കൊച്ചി : കൊച്ചി നഗരത്തിലെ മാലിന്യ നീക്കം താത്കാലികമായി നിര്‍ത്തിവെച്ചു. ബ്രഹ്‌മപുരം പ്ലാന്റിലെ തീ ഇനിയും അണയ്‌ക്കാനാകാത്തതിനാല്‍ വീടുകളിലെ മാലിന്യ നീക്കം താത്കാലിമായി നിര്‍ത്തിവെയ്‌ക്കുകയാണെന്ന് നഗരസഭ അറിയിച്ചു. മൂന്ന് ദിവസത്തോളമായി പ്ലാസ്റ്റിക് മാലിന്യത്തിലെ തീ അണയ്‌ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മാലിന്യ കൂമ്പാരത്തിന് അകത്തേയ്‌ക്ക് വെള്ളം പമ്പ്‌ചെയ്യാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇതിന് കാരണം.
ബ്രഹ്‌മപുരത്തെ തീ വൈകിട്ടോടെ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമമെന്ന് കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചത്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടരുകയും. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഗ്നിരക്ഷാ സേനയുടെ ഇരുപതോളം യൂണിറ്റുകളെത്തി. ഇവരുടെ ശ്രമത്തിനിടയിലും തീ കൂടുതല്‍ ഭാഗത്തേക്ക് പടരുകയാണ്.
പൂര്‍ണ്ണമായും തീ അണയ്‌ക്കാന്‍ സാധിക്കാത്തിനാല്‍ ഇത് കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളും പുകയാല്‍ മൂടിയിരിക്കുകയാണ്. ബ്രഹ്‌മപുരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പുകയാണ്. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്‌ക്കല്‍ ശ്രമം നടത്തുന്നത്. ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്സിനെ സഹായിക്കാന്‍ നാവികസേനയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ബ്രഹ്‌മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്പലമുകള്‍, പെരിങ്ങാല, ഇരുമ്പനം, കാക്കനാട് പ്രദേശങ്ങളിലാണ് പുകശല്യം കൂടുതലുള്ളത്. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായി. കോര്‍പ്പറേഷന്റെ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നു. മാലിന്യ സംസ്‌കരണത്തിനായി പ്ലാന്റിലുണ്ടായിരുന്ന നൂറോളം തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ കളക്ടറും മേയര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബ്രഹ്‌മപുരത്ത് നേവി ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി. സതേണ്‍ നേവല്‍ കമാന്‍ഡില്‍നിന്നുള്ള ഹെലികോപ്റ്റര്‍ ബ്രഹ്‌മപുരത്ത് രംഗനിരീക്ഷണം നടത്തി. നേവിയുടെ ഒരു സ്‌ക്വാഡും പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: