കാലാവസ്ഥ വ്യതിയാനത്തിന്റെയും പരിസ്ഥിതി നശീകരണത്തിന്റെയും ഫലമായി എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളെ ഒരു മഹാദുരന്തത്തിലാഴ്ത്തിയിരിക്കുകയാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണനിലയത്തിലെ തീപിടുത്തം. യഥാവിധി സംസ്കരിക്കപ്പെടാതിരുന്ന മാലിന്യമലകള്‍ക്ക് തീപിടിക്കുകയും ദിവസങ്ങളോളം നിന്നു കത്തുകയുമായിരുന്നു. ഇതില്‍നിന്ന് ഉയര്‍ന്ന വിഷമയമായ പുക അനവധി കിലോമീറ്റര്‍ ദൂരത്തില്‍ പരക്കുകയും, ജനജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിക്കുകയും ചെയ്തു. വാഹനങ്ങള്‍ ഓടിക്കാനോ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പോകാനോ കഴിഞ്ഞില്ല. പുറത്തിറങ്ങിയാല്‍ കണ്ണുനീറുമെന്നതിനാല്‍ വളരെയധികം പേര്‍ക്ക് വീട്ടില്‍ അടച്ചിരിക്കേണ്ട സ്ഥിതി വന്നു. ആസ്മ മുതലായ ശ്വാസകോശ രോഗങ്ങളുള്ളവര്‍ പുക ശ്വസിച്ച് അങ്ങേയറ്റം വിഷമത്തിലായി. ഇനി എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകാന്‍ പോകുന്നതെന്ന് പ്രവചിക്കാനാവില്ല. വിശദമായ പഠനങ്ങള്‍ നടത്തിയാലെ ഇതുസംബന്ധിച്ച ധാരണ ലഭിക്കുകയുള്ളൂ. ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അധികൃതര്‍ മൗനം പാലിക്കുകയാണ്. അതീവ ഗുരുതരമായ ഒരു സംഭവത്തെ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നായി ലഘൂകരിച്ചു കാണുകയാണ് അധികൃതര്‍. ജനങ്ങളുടെ പ്രതിഷേധവും ആശങ്കയും മുഖവിലയ്ക്കെടുക്കാന്‍ അവര്‍ തയ്യാറല്ല. തങ്ങളുടെ മുന്‍ഗണനകള്‍ വേറെ ചിലതാണെന്ന രീതിയിലാണ് പെരുമാറ്റം. തീയുണ്ടായാല്‍ പുകയുണ്ടാവും, അതിന്റെ പേരില്‍ എന്തിനാണ് ഇത്ര കോലാഹലമുണ്ടാക്കുന്നത് എന്ന മനോഭാവമാണ് ഇക്കൂട്ടരെ നയിക്കുന്നത്. ചുരുക്കത്തില്‍ ബ്രഹ്മപുരത്തെ അഗ്നിബാധയെയും പുകപടലത്തെയും ഒരു പരിസ്ഥിതി ദുരന്തമായി കാണാന്‍ അവര്‍ തയ്യാറാവുന്നില്ല.
ബ്രഹ്മപുരത്ത് സംഭവിച്ചതിന്റെയെല്ലാം സമാധാനം പറയേണ്ടത് കൊച്ചി കോര്‍പ്പറേഷനാണ്. എന്നാല്‍ തീയണയ്ക്കാന്‍ പുഴയില്‍ വെള്ളമുണ്ടായില്ല എന്നതുപോലുള്ള നിരുത്തരവാദപരമായ മറുപടിയാണ് കോര്പ്പറേഷന് ഭരണസമിതിയില്‍നിന്നുണ്ടായത്. പ്രശ്നം എങ്ങനെ വേണമെങ്കിലും ചര്‍ച്ച ചെയ്യാമെന്നാണ് മേയര്‍ നല്കിയ വാഗ്ദാനം! ചര്‍ച്ചയൊക്കെ പിന്നീട്. തീയണയ്ക്കുന്നതുള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയായിരുന്നു വേണ്ടത്. ഇതില്‍ കോര്പ്പറേഷന് ഭരണസമിതി പൂര്‍ണമായി പരാജയപ്പെട്ടു. ഇതിനു മുന്‍പ് ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായപ്പോള്‍ സമീപത്തെ ഒരു കുന്നില്‍നിന്ന് പ്രത്യേകാനുമതി സമ്പാദിച്ച് മണ്ണെടുത്തുകൊണ്ടുവന്ന് വിതറിയാണ് അത് കെടുത്തിയത്. ഇങ്ങനെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാതിരുന്നതിന്റെ കാരണമെന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മറ്റിടങ്ങളിലെ മാലിന്യം ടണ്‍ കണക്കിന് ബ്രഹ്മപുരത്ത് കൊണ്ടുവരുന്നതല്ലാതെ അത് ശരിയായി സംസ്കരിക്കാനുള്ള സംവിധാനങ്ങളൊന്നും അവിടെയില്ല. ഈ സംസ്കരണനിലയത്തിന് മാലിന്യ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിപോലും ലഭിച്ചിട്ടില്ലെന്നറിയുമ്പോള്‍ എത്ര ഗുരുതരമായ അനാസ്ഥയാണ് കോര്പ്പറേഷന് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാണല്ലോ. മാലിന്യനിര്‍മാര്‍ജനത്തിന് കോടിക്കണക്കിന് രൂപയുടെ നികുതിപ്പണം ഒഴുക്കിയിട്ടും എന്തുകൊണ്ട് അത് നടക്കുന്നില്ല എന്നതിന് ഉത്തരം ലഭിക്കണം. ശാസ്ത്രീയമായി സംസ്കരിക്കാതെ കുന്നുകൂടുന്ന മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് അജ്ഞത നടിച്ച് ജനങ്ങളുടെ ജീവിതത്തെ മാറാരോഗങ്ങള്‍ക്കും പകര്‍ച്ച വ്യാധികള്‍ക്കും വിട്ടുകൊടുക്കുന്നവരെ സാമൂഹ്യവിരുദ്ധര്‍ എന്നുതന്നെയല്ലെ വിളിക്കേണ്ടത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്തുകൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ കോര്പ്പറേഷന് അധികൃതരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. തീപിടുത്തം മനുഷ്യനിര്‍മിതമാണോ എന്ന് കോടതി ആരാഞ്ഞതിനെക്കുറിച്ചാണ് അന്വേഷണം വേണ്ടത്.
ബ്രഹ്മപുരത്ത് ഉണ്ടായത് സ്വഭാവിക തീപിടുത്തമല്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മാലിന്യസംസ്കരണത്തിന് കരാറെടുത്തിരിക്കുന്നത് ഒരു പ്രമുഖ സിപിഎം നേതാവിന്റെ മരുമകന്റെ കമ്പനിയാണ്. മതിയായ യോഗ്യതകളില്ലാതിരുന്നിട്ടും ഈ കമ്പനിക്ക് കോടികളുടെ കരാര്‍ നല്കിയതും, പിന്നീട് മേയര്‍ ഇടപെട്ട് തുക വര്‍ധിപ്പിച്ചു നല്കിയതും വലിയ അഴിമതിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കെഎസ്ഐഡിസിയാണ് പക്ഷപാതപരമായി ടെണ്ടര്‍ നല്‍കിയതെന്നാണ് അറിയുന്നത്. കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെ മാലിന്യ സംസ്കരണം നടക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി വന്നതോടെ പരാതി സംബന്ധിച്ച പരിശോധന അസാധ്യമാക്കുംവിധം മാലിന്യമലയ്ക്ക് ബോധപൂര്‍വം തീയിടുകയായിരുന്നുവത്രേ. ഫലപ്രദമായ രീതിയില്‍ തീയണയ്ക്കാന്‍ കൂട്ടാക്കാതിരുന്നതും, സംസ്കരണ നിലയത്തിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാനാവാത്തവിധം മാര്‍ഗതടസ്സമുണ്ടാക്കിയതുമൊക്കെ വലിയൊരു ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എല്ലാം പരിശോധിക്കാമെന്നു പറയുന്നതല്ലാതെ ആരോപണങ്ങളോട് വ്യക്തമായി പ്രതികരിക്കാന്‍ കോര്പ്പറേഷന് അധികൃതര്‍ തയ്യാറാവാത്തതും അഴിമതിയുടെ തെളിവായി കണക്കാക്കാം. ഇടതുമുന്നണി ഭരണത്തിന് കീഴില്‍ കേരളത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ബീഭത്സമുഖമാണ് ബ്രഹ്മപുരത്തും ദൃശ്യമാകുന്നത്. സിപിഎം എന്ന പാര്‍ട്ടിക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും പണമുണ്ടാക്കാന്‍ ജനങ്ങളുടെ ജീവന്‍പോലും അപകടപ്പെടുത്തുന്ന രീതിയാണിത്. ഇതിലുള്‍പ്പെടുന്ന ജനശത്രുക്കളെ അവര്‍ എത്ര ഉന്നതരായാലും പുറത്തുകൊണ്ടുവരണം. അടിമുടി അഴിമതി നിറഞ്ഞിരിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തെ വിശ്വസിക്കാനാവില്ല. കോടതിയുടെ ശക്തമായ ഇടപടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: