കൊച്ചി: ചിന്ത ജെറോമിനെതിരെ വിജിലന്‍സില്‍ പരാതി നൽകിയ ശേഷം ജീവന് ഭീഷണി നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവിന് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു സുനില്‍ പന്തളത്തിന്റെ ജീവന് സംരക്ഷണം നല്‍കാനാണ് ഹൈക്കോടതി കൊല്ലം ജില്ലാ പോലീസ് മേധാവി, കൊട്ടിയം എസ് എച്ച് ഒ, കൊല്ലം വെസ്റ്റ് പോലീസ് എന്നിവർക്ക് നിര്‍ദേശം നല്‍കിയത്.
.ചിന്ത ജെറോം, ചിന്തയും അമ്മയും ഒന്നരവര്‍ഷത്തോളം താമസിച്ചിരുന്ന ആയുര്‍വേദ റിസോർട്ടിന്റെ ഉടമ എന്നിവരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് വിഷ്ണു സുനിൽ പന്തളം ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം മന്ത്രി പി രാജീവിന് നേരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ വിഷ്ണു സുനിലിനെയും സഹപ്രവർത്തകരെയും കൊല്ലം ചിന്നക്കടയിൽ വെച്ച് ഡിവൈഎഫ്ഐ പ്രവർത്തകര്‍ മര്‍ദ്ദിച്ചവശരാക്കിയിരുന്നു. ഇത് ചിന്തയുടെ നിര്‍ദേശപ്രകാരമാണോ എന്ന് വിഷ്ണു സുനില്‍ സംശയിച്ചിരുന്നു.
ചിന്ത ജെറോമിനെതിരെ വിജിലൻസിൽ പരാതി നൽകിയതിന് ശേഷമാണ് തന്റെ ജീവന് ഭീഷണിയുണ്ടായതെന്ന് വിഷ്ണു പരാതിയില്‍ പറയുന്നു.ഇതുകൊണ്ടാണ് പോലീസ് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കൊല്ലത്തെ ആയുര്‍വേദ ആഡംബര റിസോർട്ടിലെ താമസത്തിന് 38 ലക്ഷത്തോളം രൂപ ചിന്ത ജെറോം ചെലവാക്കിയിട്ടുണ്ടെന്നും വരുമാന സ്രോതസ്സടക്കം പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് വിഷ്ണു സുനിൽ വിജിലൻസിന് പരാതി നൽകിയതോടെയാണ് ജീവന് ഭീഷണി അനുഭവപ്പെട്ടത്. പരാതി നൽകിയതിനു ശേഷം ചിന്തയുടെയും റിസോർട്ടുടമയുടെയും നിർദേശ പ്രകാരം പാർട്ടി നേതാക്കൾ തന്നെ മർദിച്ചതായും വിഷ്ണു സുനില്‍ പന്തളം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതി വിഷ്ണു സുനില്‍ പന്തളത്തിന് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിന് ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: