കൊച്ചി: അഞ്ചു സെറ്റ് ത്രില്ലറില്‍ 3-2ന് ബെംഗളൂരു ടോര്‍പ്പിഡോസിനെ തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന് പ്രൈം വോളിബോള്‍ ലീഗ് കിരീടം. സ്കോര്‍: 15-7, 15-10, 18-20, 13-15, 15-10. കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് കളി തുടങ്ങിയത്. പതുക്കെ ബെംഗളൂരു കളംപിടിച്ചു. എന്നാല്‍ അഹമ്മദാബാദ് ഗംഭീരമായി തിരിച്ചെത്തി. ഡാനിയല്‍ മൊതാസെദിയുടെ വമ്പന്‍ ബ്ലോക്കുകള്‍ അഹമ്മദാബാദിനെ മുന്നില്‍ കൊണ്ടുവന്നു. ആദ്യ സെറ്റ് 15-7ന് ആധികാരികമായി അഹമ്മദാബാദ് സ്വന്തമാക്കി.
രണ്ടാം സെറ്റിലും മികച്ച തുടക്കമായിരുന്നു അഹമ്മദാബാദിന്. 13-9ന് മുന്നിലെത്തിയ അവര്‍, തകര്‍പ്പനൊരു റാലിക്കൊടുവില്‍ 15-10ന് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ തുടര്‍ച്ചയായി ആറ് പോയിന്റുകള്‍ നേടി ബെംഗളൂരു മുന്നേറി. എന്നാല്‍, തിരിച്ചടിച്ച അഹമ്മദാബാദ് 12-12ലും 15-15ലും 17-17ലും ഒപ്പമെത്തി. ഒടുവില്‍ ബെംഗളൂരുവിന് 20-18ന്റെ ആവേശജയം. നാലാം സെറ്റിലും ബെംഗളൂരുവിന്റെ മുന്നേറ്റം. 15-13ന് അതും സ്വന്തമാക്കി.
നിര്‍ണായകമായ അഞ്ചാം സെറ്റില്‍ അംഗമുത്തുവിന്റെ സ്പൈക്കുകളിലൂടെ അഹമ്മദാബാദ് 5-2ന് ലീഡ് നേടി. അവരുടെ ബ്ലോക്കിങ്ങും മികച്ചതായി. സേതുവിന്റെ പ്രതിരോധ മികവിലൂടെ ബെംഗളൂരു ലീഡ് കുറയ്ക്കാന്‍ തുടങ്ങി. എന്നാല്‍ കഴിഞ്ഞ രണ്ട് സെറ്റുകളിലും സംഭവിച്ച പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ അഹമ്മദാബാദ് ശ്രമിച്ചു. അവര്‍ 11-7ന് ലീഡുയര്‍ത്തി. സന്തോഷിന്റെ സൂപ്പര്‍ സെര്‍വില്‍ കളി പിടിച്ച അവര്‍ 15-10ന് വിജയവും കിരീടവും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദ് ഫൈനലില്‍ തോറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: