കണ്ണൂര്‍: സര്‍ക്കാര്‍ പ്രാഥമിക കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെല്ലാം മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം. കുട്ടികള്‍ക്ക് നല്‍കേണ്ട ചുമ, പനി സിറപ്പുകളടക്കം ലഭിക്കാത്ത സ്ഥിതിയാണ്. സ്വാകാര്യ ഫാര്‍മസികളില്‍ നിന്നും മരുന്നു വാങ്ങിക്കഴിക്കേണ്ട സ്ഥിതിയാണ് ഏതാനും ആഴ്ചകളായി നിലനില്‍ക്കുന്നത്.
മരുന്നുക്ഷാമം രൂക്ഷമായതോടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ നൂറുകണക്കിന് രോഗികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ജില്ലക്കകത്തു നിന്നും സമീപജില്ലകളില്‍ നിന്നുമായി ദിവസവും ആയിരങ്ങള്‍ ചികിത്സക്കെത്തുന്ന ആശുപത്രിയില്‍ മരുന്നു കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നിന്റെ കുറിപ്പടിയുമായി ഫാര്‍മസിയില്‍ എത്തിയാല്‍ ഇല്ലെന്ന മറുപടി മാത്രമാണു കേള്‍ക്കാനുള്ളതെന്ന് ജനങ്ങള്‍ പറയുന്നു. ആന്റിബയോട്ടിക്കുകള്‍, കുട്ടികള്‍ക്കുള്ള സിറപ്പുകള്‍, ആവശ്യമരുന്നുകള്‍ ഉള്പ്പെടെയുള്ളവക്കാണു കടുത്ത ക്ഷാമം നേരിടുന്നത്. ഹൃദ്രോഗികളും പക്ഷാഘാതം വന്നവരും കഴിക്കുന്ന മിക്ക മരുന്നുകളും ഫാര്‍മസിയിലില്ല.
മെഡിക്കല്‍ കോളജിലേക്ക് ആവശ്യത്തിനുള്ള മരുന്നുകള്‍ ഒരു വര്‍ഷത്തേക്ക് മൊത്തമായാണ് എത്താറുള്ളത്. ഇതനുസരിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്കിയ പട്ടിക പ്രകാരമുള്ള മിക്ക മരുന്നുകളും ഇതുവരെ ലഭിക്കാത്തതാണു പ്രതിസന്ധിക്കു കാരണം. എത്തിയ മരുന്നുകളാകട്ടെ ആവശ്യമായ അളവില്‍ ലഭിച്ചിട്ടുമില്ല. മരുന്നു വിതരണം ചെയ്യുന്ന കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഡിപ്പോയില്‍ ആവശ്യത്തിനു മരുന്ന് എത്താത്തതിനാലാണ് ആശുപത്രിയില്‍ മരുന്നു ക്ഷാമമുണ്ടാകുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്തതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് മരുന്നില്ലാത്തതിനാലുള്ള പ്രതിസന്ധി.
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജില്‍ പ്രതിവര്‍ഷം 35 കോടി രൂപയുടെ മരുന്നു സര്‍ക്കാര്‍ നല്കുമ്പോള് പരിയാരത്ത് പ്രതിവര്‍ഷം 7 കോടി രൂപയുടെ മരുന്നു മാത്രമാണു നല്‍കുന്നത്. പ്രതിവര്‍ഷം 25 കോടി രൂപയുടെ മരുന്ന് ആവശ്യമാണെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് അധികൃതര്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പ് പരിയാരത്തു നല്‍കുന്നത് പ്രതിവര്‍ഷം 9 കോടി രൂപയുടെ മരുന്നുകളാണ്. ഇതില്‍ 7 കോടി രൂപയുടെ മരുന്നു മാത്രമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പരിയാരത്തു ലഭിച്ചത്.
ഗര്‍ഭിണികള്‍ പതിവായി കഴിക്കേണ്ട ഫോളിക് ആസിഡ് ഗുളിക പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. അപസ്മാര രോഗികള്‍ക്കുള്ള മരുന്നുകളും രക്തസമ്മര്‍ദ്ദത്തിന്റെയും പ്രമേഹത്തിന്റെയും മരുന്നുകളും ലഭിക്കുന്നില്ല. മണിക്കൂറുകളോളം ഫാര്‍മസിയില്‍ ക്യൂ നില്ക്കുന്ന രോഗികള്‍ക്കു കുറിപ്പടിയിലുള്ള പകുതി പോലും മരുന്നു ലഭിക്കാതെ മടങ്ങേണ്ട സ്ഥിതിയാണ്. നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള രോഗികള്‍ ഇതോടെ വലിയ പ്രതിസന്ധിയിലായി. രക്തസമ്മര്‍ദ്ദത്തിന്റെയും പ്രമേഹത്തിന്റെയും അടക്കം മരുന്നുകള്‍ ദിവസേന കഴിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: