ന്യൂദല്‍ഹി: മദ്യനയ അഴിമതികേസില്‍ സിബിഐ അറസ്റ്റുചെയ്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദ്രജെയിനും രാജിവെച്ചതിനുപിന്നാലെ എംഎല്‍എമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആപ് എംഎല്‍എമാര്‍ക്കുപുറമെ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ പാര്‍ട്ടി കൗണ്‍സിലര്‍മാരും പങ്കെടുത്തു. യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട അരവിന്ദ് കേജ്രിവാള് കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ ഉറച്ചുനിന്നു.
എംഎല്‍എമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും പുതിയതായി മന്ത്രിസഭയില്‍ ഉള്‍പെടുത്തുമെന്നും അരവിന്ദ് കേജ്രിവാള് അറിയിച്ചു. അതേസമയം മനീഷ് സിസോദിയയുടെയും സത്യേന്ദ്ര ജെയിന്റെയും വകുപ്പുകളുടെ ചുമതല മന്ത്രിമാരായ കൈലാഷ് ഗഹ്ലോട്ടിനും രാജ്കുമാര് ആനന്ദിനും വീതിച്ചുനല്‍കാനുള്ള തീരുമാനത്തിന് ദല്‍ഹി ലെഫ്. ഗവര്‍ണര്‍ വി.കെ. സക്സേന അംഗീകാരം നല്കി.
എക്സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതിയുടെ സൂത്രധാരന്‍ അരവിന്ദ് കേജ്രിവാളാണെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. തിയതി രേഖപ്പെടുത്താത്ത രാജിക്കത്താണ് മനീഷ് സിസോദിയ നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാം. മുഖ്യമന്ത്രി പദത്തിലിരുന്ന് അരവിന്ദ് കേജ്രിവാള് ഭരണഘടനയെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം രാജിവെക്കണമെന്നും ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു. അരവിന്ദ് കേജ്രിവാളിന്റെ രാജിയാവശ്യപ്പെട്ട് ദല്‍ഹിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപകപ്രതിഷേധമാണ് സംഘടി പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: