ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കില്‍ ആറ്റുകാല്‍ പൊങ്കാല അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23ന് നടന്ന പൊങ്കാലയില്‍ 1.5 മില്യണ്‍ സ്ത്രീകള്‍ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കില്‍ കയറിയത്. 2009ല്‍ പുതുക്കിയ ഗിന്നസ് റെക്കോര്‍ഡ് അനുസരിച്ച് 25 ലക്ഷം പേര്‍ പൊങ്കാലയിട്ടു.
മകരംകുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്. കൊവിഡ് കാലം കഴിഞ്ഞുള്ള ആദ്യ പൊങ്കാലയായതിനാല്‍ ഇത്തവണ പൊങ്കാലയ്‌ക്ക് വന്‍ ഭക്തജന പങ്കാളിത്തമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 6 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും.
പ്രധാനമായും അന്നപൂര്‍ണശ്വരിയായ ഭഗവതിയുടെ ഇഷ്ട നിവേദ്യമായി പൊങ്കാലയെ കണക്കാക്കുന്നു. പൊങ്കാല ഒരു ആത്മസമര്‍പ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഭക്തരുടെ ആഗ്രഹങ്ങള്‍ ആറ്റുകാലമ്മ സാധിച്ച് തരും എന്നുള്ള വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകര്‍ഷിക്കുന്നത്. പൊങ്കാലയ്‌ക്ക് മുന്‍പ് ഭക്തര്‍ വ്രതം നോല്‍ക്കുകയും ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യാറുണ്ട്. ചിലര്‍ അടുത്തുള്ള ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വ്രതം ആരംഭിക്കുന്നു.
കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അര്‍പ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്‌ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മാത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്‌ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങള്‍.
പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്‌ക്ക് വയ്‌ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്‌ക്കണം. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്; പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ, മോക്ഷത്തിന്റെ പായസമായി മാറുന്നു എന്നാണ്.
ക്ഷേത്രത്തിനു മുമ്പിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പില്‍ തീ കത്തിച്ചശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. പൊങ്കാല അടുപ്പില്‍ തീകത്തിച്ചശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയ്യാറായശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയില്‍ സാധാരണയായി ശര്‍ക്കര പായസം, ഭദ്രാ ഭഗവതിയുടെ പ്രിയ നിവേദ്യമായ കടുംപായസം അഥവാ കഠിനപായസം, വെള്ള ചോറ്, വെള്ളപായസം, എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായ ഏത് ഭക്ഷ്യ വസ്തുവും ഉണ്ടാക്കി ഭക്തിയോടെ നിവേദിക്കാം. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.
മധുരനഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഐതിഹ്യം. തന്റെ കണ്ണില്‍ നിന്നും പുറപ്പെട്ട അഗ്‌നിയില്‍ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങള്‍ പൊങ്കാല നല്‍കി എതിരേറ്റു. അതിന്റെന ഓര്‍മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം. മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങള്‍ പൊങ്കാല നല്‍കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓര്‍മ്മയില്‍ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാര്‍വതിദേവി ഒറ്റക്കാലില്‍ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികള്‍ ചേര്‍ത്തു വായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: