ന്യൂദല്‍ഹി : ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മക്കളുടെ വീടുകളിലും ആര്‍ജെഡി നേതാക്കളുടെ വീടുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തെരച്ചില്‍. തേജസ്വി യാദവ്, രാഗിണി യാദവ്, ചന്ദാ യാദവ്, ഹേമ യാദവ് എന്നിവരുടെ വീടുകളിലും, ആര്‍ജെഡി മുന്‍ എംഎല്‍എ അബു ഡോജന എന്നിവരുമായി ബന്ധപ്പെട്ട പട്ന, ഫുല്‍വാരി ഷെരീഫ്, ദല്‍ഹി-എന്‍സിആര്‍, റാഞ്ചി, മുംബൈ എന്നിവിടങ്ങളിലെ സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.
കേന്ദ്രമന്ത്രിയായിരിക്കേ 2009ല്‍ റെയില്‍വേയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്കി ഭൂമി കൈക്കൂലിയായി വാങ്ങിയന്നാണ് ലാലുവിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച സിബിഐ ലാലു പ്രസാദിനേയും ഭാര്യ റാബറി ദേവിയേയും ചോദ്യം ചെയ്തിരുന്നു. അതിനുപിന്നാലെയാണ് ഇഡിയുടെ തെരച്ചില്‍.
കോഴ ആരോപണത്തില്‍ റാബ്റി ദേവിക്കും മറ്റ് 14 പേര്‍ക്കുമെതിരെ സിബിഐ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാ പ്രതികളെയും അടുത്ത ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സമന്‍സ് അയച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം ഫയല്‍ ചെയ്ത ഇഡി കേസ് ഈ സിബിഐ പരാതിയില്‍ നിന്നാണ്. ഈ കേസില്‍ ലാലു പ്രസാദിനെയും റാബ്റി ദേവിയെയും അടുത്തിടെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2022 മേയിലാണ് സിബിഐ കേസെടുത്തത്. 15 ന് കേസ് ദല്‍ഹി കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: