ന്യൂദല്‍ഹി: അന്താരാഷ്‌ട്ര തലത്തില്‍ ആര്‍ആര്‍ആര്‍ അശ്വമേധം തുടരുന്നു. ഏറ്റവുമൊടുവില്‍ പ്രസിദ്ധമായ ഹോളിവുഡ് ക്രിട്ടിക്സ് അവാര്‍ഡുകളില്‍ നാലെണ്ണമാണ് ആര്‍ആര്‍ആറിനെ തേടിയെത്തിയിരിക്കുന്നത്.
മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, മികച്ച ആക്ഷന്‍ ചിത്രം, മികച്ച സ്റ്റണ്ട്, മികച്ച ഒറിജിനല്‍ ഗാനം എന്നീ മേഖലകളിലാണ് അവാര്‍ഡ് കിട്ടിയത്. ടോം ക്രൂസിന്റെ ടോപ് ഗണ്‍ മാവെറിക് എന്ന ചിത്രത്തെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ അവാര്‍ഡ് വാരിക്കൂട്ടിയത്. “സിനിമയിലെ സ്റ്റണ്ട് മിക്കവാറും ചെയ്തത് ജൂനിയര്‍എന്‍ടിആറും രാം ചരണും ചേര്‍ന്നായിരുന്നു. വളരെ ചുരുക്കം ചില സീനുകളില്‍ മാത്രമേ ഡ്യൂപ്പുകളേ ഉപയോഗിച്ചിരുന്നുള്ളൂ. 320 ദിവസത്തെ കഠിന പ്രയത്നം കൊണ്ടാണ് ആര്‍ആര്‍ആര്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ അധികം സമയം ചെലവഴിതച്ചതും സ്റ്റണ്ടിനായിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍ ജൂജിയും ക്ലൈമാക്സ് സ്റ്റണ്ട് സീക്വന്‍സുകളെ അത്യപൂര്‍വ്വമാക്കി. ഈ അവാര്‍ഡ് (സ്റ്റണ്ടിനുള്ളത്) അതിനുള്ള അംഗീകാരമാണ്. സിനിമയുടെ ഭാഗമാകാന്‍ വിദേശത്ത് നിന്നും വന്നവരെല്ലാം ഇന്ത്യയുടെ സാഹചര്യങ്ങള്‍ അനുസരിച്ച് മാറിയത് അത്ഭുതമാണ്. “- അവാര്‍ഡിനുള്ള മറുപടി പ്രസംഗത്തില്‍ രാജമൗലി പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് ആഗോള സിനിമ നിര്‍മ്മിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഈ അവാര്‍ഡെന്നും രാജമൗലി മറുപടി പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.
“ഈ അംഗീകാരം തനിക്ക് മാത്രമല്ല, ഇന്ത്യയിലെ സിനിമാ വ്യവസായത്തിനും വലിയ അംഗീകരമാണ്.ഈ ചിറകുകളില്‍ കൂടുതല്‍ പറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. അവസാനമായി എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാല്‍ അത് അസാമാന്യ കഥകളുടെ ഒരു മണ്ണാണ് ഭാരതം. മേരാ ഭാരത് മഹാന്‍ , ജയ് ഹിന്ദ്”- രാജമൗലി പറഞ്ഞുനിര്‍ത്തി.
‘നാട്ടു നാട്ടു’ എന്ന ഗാനത്തിനും മികച്ച വിദേശഭാഷാചിത്രത്തിനും ‘ആര്‍ആര്‍ആര്‍’ ഗോള്‍ഡന്‍ ഗ്ലോബ് നേടിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. തൊട്ടുപിന്നാലെ ആര്‍ആര്‍ആര്‍ എന്ന ചിത്രവും ഇതിലെ ‘നാട്ടു നാട്ടു’ എന്ന ഗാനവും ഓസ്കാര്‍ നോമിനേഷനും നേടുകയും ചെയ്തിരുന്നു. മാര്‍ച്ച്13ന് ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ അതില്‍ നാട്ടുനാട്ടു ഇടം പിടിച്ചേയ്‌ക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ട്.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. സ്‍പീല്‍ബര്‍ഗ് അടക്കമുള്ള സംവിധാന പ്രതിഭകള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: