ന്യൂദല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജിയാവശ്യപ്പെട്ട് ദല്‍ഹിയില്‍ വ്യാപകപ്രതിഷേധവുമായി ബിജെപി. അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണ് ആപ് സര്‍ക്കാരെന്ന് ബിജെപി ആരോപിച്ചു. എക്സൈസ് നയവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ അഴിമതി കേസില്‍ മന്ത്രി മാത്രമല്ല മുഖ്യമന്ത്രിയും രാജി വെക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ ബിജെപി ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
എക്സൈസ് നയത്തിലെ മുഴുവന്‍ അഴിമതിയുടെയും സൂത്രധാരന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണെന്ന് ബിജെപി എംഎല്‍എയും നിയമസഭാ പ്രതിപക്ഷ നേതാവുമായ രാംവീര് സിങ് ബിധുരി ആരോപിച്ചു. കഴിഞ്ഞ ഒമ്പത് മാസമായി ജയിലിലുള്ള മന്ത്രി സത്യേന്ദ്രജെയിന് ഇപ്പോഴാണ് രാജിവെച്ചത്. എന്തുകൊണ്ട് നേരത്തെ രാജി ചോദിച്ചു വാങ്ങിയില്ല. എക്സൈസ് നയവുമായി ബന്ധപ്പെട്ട് നടത്തിയത് ഏറ്റവും വലിയ അഴിമതിയാണ്, അതിന് മന്ത്രി മനീഷ് സിസോദിയ മാത്രമല്ല ഉത്തരവാദി. മുഖ്യമന്ത്രിയും ഉത്തരവാദിയാണ്. മുഖ്യമന്ത്രി രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മന്ത്രിമാര്‍ അഴിമതിയുടെ പേരില്‍ രാജിവെച്ച സര് ക്കാറിന് ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രിയും രാജി വെക്കണമെന്ന് ദല്‍ഹി ബിജെപി വര്‍ക്കിങ് പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ നിരപരാധിയാണെ ന്നാണ് കേജ്രിവാള് പറയുന്നത്, അങ്ങനെയെങ്കില്‍ സുപ്രീംകോടതി എന്തുകൊണ്ട് കേസില്‍ ഇടപെട്ടില്ല. ഇരുവരുടെയും രാജി മുഖ്യമന്ത്രി സ്വീകരിച്ചതെന്തിനെന്നും അദ്ദേഹം ചോദിച്ചു.
അരവിന്ദ് കേജ്രിവാളിനും ഉടന്‍ രാജി വെക്കേണ്ടി വരുമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു. അന്വേഷണം അധികം വൈ കാതെ കേജ്രി വാളിലേക്ക് എത്തുമെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ച ആപ് സര്‍ക്കാരിനെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: