ടി. പ്രവീണ്‍
മലപ്പുറം: ദേശാഭിമാനി മഞ്ചേരി ബ്യൂറോ ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി. സ്വന്തം പാര്‍ട്ടി പത്രത്തിലെ ജീവനക്കാരനെ ബ്രാഞ്ച് സെക്രട്ടറി തന്നെ പത്ര ഓഫീസില്‍ കയറി ഗുണ്ടകളെ പോലെ ഭീഷണിപ്പെടുത്തുകയും കായികമായി കൈകാര്യം ചെയ്യുകയും ചെയ്തത് പാര്‍ട്ടിക്ക് കടുത്ത നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പരസ്യപ്രതിഷേധത്തിനൊരുങ്ങിയ മാധ്യമ പ്രവര്‍ത്തകരെ സിപിഎം നേതൃത്വം ബന്ധപ്പെട്ടിരുന്നു. പാര്‍ട്ടി യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. അക്രമം നടത്തിയ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ച് ചീത്തപ്പേരിനെ മറികടക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. എന്നാല്‍ ജില്ല കമ്മിറ്റിയിലെ നേതാക്കള്‍ ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കുന്ന നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.
സിപിഎം മഞ്ചേരി കോവിലകം കുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ബ്രാഞ്ചില്‍ ഉയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം മര്‍ദനമേറ്റ ദേശാഭിമാനി ലേഖകന്‍ ടി.വി. സുരേഷിനെ വിളിച്ച് ഏര്യ നേതൃത്വം വിവരങ്ങള്‍ തിരക്കി. ഇതിന് ശേഷം ബ്രാഞ്ച് സെക്രട്ടറിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഏര്യയ സെക്രട്ടറി പി.കെ. മുബഷീര്‍ വിശദീകരണവും തേടിയിരുന്നു.
മദ്യപിച്ചെത്തി ലേഖകനെ ആക്രമിച്ച സംഭവത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തതില്‍ ഏര്യകമ്മിറ്റിയിലും അഭിപ്രായവ്യത്യസമുണ്ട്. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും നടപടി എടുക്കണമെന്നുമാണ് ഭൂരിപക്ഷം ബ്രാഞ്ച് അംഗങ്ങളുടെയും നിലപാട്. ഇതിനെ എതിര്‍ത്ത ഏതാനും ബ്രാഞ്ച് അംഗങ്ങളുമായി വാക്കുതര്‍ക്കവും ഉണ്ടായി. പാര്‍ട്ടി നടപടിക്രമങ്ങള്‍ പാലിച്ച് അച്ചടക്കനടപടി വിശദമായി അന്വേഷിച്ച് വേണ്ട നടപടികള്‍ എടുക്കും എന്ന പത്ര കുറിപ്പ് ഇറക്കി ഏരിയാ സെക്രട്ടറി യോഗം പിരിച്ചു വിടുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇനി ലോക്കല്‍ കമ്മിറ്റി ചേരും. ഇതിന് ശേഷം കോവിലകംകുണ്ട് ബ്രാഞ്ച് കമ്മിറ്റി വിളിച്ചുചേര്‍ക്കും. ലേഖകന്‍ സുരേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശാഭിമാനിയെ സമീപിക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാട്.
പോലീസില്‍ നല്കിയ പരാതിയിലും പാര്‍ട്ടി ഇടപെടില്ല. ചൊവ്വാഴ്ച വൈകീട്ട് മുന്നോടെയാണ് ബ്രാഞ്ച് സെക്രട്ടറിയുംടെ നേതൃത്വത്തില്‍ മൂന്നംഗ സംഘം ദേശാഭിമാനി ഓഫീസില്‍ അക്രമം നടത്തിയത്. മദ്യലഹരിയില്‍ എത്തിയ സംഘം ഓഫീസില്‍ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും വാരിവലിച്ചു താഴെയിട്ടു. സമീപത്തെ മാതൃഭൂമി ഓഫീസിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറിയ ലേഖകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്ര ഓഫീസുകളില്‍ നടന്ന അക്രമ സംഭവങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം ഏരിയ കമ്മിറ്റി വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കി. ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതില്‍ പങ്കാളികളായിട്ടുണ്ടെങ്കില്‍ പരിശോധിച്ചു സംഘടനാപരമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഏരിയ സെക്രട്ടറി പി.കെ. മുബഷീര്‍ പറഞ്ഞു. എങ്കിലും തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലേഖകനെ മറ്റൊരു സ്ഥലത്തേയ്ക്ക് സ്ഥലംമാറ്റുകയും ബ്രഞ്ച് സെക്രട്ടറിക്ക് തത്ക്കാലിക സസ്പെന്‍ഷനും കൊടുത്ത് മുഖം രക്ഷിക്കുവാനാണ് പാര്‍ട്ടി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: