ന്യൂദല്‍ഹി: അദാനി ഓഹരി വിലകള്‍ ബുധനാഴ്ചയും തടസ്സമില്ലാതെ മുകളിലേക്ക് കുതിക്കുന്നു. അദാനി ഗ്രൂപ്പിന്റെ നട്ടെല്ലായ അദാനി എന്റര്‍പ്രൈസസ് ഓഹരി 215 രൂപ കുതിച്ച് 1579 രൂപയില്‍ അവസാനിച്ചു. മൂന്ന് ദിവസങ്ങളിലായി നഷ്ടത്തിന്റെ 30 ശതമാനത്തോളം തിരിച്ചുപിടിക്കാനായി.
അദാനി പോര്‍ട്സ് 9.25 രൂപ കയറി 601 രൂപയില്‍ അവസാനിച്ചു. അദാനി ഗ്രീന്‍, അദാനി വില്‍മര്‍, എന്‍ഡിടിവി ഓഹരി വിലകള്‍ അഞ്ച് ശതമാനം വീതം ഉയര്‍ന്നു. എസിസി, അംബുജ എന്നീ സിമന്റ് ഓഹരികളുടെ വിലയും കൂടി. ഇതോടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിയെ കശാപ്പുചെയ്യാമെന്ന് കരുതിയ കോണ്‍ഗ്രസ് ക്യാമ്പുകള്‍ മ്ലാനതയിലാണ്.
അദാനി നടത്തിയ സിംഗപ്പൂര്‍, ഹോങ്കോങ്ങ് റോഡ് ഷോകളാണ് തുണയായത്. മൂന്ന് ദിവസത്തെ റോഡ് ഷോ അവസാനിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അവിടെ ഒരു വിദേശ വെല്‍ത്ത് ഫണ്ട് 500 കോടി ഡോളര്‍ വരെ വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. റോയിട്ടേഴ്സ് എന്ന വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതുപോലെ മറ്റൊരു ഗ്രൂപ്പ് 80 കോടി ഡോളറും നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. ഇതോടെ അദാനി ഗ്രീന്‍ എനര്‍ജി 2024 സെപ്തംബറില്‍ നല്‍കേണ്ട 75 കോടിഡോളര്‍ വായ്പാ തിരിച്ചടവ് സംബന്ധിച്ച് ആശങ്ക ഇല്ലാതായി.
ഈ മാസം അവസാനം അടയ്ക്കേണ്ട ഓഹരികളില്മേലുള്ള വായ്പയുടെ തിരിച്ചടവ് തുകയായ 69 കോടി ഡോളര്‍ മുതല്‍ 79 കോടി ഡോളര്‍ വരെയുള്ള വായ്പ തിരിച്ചടക്കാന്‍ തയ്യാറായിക്കഴിഞ്ഞതായും അദാനി മാനേജ്മെന്റ് റോഡ് ഷോയില്‍ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ വായ്പാഭാരം കുറയ്ക്കാന്‍ അദാനി ഗ്രൂപ്പിന് കഴിയുമെന്ന് ബോധ്യപ്പെടുത്തുന്ന റോഡ് ഷോ നിക്ഷേപകരില്‍ തെല്ലൊന്നുമല്ല ആത്മവിശ്വാസം വളര്‍ത്തിയിരിക്കുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ നിഷേധിച്ച അദാനി ഗ്രൂപ്പ് ഇപ്പോള്‍ വായ്പ തിരിച്ചടവ് കൃത്യമായി നല്കാന് കഴിയുമെന്ന കാര്യം സംശയാതീതമായി വിദേശ നിക്ഷേപകര്‍ക്ക് മുന്പില് തെളിയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: