കൊച്ചി : ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളകടര്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജില്ലാ കളക്ടര്‍ രേണുരാജ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍നോടും ബുധനാഴ്ച ഹാജരാകാനും വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കോടതി ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് നാളെയും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. തിങ്കളാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്‌ക്ക് കേസ് പരിഗണിക്കുന്നതിന് മുന്‍പുതന്നെ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവരോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ജില്ലാ കളക്ടര്‍ രേണു രാജിനോടും കോടതിയിലേക്ക് എത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കളക്ടര്‍ ഹാജരായില്ല. പകരം ദുരന്ത നിവാരണ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥയാണ് കോടതിയിലെത്തിയത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
കേസ് പരിഗണിച്ച ജഡ്ജിമാരില്‍ ഒരാള്‍, ശനിയാഴ്ച താന്‍ നടക്കാനിറങ്ങിയപ്പോള്‍ കടുത്ത പുകയുണ്ടായിരുന്നെന്നും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രഭാതസവാരി അവസാനിപ്പിച്ച് മടങ്ങിപ്പോകേണ്ടിവന്നുവെന്നും പറഞ്ഞു. തന്റെ അയല്‍ക്കാരിയായ കളക്ടര്‍ക്ക് ഇതുവരെ പുകയുടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലേയെന്ന് കോടതി പരിഹാസരൂപേണ ചോദിച്ചു. അങ്ങനെയെങ്കില്‍ കളക്ടര്‍ കോടതിയിലേക്ക് എത്തി കാര്യങ്ങള്‍ പറഞ്ഞാല്‍ കളക്ടര്‍ സ്വീകരിച്ചതു പോലുള്ള മുന്‍കരുതല്‍ തങ്ങള്‍ക്കും എടുക്കാമല്ലോ എന്ന് കോടതി വാക്കാല്‍ പറഞ്ഞു.കളക്ടര്‍ രേണു രാജ് ബുധനാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
എന്നാല്‍ ബുധനാഴ്ച ഉച്ചയോടെ തീയും പുകയും അവസാനിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയില്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ കേസ് ബുധനാഴ്ച ഉച്ചയ്‌ക്കു ശേഷം 1.45ന് കേസ് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കൂടാതെ ബ്രഹ്‌മപുരത്തെ അഗ്‌നിബാധ മനുഷ്യനിര്‍മിതമാണോയെന്നും കോടതി ആരാഞ്ഞു. ഇത്തരത്തിലുളള അഗ്‌നിബാധ രാജ്യത്ത് പലയിടത്തും സംഭവിക്കുന്നുണ്ടെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ഇതിന് മറുപടി നല്‍കി.
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിന് എന്ത് നടപടിയെടുത്തുവെന്ന് കോടതി ആരാഞ്ഞു. സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്നും ബോധവത്കരണവും നടത്തുന്നുണ്ടെന്നുമായിരുന്നു കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ മറുപടി. മാലിന്യം തള്ളുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടിയും അറിയിച്ചു. എന്നാല്‍ ജൂണ്‍ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സംവിധാനം കാര്യക്ഷമമാക്കണം. നിയമം അനുസരിക്കാത്ത ആരെയും വെറുതെ വിടരുത് എന്ന് കോര്‍പറേഷന്‍ സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചു. ഇതിന് വേണ്ടി ഉത്തരവിടാം. പക്ഷെ ഉത്തരവാദിത്വപ്പെട്ടവര്‍ കാര്യക്ഷേമമായി കാര്യങ്ങള്‍ നടപ്പാക്കണം. എന്താണ് എങ്ങനെ ആണ് ചെയ്യേണ്ടത് എന്നുള്ള ഡീറ്റൈല്‍ഡ് റിപ്പോര്‍ട്ട് ബുധനാഴ്ച തരണമെന്നും കോടതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: