Categories: Samskriti

വള്ളീപരിണയ കഥപറയുന്ന കുമാരകോവില്‍

തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രം കുമാരകോവില്‍ എന്ന പേരിലാണ് പ്രസിദ്ധമാകുന്നത്. കേരളം - തമിഴ്‌നാട് അതിര്‍ത്തിയില്‍ തക്കലെയ്ക്ക് സമീപമുള്ള കുമാരകോവില്‍ , തമിഴ്‌നാടിന്റെ ഭാഗമാണെങ്കിലും തീര്‍ഥാടകര്‍ ഏറെയുമെത്തുന്നത് കേരളത്തില്‍ നിന്നാണ്.

Published by

ശ്രീജിത്ത് നെടിയാംകോട്

ലയുടെ നെറുകയില്‍ മുരുകന്‍ വാഴുന്ന കോവിലുകള്‍ ഒന്നല്ല അനവധിയുണ്ട് തമിഴ്‌നാട്ടില്‍. ആ ക്ഷേത്രോല്പത്തികളാവട്ടെ നാട്ടുപഴമയോടു ചേര്‍ന്നു നില്‍ക്കുന്നവയും. അവയില്‍ വള്ളീ – മുരുക പരിണയത്തിന്റെ കഥ പറയുന്ന ദേവസ്ഥാനമാണ് വേളിമല കുമാരസ്വാമി ക്ഷേത്രം. ‘വേളി’യെന്നാല്‍ വിവാഹം.    

തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രം കുമാരകോവില്‍ എന്ന പേരിലാണ് പ്രസിദ്ധമാകുന്നത്. കേരളം – തമിഴ്‌നാട് അതിര്‍ത്തിയില്‍ തക്കലെയ്‌ക്ക് സമീപമുള്ള കുമാരകോവില്‍ , തമിഴ്‌നാടിന്റെ ഭാഗമാണെങ്കിലും തീര്‍ഥാടകര്‍ ഏറെയുമെത്തുന്നത് കേരളത്തില്‍ നിന്നാണ്. വൈവിധ്യമാര്‍ന്ന ഒരുപാട് ആചാര, വിശ്വാസങ്ങളുടെ സങ്കേതം കൂടിയായ കുമാര കോവിലില്‍ എത്തുമ്പോള്‍ പശ്ചിമഘട്ടത്തിന്റെ വശ്യസൗന്ദര്യവും ദൃശ്യമാണ്.  

പുരാണവും ചരിത്രവും  

പ്രൗഢിയോടെ സമന്വയിക്കുന്ന ഈ പുണ്യസങ്കേതം സുബ്രഹ്മണ്യസ്ഥലം അഥവാ കുമാര ക്ഷേത്രമെന്നും അറിയപ്പെടുന്നു. പ്രധാനകോവിലില്‍ എട്ടടി എട്ടിഞ്ച് പൊക്കത്തിലാണ് മുരുകപ്രതിഷ്ഠയുള്ളത്. ഒറ്റക്കല്ലില്‍ കൊത്തിയ വിഗ്രഹത്തിന്റെ ചെവികള്‍ രണ്ടും നീണ്ടിരിക്കുന്നതായി കാണാം. ശ്രീബുദ്ധന്റെ കാലഘട്ടത്തിലാവാം വിഗ്രഹം  

നിര്‍മിച്ച് പ്രതിഷ്ഠ നടത്തിയതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. ദൂരെ ശുചീന്ദ്രത്തുള്ള സ്ഥാണു മലയ (പരമേശ്വരന്‍) ക്ഷേത്രത്തിലേക്ക് നോക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. ആറരയടി പൊക്കത്തില്‍ പണിതിട്ടുള്ള വള്ളീവിഗ്രഹവുമുണ്ട് ശ്രീകോവിലില്‍. 

‘കല്യാണക്കഥ’ പറയുന്ന ഐതിഹ്യം

‘കുമാര സ്വാമി മണവാള കുമാരന്‍ ‘ എന്നാണ് കുമാരകോവിലിലെ മൂര്‍ത്തി അറിയപ്പെടുന്നത്. ക്ഷേത്രോല്പത്തിക്കു നിദാനമായ കഥ ഇങ്ങനെ: നാഞ്ചിനാട്ടിലെ കുറവ രാജാവായിരുന്ന നാഞ്ചിലിന്റെ പുത്രിയായിരുന്നു വള്ളീദേവി. വള്ളിയെ വിവാഹം കഴിക്കാന്‍  ആഗ്രഹിച്ച സുബ്രഹ്മണ്യ സ്വാമി (ശ്രീ മുരുകന്‍) അതിനുള്ള തയ്യാറെടുപ്പുകളോടെ വേളിമലയിലെത്തി. സഹോദരന്‍ ഗണപതിയും കൂട്ടിനുണ്ടായിരുന്നു. നേരത്തെ പറഞ്ഞു തീരുമാനിച്ചുറപ്പിച്ചതു പോലെ ആനയുടെ രൂപത്തിലാണ് ഗണപതിയെത്തിയത്. രാജകുമാരിയായ വള്ളി, ഗണപതിയെ കണ്ട് കാട്ടാന മദമിളകി വരുന്നതാണെന്ന് ധരിച്ച് ഭയന്നോടി. രാജകുമാരി ചെന്നുപെട്ടത് സാക്ഷാല്‍ സുബ്രഹ്മണ്യന്റെ മുന്‍പിലാണ്. സുബ്രഹ്മണ്യനെ ദര്‍ശിച്ച മാത്രയില്‍ വള്ളി പ്രണയാതുരയായി. ഗണപതിയുടെ സാന്നിദ്ധ്യത്തില്‍ അവിടെ വച്ചു തന്നെ ഇരുവരും വിവാഹിതരായെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിനു മുമ്പിലുള്ള തൃക്കല്യാണമണ്ഡപത്തില്‍ വച്ച് ഇപ്പോഴും വര്‍ഷാവര്‍ഷം സുബ്രഹ്മണ്യ സ്വാമിയുടെയും, വള്ളീ ദേവിയുടെയും കല്യാണം ആയിരങ്ങളെ സാക്ഷിയാക്കി നടത്തി വരുന്നു. പ്രണയിക്കുന്നവരുടെ പ്രാര്‍ത്ഥനാമന്ത്രങ്ങളില്‍ നിറയുന്ന ദേവസന്നിധി കൂടിയാണിത്.  

വള്ളീദേവിയുമായുള്ള വിവാഹത്തിന് സഹായിച്ച കല്യാണ വിനായകരുടെ രൂപം മുരുക ക്ഷേത്രത്തില്‍ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. സുബ്രഹ്മണ്യസ്വാമിയുടെയും, വള്ളീദേവിയുടെയും പ്രണയസാഫല്യത്തിന് സന്ദര്‍ഭമൊരുക്കിയ ഗണപതി, കല്യാണ ഗണപതിയായി അറിയപ്പെടുന്നു.

ആരാധനാ മൂര്‍ത്തിയായി ദക്ഷനും  

ക്ഷേത്രത്തില്‍ മഹാദേവര്‍, ശിവകാമി, തുടങ്ങിയ ദേവതകളെ കൂടാതെ അത്യപൂര്‍വമായൊരു പ്രതിഷ്ഠയും കോവിലും കൂടി ഇവിടെ കാണാം. പാര്‍വ്വതീദേവിയുടെ അച്ഛന്‍ ദക്ഷന് സമര്‍പ്പിച്ചിരിക്കുന്ന കോവിലാണത്. കുമാരകോവിലിലെ മുരുകന് ‘അറുമുഖ നായനാര്‍’ എന്നൊരു വിളിപ്പേരു കൂടിയുണ്ട്. വല്ലിയുടെ ജന്മസ്ഥലമായും ക്ഷേത്രത്തെ കണക്കാക്കുന്നു.  

മുരുകനുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ആഘോഷങ്ങളും കുമാരകോവിലില്‍ വളരെ പ്രാധാന്യത്തോടെ കൊണ്ടാടുന്നു. നവരാത്രി ഉത്സവ വേളയില്‍ കല്‍ക്കുളം പത്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടില്‍ നിന്നു സരസ്വതീദേവി, ശുചീന്ദ്രത്തു നിന്നും മുന്നൂറ്റിനങ്ക എന്നിവരോടൊപ്പം വേളിമല കുമാരസ്വാമിയെയും അലങ്കരിച്ച് വെള്ളിക്കുതിരപ്പുറത്ത്, തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങുണ്ട്.നൂറ്റാണ്ടുകളായി നടന്നു വരുന്നതാണ്  ഈ ആചാരം. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ് നവരാത്രി എഴുന്നള്ളത്ത് ഇന്നത്തെ രൂപത്തിലാക്കിയത്. വേലുത്തമ്പി ദളവയുടെ അമ്മ കാണിക്കയായി നല്‍കിയതാണ് കുമാരസ്വാമിയെ എഴുന്നള്ളിക്കുന്ന വെള്ളിക്കുതിര.  

തമിഴ് മാസമായ പംഗുനിയിലെ അനുരാധ നക്ഷത്രത്തില്‍ കുമാര കോവിലില്‍ ഏഴു ദിവസത്തെ ഉത്സവത്തിന് തുടക്കമാകും. വള്ളീപരിണയ ചടങ്ങാണ് ഏറെ സവിശേഷമായത്. ക്ഷേത്രത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള തിരുകല്യാണ മണ്ഡപത്തിലേക്ക് കുമാരസ്വാമിയെ ഘോഷയാത്രയായി കൊണ്ടു പോകും. അവിടുന്ന് വലിയ ഘോഷയാത്രയായി തിരികെ ക്ഷേത്രത്തിലേക്കും കൊണ്ടുവരും. രാത്രി ക്ഷേത്ര മണ്ഡപത്തില്‍ ഔപചാരികമായി കല്യാണം നടത്തും.  

വൈകാശി വിശാഖം, തൈപ്പൂയം, സ്‌കന്ദഷഷ്ഠി എന്നീ ആഘോഷങ്ങള്‍ക്കും ഇവിടെ പ്രാധാന്യമുണ്ട്. കാര്‍ത്തിക മാസത്തിലെ അവസാന വെള്ളിയാഴ്ച കുമാരസ്വാമിക്ക് കാവടിയും അര്‍പ്പിക്കുന്നു. ക്ഷേത്രത്തിലെ കുഴമ്പ് രൂപത്തിലുള്ള പ്രസാദം പല രോഗങ്ങള്‍ക്കും മരുന്നാണെന്നാണ് എന്ന് ഇന്നാട്ടുകാര്‍ വിശ്വസിക്കുന്നു. ക്ഷേത്രപരിസരത്തു നിന്നും  പ്രദേശത്തിന്റെയാകെ സൗന്ദര്യം ആസ്വദിക്കാമെന്നതിനാല്‍ വിനോദ സഞ്ചാരികളും കുമാരകോലിലേക്ക് ധാരാളമെത്തുന്നു. കുത്തനെ നിര്‍മ്മിച്ചിരിക്കുന്ന 40 പടവുകള്‍ കയറി വേണം ക്ഷേത്ര സന്നിധിയിലെത്താന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by