കൊച്ചി : എട്ട് ദിവസത്തോളമായിട്ടും ബ്രഹ്മപുരത്തു നിന്നുള്ള പുകയ്ക്ക് ശമനം ആയില്ല. മാലിന്യമല ഇളക്കുന്നതിനായി കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഇവിടേയ്ക്ക് എത്തിക്കുകയും ഹെലിക്കോപ്ടറിലൂടെ വെള്ളം ഒഴിക്കുകയും ഇപ്പോഴും തുടരുന്നുണ്ട്. മാലിന്യപ്ലാന്റിന് തീ പിടിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അണയ്ക്കാന്‍ കഴിയാത്തത് അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മലകള്‍ കത്തിയതിലൂടെ അന്തരീക്ഷത്തിലേക്കുയര്‍ന്ന രാസ സംയുക്തങ്ങളായ ഡയോക്സിനുകള്‍ ഭാവിയിലും ഗുരുതര ആരോഗ്യ പ്രതിസന്ധിയായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പ്ലാസ്റ്റിക് കത്തി വിഷപ്പുക ഉയരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ഇത്തരം അന്തരീക്ഷത്തില്‍ അധിക നേരം ചെലവഴിക്കാതെ മാറി നില്ക്കാന് ശ്രദ്ധിക്കണം. കുട്ടികളില്‍ തുടര്‍ച്ചയായ ചുമ, ആസ്ത്മയുള്ളവരില്‍ രോഗം കൂടുതല്‍, ആസ്ത്മയില്ലാത്ത കുട്ടികളില്‍ പോലും ബ്രോങ്കൈറ്റിസിന് സാധ്യത തുടങ്ങിയവയ്ക്കും സാധ്യത കൂടമെന്നാണ് വിലയിരുത്തല്‍.
അതേസമയം വിഷപുകയുടെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോര്പ്പറേഷന്, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട്- പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്ന് തീകെടുത്താനുള്ള ഊര്‍ജ്ജിത നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു. മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റര്‍ പ്ലാന്‍ വേണമെന്നാണ് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനു പിന്നാലെയാണ് ബ്രഹ്മപുരത്തെ തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂന്ന് സ്ഥലങ്ങളില്‍ സംസ്കരിക്കും. ജൈവമാലിന്യ സംസ്കരണത്തിനുള്ള വിന്‍ഡ്രോ കന്പോസ്റ്റിംഗ് സംവിധാനത്തിന്റെ തകരാര്‍ ഉടന്‍ പരിഹരിക്കും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം മേയറും കളക്ടറും ഉള്‍പ്പെട്ട സമിതിയ്ക്ക്. മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗങ്ങള്‍ ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: