ന്യൂദല്‍ഹി: അദാനിയ്‌ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കമ്പനിയെ പൊളിക്കാമെന്ന് വ്യാമോഹിച്ചവര്‍ ഓടിരക്ഷപ്പെട്ടിരിക്കുകയാണ്. അദാനി ഓഹരികള്‍ ആറാം ദിവസമായ ബുധനാഴ്ച കൂടി കുതിച്ചുയര്‍ന്നതോടെ വിമര്‍ശകരുടെ നാവടങ്ങിയ മട്ടാണ്. കഴിഞ്ഞ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ അദാനിഗ്രൂപ്പിന്റെ ആസ്തിയില്‍ 2.2 ലക്ഷം കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ബുധനാഴ്ചയും അദാനി എന്‍റര്‍പ്രൈസസ് (56 രൂപ കൂടി 2039 രൂപ), അദാനി പോര്‍ട്സ് (21രൂപ കൂടി 712 രൂപ) അദാനി ഗ്രീന്‍ (29 രൂപ കൂടി 619 രൂപ), അദാനി ട്രാന്‍സ്മിഷന്‍ (39 രൂപ കൂടി 820 രൂപ), അദാനി ഗ്യാസ് (41 രൂപ വര്‍ധിച്ച് 861 രൂപ) എന്നിങ്ങനെ ഒട്ടുമിക്ക അദാനി ഓഹരികളുടെയും വില കുതിച്ചുയര്‍ന്നു. ഓഹരി വിപണിയ്‌ക്ക് തന്നെ ഇത് ഉണര്‍വ്വേകിയിരിക്കുകയാണ്.
അദാനി ഗ്രൂപ്പ് അടയ്‌ക്കേണ്ട വായ്പാ തിരിച്ചടവായ 7,374 കോടി രൂപ ബുധനാഴ്ച തന്നെ തിരിച്ചടച്ചതായുള്ള അദാനി ഗ്രൂപ്പിന്റെപ്രഖ്യാപനമാണ് അദാനി ഓഹരികളെ വീണ്ടും ഓഹരിവിപണിയിലെ പ്രിയങ്കരരാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന വായ്പാ തിരിച്ചടവുകളും നേരത്തെ തന്നെ കൊടുത്തുതീര്‍ക്കുമെന്നും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. വായ്പാതിരിച്ചടവുകള്‍ക്ക് അദാനിയുടെകയ്യില്‍ പണമില്ലെന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിവിട്ട ആശങ്കകളില്‍ പ്രധാനം.ഇത് പൊളിഞ്ഞു. ഇതോടെ മ്യൂച്വല്‍ ഫണ്ടുകളും വിദേശനിക്ഷേപകരും സാദാ റീട്ടെയില്‍ ഓഹരി ഇടപാടുകാരും അദാനി ഷെയറുകള്‍ വാരിക്കൂട്ടുകയാണ്. അദാനി ഓഹരികളെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കിയത് ആസ്ത്രേല്യയിലെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഇന്ത്യക്കാരനായ രാജീവ് ജെയിന്‍ സിഇഒ ആയ ജിക്യുജി പാര്‍ട്നേഴ്സ് എന്ന കമ്പനിയുടെ അസാധാരണ നീക്കമാണ്. ഏകദേശം 15,446 കോടി രൂപയാണ് ജിക്യുജി ഒറ്റയടിക്ക് നാല് അദാനി ഓഹരികളില്‍ ഇറക്കിയത്. അദാനി കുടുംബത്തില്‍ നിന്നാണ് ജിക്യുജി ഓഹരികള്‍ വാങ്ങിയത്.
ഏറ്റവുമൊടുവില്‍ അദാനിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധിയ്‌ക്ക് വേണ്ടി രംഗത്തെത്തിയത് സാക്ഷാല്‍ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ്. ഭാരത് ജോഡോ യാത്രയില്‍ പരസ്യമായി രാഹുല്‍ഗാന്ധിയ്‌ക്ക് പിന്തുണ നല്‍കി നടന്ന സാമ്പത്തിക വിദഗ്ധനാണ് ചിദംബരത്തിന്റെ അനുചരന്‍ കൂടിയായ രഘുറാം രാജന്‍. കോണ്‍ഗ്രസ് നേതാക്കളുടെവിമര്‍ശനം പോരെന്ന് തോന്നിയപ്പോഴാണ് രഘുറാം രാജനെ ഇറക്കിയത് എന്നും വിമര്‍ശനമുണ്ട്.
മൗറീഷ്യസിലെ സംശയത്തിന്റെ നിഴലിലുള്ള നാല് കമ്പനികള്‍ 690 കോടി ആസ്തിയുടെ 90 ശതമാനവും അദാനി ഓഹരികളില്‍ നിക്ഷേപിച്ചതിനെക്കുറിച്ച്എന്തുകൊണ്ട് ഓഹരിവിപണി നിയന്ത്രിക്കുന്ന സെബി അന്വേഷിച്ചില്ല എന്ന ചോദ്യമുയര്‍ത്തിയാണ് രഘുറാം രാജന്‍ രംഗത്ത് വന്നത്. ഇലാറ ഇന്ത്യ ഓപ്പര്‍ചുണിറ്റീസ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, അല്‍ബുല ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്,എപിഎംഎസ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് എന്നീ കമ്പനികള്‍ സംശയാസ്പദമായ രീതിയില്‍ അദാനി കമ്പനികളില്‍ വന്‍തുക നിക്ഷേപിച്ചു എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് രഘുറാം രാജന്റെ ആരോപണം. ഇതെല്ലാം കടലാസ് കമ്പനികളാണെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തുന്ന ആരോപണം.
എന്നാല്‍ സെബി അനൗദ്യോഗികമായി നടത്തിയ അന്വേഷണത്തില്‍ കാര്യമായ അഴിമതികണ്ടെത്തിയില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴും അന്വേഷണം തുടരുന്നുവെങ്കിലും അന്തിമറിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: