്ച കാണിച്ചു.
രാജീവ് ജെയിന്റെ അമേരിക്ക ആസ്ഥാനമായ, ആസ്ത്രേല്യയിലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത, ഏകദേശം 900 കോടി ഡോളര്‍ ആസ്തിയുള്ള ജിക്യുജി പാര്‍ട്നേഴ്സ് കഴിഞ്ഞ ദിവസം 15,446 കോടി രൂപയാണ് നാല് അദാനി ഓഹരികളില്‍ നിക്ഷേപിച്ചത്. 5460 കോടി മുടക്കി അദാനി പോര്‍ട്ട്സിന്റെ ഓഹരികള്‍ ഒന്നിന് 596 രൂപ എന്ന കണക്കില്‍ 8.86 കോടി ഓഹരികളും 5282 കോടി മുടക്കി അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരികള്‍ ഓഹരി ഒന്നിന് 1410 രൂപ എന്ന കണക്കില്‍3.8 കോടി ഓഹരികളും 1898 കോടി രൂപ മുടക്കി അദാനി ട്രാന്‍സ്മിഷന്റെ ഓഹരികള്‍ ഓഹരി ഒന്നിന് 668 രൂപ എന്ന കണക്കില്‍ 2.8 കോടി ഓഹരികളും 2806 കോടി രൂപ മുടക്കി അദാനി ഗ്രീനിന്റെ ഓഹരികള്‍ ഓഹരി ഒന്നിന് 504 രൂപ എന്ന കണക്കില്‍ 5.5 കോടി ഓഹരികളുമാണ് രാജീവ് ജെയിന്റെ കമ്പനി വാങ്ങിയത്.
ഇതിനിടെ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അംബുജ സിമന്‍റ്സിലെ ഓഹരി വായ്‌പകള്‍ തിരിച്ചടയ്‌ക്കാനായി അദാനി ഗ്രൂപ്പ് വിറ്റേയ്‌ക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് അംബുജ സിമന്‍റ്സ്. ഓഹരികള്‍ വിറ്റ് 3687 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. ഈ തുക വായ്‌പാ തിരിച്ചടവ് അടയ്‌ക്കാന്‍ ഉപയോഗിക്കും. വളരെ ശ്രദ്ധാപൂര്‍വ്വമാണ് നീക്കങ്ങളാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്.
എന്തുകൊണ്ടാണ് അദാനി ഓഹരികളില്‍ പണം മുടക്കിയത് എന്ന ചോദ്യത്തിന് അദാനി കമ്പനികളുടെ ദീർഘകാല വളർച്ചാ സാധ്യതകൾ മികച്ചതാണെന്നതായിരുന്നു മറുപടി. വരുന്ന 20 വര്‍ഷത്തേക്ക് ഈ ഓഹരികളില്‍ വലിയ വരുമാനം ഞാന്‍ പ്രതീക്ഷിക്കുന്നു. സാധാരണ ഓഹരി നിക്ഷേപകര്‍ പി-ഇ (പ്രൈസ് ടു ഏണിംഗ് റേഷ്യോ ഓഹരി വിലയും അതിലെ ലാഭവിഹിതവും തമ്മിലുള്ള അനുപാതം) അനുപാതം നോക്കി നിക്ഷേപിക്കുന്ന സാഹചര്യമല്ല അദാനി ഓഹരികളുടെ കാര്യത്തിലുള്ളത്. കാരണം അടിസ്ഥാനസൗകര്യങ്ങളായ വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും വന്‍സ്വത്താണ് അദാനിയുടെ കൈകളില്‍ ഉള്ളത്.- രാജീവ് ജെയിന്‍ പറഞ്ഞു.
ഞാന്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യവികസനം എന്നിവയെ സഹായിക്കുന്ന കമ്പനികളിൽ നിക്ഷേപം നടത്താൻ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ എയർ ട്രാഫിക്കിൽ 25% അദാനി നടത്തുന്ന എയർപോർട്ടുകളിലൂടെ കടന്നു പോവുന്നു. 25 മുതൽ 40 ശതമാനം വരെയുള്ള ഇന്ത്യയുടെ ചരക്ക് കടത്തും അദാനിയുടെ തുറമുഖങ്ങളിലൂടെയാണ് കടന്നു പോവുന്നതെന്നും രാജീവ് ജെയിന്‍ വിലയിരുത്തി.
ഇന്ത്യയിൽ നിന്നും യുഎസിലേക്ക് മാറിയ രാജീവ് ജെയിൻ ദശാബ്ദങ്ങളുടെ പരിചയസമ്പത്തുള്ള നിക്ഷേപകനാണ്. പരമ്പരാഗത നിക്ഷേപരീതികളെ ധൈര്യത്തോടെ സമീപിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ഏഴു വർഷങ്ങൾക്കുള്ളിൽ ജിക്യുജി ഇൻവെസ്റ്റ്മെന്‍റിനെ 9200 കോടി ഡോളർ എന്ന ഭീമന്‍ കമ്പനിയാക്കി മാറ്റിയത് അദ്ദേഹമാണ്. ഒരു ഓഹരി വിപണിയിലെ അടിസ്ഥാന ഫണ്ടുകളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനവും ജിക്യുജി ഇൻവെസ്റ്റ്മെന്റ് നടത്തിയിട്ടുണ്ട്.
വലിയ തുക ഇൻഡിവിഡ്വൽ ഓഹരികളിൽ നിക്ഷേപിക്കുന്നതാണ് ജെയിനിന്റെ രീതി. സ്വയം ഒരു നിലവാരമുള്ള ഗ്രോത്ത് മാനേജർ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. നിക്ഷേപം അതിജീവനത്തിന്റെ ഗെയിമാണെന്ന് ജെയിനിനെ പരാമർശിക്കവെ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
സിംഗപ്പൂരിലും ഹോങ്കോങ്ങിലും വിദേശ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കാന്‍ അദാനി നടത്തിയ റോഡ് ഷോ വന്‍ വിജയമായിരുന്നു. അദാനി കമ്പനികളില്‍ പണം നിക്ഷേപിക്കാന്‍ പല ഗ്രൂപ്പുകളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിന് പിന്നാലെ ഇനി ലണ്ടന്‍, ദുബായ്, യുഎസ് എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ റോഡ് ഷോ നടക്കും. അതോടെ കൂടുതല്‍ നിക്ഷേപകര്‍ രംഗത്തെത്തുമെന്ന് കരുതുന്നു.
ഇപ്പോള്‍ അദാനി കമ്പനി അന്താരാഷ്‌ട്ര ബാങ്കുകളിലും ഇന്ത്യയിലെ ചില ധനകാര്യസ്ഥാപനങ്ങളിലും പണയം വെച്ച ചില ഓഹരികള്‍ കൂടി തിരിച്ചെടുക്കുകയാണ്. അതിനായി 7347 കോടി രൂപയാണ് ചെലവാക്കാന്‍ പോകുന്നത്. ഇത് പ്രകാരം അദാനി പോര്‍ട്സിന്റെ 15.5 കോടി ഓഹരികളും അദാനി എന്‍റര്‍പ്രൈസസിന്റെ 3.1 കോടി ഓഹരികളും അദാനി ട്രാന്‍സ്മിഷന്റെ 3.6 കോടി ഓഹരികളും അദാനി ഗ്രിന്‍ എനര്‍ജിയുടെ 1.1 കോടി ഓഹരികളും സ്വതന്ത്രമാകും.
കഴിഞ്ഞ മാസത്തില്‍ മാത്രം വായ്‌പാതിരിച്ചടവ് എന്ന നിലയില്‍ 11000 കോടി രൂപ അദാനി ഗ്രൂപ്പ് നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 മുന്‍പ് തന്നെ ഓഹരികള്‍ പണയം വെച്ച് നേടിയ വായ്‌പകളിലുള്ള തിരിച്ചടവ് ബാധ്യതകള്‍ തീര്‍ക്കുമെന്ന് അദാനി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: