മിയാമി: വിസ പ്രശ്നത്തില്‍ കുടുങ്ങി വീണ്ടും നൊവാക് ദ്യോകൊവിച്ച്. യുഎസ് വിസ നിഷേധിച്ചതോടെ ഇന്നലെ തുടങ്ങിയ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരമായ ദ്യോകൊവിച്ച് പിന്മാറി. താരം പിന്മാറുകയാണെന്ന് ടൂര്‍ണമെന്റ് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നികൊളസ് ബാസിലഷ്വിലിയാകും പകരം കളിക്കുക.
യുഎസിലെ കൊവിഡ് നിയന്ത്രണങ്ങളാണ് താരത്തിന് തിരിച്ചടിയായത്. വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് യുഎസ് വിസ അനുവദിക്കാറില്ല. മെയ് 19നാണ് രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നത്. വാക്സിന് സ്വീകരിക്കില്ലെന്ന് നിലപാടെടുത്ത വ്യക്തിയാണ് ദ്യോകൊ. വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദ്യോകൊ യുഎസ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ തീരുമാനമായിട്ടില്ല. ഇതോടെയാണ് പിന്മാറ്റം പ്രഖ്യാപിച്ചത്.
ദ്യോകൊയ്ക്ക് വിസ നല്‍കണമെന്നാവശ്യപ്പെട്ട് ടൂര്‍ണമെന്റ് ഡയറക്ടര്‍ ടോമി ഹാസ് കത്ത് നല്‍കിയിരുന്നു. ഫ്ളോറിഡയിലെ സെനറ്റര്‍മാരായ റിക്ക് സ്കോട്ടും മാര്‍ക്കൊ റുബിയൊയും യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്തുമയച്ചിരുന്നു. വാക്സിന് സ്വീകരിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ദ്യോകൊയ്ക്ക് നഷ്ടമായി. ഓസ്ട്രേലിയയിലെത്തിയെങ്കിലും താരത്തെ ക്വാറന്റൈനിലാക്കി തിരിച്ചയച്ചു. ഈ വര്‍ഷം ഓസ്ട്രേലിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കളിച്ച ദ്യോകൊ ടൂര്‍ണമെന്റ് ജയിച്ച് 22 ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളെന്ന റാഫേല്‍ നദാലിന്റെ റിക്കാര്ഡിനുമൊപ്പമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: