ഡോ. സന്തോഷ് മാത്യു
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരമായ പോര് മുഖം റഷ്യയ്ക്കും യുക്രൈനുമിടയില്‍ രൂപം കൊണ്ടിട്ട് ഒരു വര്‍ഷമാകുന്നു. ദിവസങ്ങള്‍ കൊണ്ട് യുക്രൈനെ കൈപ്പിടിയിലാക്കാം എന്നു കരുതി റഷ്യ ആരംഭിച്ച അധിനിവേശം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഇത്ര നീണ്ടത്. യുക്രൈനില്‍ റഷ്യ നടത്തുന്നത് യുദ്ധമാണെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന് ഇനിയും സമ്മതിച്ചിട്ടില്ലെങ്കിലും യുദ്ധം എന്നവസാനിക്കുമെന്ന് പറയാന്‍ ആര്‍ക്കുമാകുന്നില്ല. ഈ യുദ്ധത്തോടെ ലോകരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങളില്‍ മാറ്റം സൃഷ്ടിക്കപ്പെട്ടു. ലോകക്രമം ആകെ മാറിമറിഞ്ഞു. യുക്രൈന്റെ പക്ഷത്തു നില്ക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും അവരും പരോക്ഷമായി റഷ്യക്കെതിരെ യുദ്ധം ചെയ്യുക തന്നെയാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന നിലപാടാണ് ഇന്ത്യ ആദ്യം മുതല്‍ സ്വീകരിച്ചുവരുന്ന നയം. ഇരു രാജ്യങ്ങളും പരസ്പര ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തിന് ലോക രാജ്യങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ലഭിച്ചത്. റഷ്യയെന്ന വന്‍ ശക്തിക്ക് മുന്നില്‍ യുക്രൈന് വേഗം മുട്ടുമടക്കുമെന്ന പ്രവചനം ഒന്നുമല്ലാതായി. കീഴടങ്ങാന്‍ തയ്യാറാകാതെ പൊരുതാന്‍ തീരുമാനിച്ച യുക്രൈന്റെ യുദ്ധ വീര്യം ചെറുത്തു നില്‍പ്പിന്റെ പുതിയ പര്യായമായി മാറി. യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ റഷ്യ യുക്രൈനുമായി നരവധി തവണ നയതന്ത്ര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുവെങ്കിലും പരിഹാരമുണ്ടായില്ല.
മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന് കുറച്ചുകാലമായി യൂറോപ്പിനോടും പാശ്ചാത്യശക്തികളോടും അടുത്തതാണ് റഷ്യന്‍ പ്രസിഡന്റ് വഌഡ്മീര്‍ പുടിനെ പ്രകോപിപ്പിച്ചത്. യുക്രൈന് ഭൂവിസ്തൃതിയുടെ കാര്യത്തില്‍ യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യമാണ്. ജനസംഖ്യയില്‍ ഏഴാമത്തെയും. റഷ്യയില്‍നിന്നു യൂറോപ്പിലേക്കുള്ള എണ്ണ, വാതക പൈപ്ലൈനുകള് ഏറെയും യുക്രൈനിലൂടെയാണു കടന്നുപോകുന്നത്. ഇതു യുക്രൈനിനു വരുമാന സ്രോതസ്സാണെങ്കിലും അയല്‍രാജ്യമായ റഷ്യയുമായുള്ള നിരന്തര തര്‍ക്കവിഷയം കൂടിയാണ്.
1954ല്‍ സോവിയറ്റ് ഭരണാധികാരി നികിത ക്രൂഷ്ചേവ് യുക്രൈന് കൈമാറിയ പ്രദേശമായിരുന്നു ക്രൈമിയ. യുക്രൈനില്‍ നിന്ന് റഷ്യ വീണ്ടും ഇത് 9 വര്‍ഷം മുന്‍പ് പിടിച്ചെടുത്തു. ക്രൈമിയയിലെ അധിനിവേശവും തുടര്‍ന്നുള്ള ഏറ്റുമുട്ടലും യുക്രൈനെ പാശ്ചാത്യലോകവുമായി കൂടുതല്‍ അടുപ്പിച്ചു. നാറ്റോയുടെ പങ്കാളിരാജ്യമാണ് യുക്രൈന്. ഭാവിയില്‍ അതില്‍ അംഗമാകാന്‍ അനുമതി ലഭിക്കാവുന്ന രാജ്യമെന്നാണ് ഇതിനര്‍ഥം. ഇതാണ് റഷ്യയെ അസ്വസ്ഥമാക്കുന്നത്. റഷ്യയുടെ അയല്‍രാജ്യങ്ങളെ നാറ്റോയില്‍ അംഗമാക്കരുതെന്നതാണ് പുടിന്റെ പ്രധാന ആവശ്യം. 1990കളില്‍, അതായത് 16 അംഗങ്ങള്‍ മാത്രമുണ്ടായിരുന്നപ്പോഴത്തെ നിലയിലേക്ക് നാറ്റോ സേനാവിന്യാസം ചുരുക്കണം. എന്നാല്‍, നാറ്റോ അംഗത്വകാര്യത്തില്‍ റഷ്യ ആവശ്യപ്പെടുംപോലുള്ള ഉറപ്പുനല്‍കാന്‍ അമേരിക്ക തയ്യാറല്ല. യുക്രൈന് പ്രതിസന്ധിയില്‍ റഷ്യയ്ക്കൊപ്പമാണ് ചൈന.
യുക്രൈനോട് റഷ്യ എന്തുകൊണ്ട് ഈവിധം പെരുമാറുന്നു എന്നറിയാന്‍ നാലുനൂറ്റാണ്ട് പിന്നിലേക്കുപോകണം. റഷ്യന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ സര് ചക്രവര്‍ത്തി പീറ്ററിന്റെ കാലത്തു സ്വീഡന് 1709ല്‍ റഷ്യയില്‍ അധിനിവേശത്തിന് വിഫലമായ ശ്രമം നടത്തി. 1812ല്‍ നെപ്പോളിയന്റെ ‘വന്‍പട’ ഫ്രാന്സില്നിന്നെത്തി മോസ്കോ അടുത്തെങ്കിലും മോശം കാലാവസ്ഥ അവരെ ചതിച്ചു. രണ്ടാംലോകയുദ്ധ കാലത്ത് ഹിറ്റ്ലറുടെ പട സോവിയറ്റ് യൂണിയനില്‍ കടന്നുകയറി. അവരെ സ്റ്റാലിന് പണിപ്പെട്ടാണ് തുരത്തിയത്. ഇതെല്ലം നൂറുവര്‍ഷത്തെ ഇടവേളകളിലാണ് സംഭവിച്ചത്. അങ്ങനെ നോക്കിയാല്‍ നാല് നൂറ്റാണ്ടിന്റെ പാരമ്പര്യം നാറ്റോയുടെ രൂപത്തില്‍ വരുമെന്ന ഭയം പുടിനുമുണ്ടണ്ടാകും. 1990 കളില്‍ കിഴക്കന്‍ യൂറോപ്പിലെ മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ (ഉദാഹരണം: പോളണ്ട്) പടിഞ്ഞാറന്‍ സൈനികസഖ്യമായ നാറ്റോയില്‍ ചേര്‍ന്നത് പുടിനെ അലോസരപ്പെടുത്തുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാജ്യാന്തര രാഷ്ട്രീയദുരന്തം ആണെന്നാണ് 2005ല്‍ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന് അഭിപ്രായപ്പെട്ടത്.
സോവിയറ്റ് യൂനിയന്റെ തിരോധാനത്തോടെ അസ്തമിച്ച സമഗ്രാധിപത്യം വിപുലപ്പെടുത്തി വേറിട്ടുപോയ റിപ്പബ്ലിക്കുകളെ റഷ്യയോട് കൂട്ടിച്ചേര്‍ക്കാനുള്ള വിശാല പദ്ധതിയാണ് പ്രസിഡന്റ് പുടിന്റെ യുക്രൈന് അധിനിവേശത്തിന്റെ പിന്നിലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ജോര്‍ജിയ, എസ്തോണിയ, ലാത്വിയ, ലിത്വേനിയ, ബെലറൂസ് തുടങ്ങിയ സ്വതന്ത്ര രാഷ്ട്രങ്ങളെകൂടി ചേര്‍ത്തുപിടിച്ചുള്ള വിശാല റഷ്യയാണ് പുടിന്റെ ആഗ്രഹം. നൂറ്റാണ്ടുകളായി റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു യുക്രൈന്. എന്നിരുന്നാലും, 1991ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പെട്ടതോടെ രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭിച്ചു. അധികം വൈകാതെ യുക്രൈന് റഷ്യയുമായി അകലം പാലിക്കാന്‍ തുടങ്ങി. മാത്രമല്ല, പടിഞ്ഞാറുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ 2010ല്‍ റഷ്യ അനുകൂലിയായ വിക്ടര്‍ യാനുകോവിച്ച് പ്രസിഡന്റ് ആയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യുക്രൈനെ യൂറോപ്യന്‍ യൂണിയനുമായി അടുപ്പിക്കുന്ന വാണിജ്യ ഉടമ്പടി അവസാനഘട്ടത്തില്‍ അദ്ദേഹം ഉപേക്ഷിച്ചു. പുടിന്റെ സമ്മര്‍ദം മൂലമാണിതെന്ന് അദ്ദേഹം തുറന്നു പറഞ്ഞതോടെ റഷ്യാവിരോധികളായ യുക്രൈനുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ആഭ്യന്തര യുദ്ധത്തിന്റെ പടിവാതില്‍ വരെയെത്തിയ പ്രതിഷേധത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടു. അതിനൊടുവില്‍ യാനുകോവിച്ച് പുറത്തായി. ക്രൈമിയ പിടിച്ചടക്കിക്കൊണ്ടാണ് റഷ്യ ഇതിനോട് പ്രതികരിച്ചത്.
ഈ സംഭവത്തിനുശേഷം കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസിനെ വിഘടനവാദികള്‍ സ്വയംപ്രഖ്യാപിത റിപ്പബ്ലിക്കാക്കി. റഷ്യ ഇവരെ പിന്തുണച്ചു. യുക്രൈന് സര്‍ക്കാരും വിഘടനവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 14,000 പേര് മരിച്ചു. 2014ലും 2015ലും ബെലാറസിലെ മിന്സ്കില് റഷ്യയും യുക്രൈനും ഒപ്പിട്ട ഉടമ്പടികളിലൂടെ വെടിനിര്‍ത്തലുണ്ടായി. പക്ഷേ, ഉടമ്പടി പൂര്‍ണമായി പാലിക്കപ്പെട്ടില്ല. ചരിത്രപരമായും സാംസ്കാരികമായും ക്രൈമിയ തങ്ങളുടെ ഭൂപ്രദേശമാണെന്ന ന്യായം പറഞ്ഞാണു റഷ്യ ആ പ്രദേശം സൈനികനടപടിയിലൂടെ സ്വന്തമാക്കിയത്. 2014 മാര്‍ച്ചില്‍ റഷ്യ സംഘടിപ്പിച്ച ഹിതപരിശോധനയുടെ ഫലവും അവര്‍ക്ക് അനുകൂലമായിരുന്നു.
നാറ്റോയെ നേരിടാന്‍ സോവിയറ്റ് യൂണിയന് കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളെ ചേര്‍ത്ത് 1955ല്‍ ‘വാഴ്സോ ട്രീറ്റി ഓര്ഗനൈസേഷന്’ (വാഴ്സോ ഉടമ്പടി) എന്ന സൈനികസഖ്യമുണ്ടാക്കി. പക്ഷേ,1991ല്‍ സോവിയറ്റ് യൂണിയന് തകര്‍ന്നു. അതോടെ വാഴ്സോ ഉടമ്പടി പൊളിഞ്ഞു. അപ്പോഴേക്കും അന്നത്തെ സോവിയറ്റ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ തമ്മില്‍, ഒരു ധാരണയുണ്ടാക്കിയിരുന്നു. നാറ്റോ കിഴക്കന്‍ യൂറോപ്പില്‍നിന്ന് അംഗങ്ങളെ ചേര്‍ക്കില്ല എന്ന്. ആ വാക്ക് നാറ്റോ പാലിച്ചില്ല. ഇതും പുടിനെ ചൊടിപ്പിക്കുന്നു. സോവിയറ്റ് യൂണിയന് തകര്‍ന്നപ്പോള്‍ സ്വതന്ത്രമായ രാജ്യങ്ങളില്‍ പലതിനും അംഗത്വം നല്കി. സോവിയറ്റ് യൂണിയന് തകരുമ്പോള്‍ 16 രാജ്യങ്ങള്‍ മാത്രമുണ്ടായിരുന്ന നാറ്റോയില്‍ 30 അംഗങ്ങളുണ്ടിന്ന്. 2009ല്‍ അംഗത്വം ലഭിച്ച ക്രൊയേഷ്യയും അല്‍ബേനിയയുമാണ് നവാഗതര്‍. യുക്രൈനും ജോര്‍ജിയയും മറ്റ് അയല്‍രാജ്യങ്ങളും നാറ്റോയില്‍ ചേരുമെന്ന് പുടിന് ആശങ്കയുണ്ട്. ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയാണ് റഷ്യ. ഇരുപത്തിരണ്ടാമത്തെ ശക്തിമാത്രമാണ് യുക്രൈന്. എന്നാല്‍ നാറ്റോയുടെ ശക്തമായ പിന്തുണ അവര്‍ക്കുണ്ടായാല്‍ അവര്‍ കൂടുതല്‍ ശക്തരാകും.
ഏറ്റവും ഒടുവിലായി അമേരിക്കയുമായി അവശേഷിച്ച ഏക ആണവായുധ നിയന്ത്രണ കരാറിലെ റഷ്യന്‍ പങ്കാളിത്തം അവസാനിപ്പിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന് പ്രഖ്യാപിച്ചിരികയാണ്. 2010ല്‍ ഇരു രാജ്യവും ഒപ്പിട്ട ‘ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടി’യില്‍നിന്നാണ് പിന്മാറുന്നത്. ഉടമ്പടി അപ്പാടെ റദ്ദാക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യത്തിനും കൈവശം വയ്ക്കാവുന്ന ആണവായുധത്തിന്റെയും ആണവായുധ വാഹിനി മിസൈലുകളുടെയും എണ്ണത്തിലെ നിയന്ത്രണമാണ് ഉടമ്പടി. അമേരിക്ക ആണവായുധ പരീക്ഷണം നടത്തിയാല്‍ സമാന നടപടികളുമായി മുന്നോട്ടു പോകാന്‍ സജ്ജമായിരിക്കണമെന്ന് അദ്ദേഹം സൈന്യത്തിന് നിര്‍ദേശം നല്കി. റഷ്യയുടെ ആണവായുധശേഷി പരിശോധിക്കണമെന്ന് വാശിപിടിക്കുമ്പോള്‍ത്തന്നെ, നാറ്റോയുടെ നേതൃത്വത്തില്‍ യുക്രൈന് ആണവവാഹിനികളായ മിസൈലുകള്‍ നല്കുന്നു. റഷ്യയെ ഒറ്റയടിക്ക് തകര്‍ക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുകയാണെന്നാണ് പുടിന്റെ വാദം. യുദ്ധവാര്‍ഷികത്തിനു മുന്നോടിയായി പുടിന് പാശ്ചാത്യചേരിക്ക് നല്കിയ മുന്നറിയിപ്പാണ് ആണവനിയന്ത്രണ കരാറില്‍നിന്നുള്ള പിന്മാറ്റമെന്നും വിലയിരുത്തലുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന് അപ്രതീക്ഷിതമായി യുക്രൈന് സന്ദര്‍ശിച്ച് 50 കോടി ഡോളറിന്റെ (4377 കോടി രൂപ) ആയുധങ്ങള്‍കൂടി വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് ഈ റദ്ദാക്കല്‍.
യുക്രൈന് പ്രതിസന്ധി ആയുധ ലോബികളുടെ സൃഷ്ടിയാണ് എന്നൊരു വാദം ഉയരുന്നുണ്ട്. കൊവിഡ് മഹാമാരി മൂലം തകര്‍ന്നടിഞ്ഞ ആയുധ കച്ചവടത്തിന് ഉന്മേഷം പകരാന്‍ ആയുധ നിര്‍മാതാക്കള്‍ ഉണ്ടാക്കിയ യുദ്ധം എന്ന് പോലും വാദങ്ങളുണ്ട്. ആയുധങ്ങളുടെയും ആയുധ സംവിധാനങ്ങളുടെയും സൈബര്‍ ഉപകരണങ്ങളുടെയും വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ആയുധ കമ്പനികള്‍ ആഗ്രഹിക്കുന്നു. യുക്രൈന് യുദ്ധം ഇന്ത്യയെ ബാധിക്കുന്നത് ഇന്ധന വിലക്കയറ്റത്തിലൂടെ മാത്രമല്ല, സൂര്യകാന്തിയുടെയും മറ്റ് ഭക്ഷ്യ എണ്ണകളുടെയും ഇറക്കുമതി, തേയില കയറ്റുമതി എന്നിവയെയും ഗുരുതരമായി ബാധിച്ചിരികയാണ്. വിദേശ വ്യാപാരത്തിനായുള്ള പാതകള്‍ പലയിടത്തും അടക്കപ്പെട്ടതിനാല്‍ വിലക്കയറ്റം ഇവിടെയും ആസന്നമായി.
റഷ്യ-യുക്രൈന് യുദ്ധം ലോകത്തെ മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൊണ്ടെത്തിച്ചു. അതിന്റെ ദൂഷ്യഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുമാണ്. ചില സമ്പന്ന രാജ്യങ്ങള്‍ യുദ്ധത്തിനിടയില്‍ തങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നു. പരസ്പരം കൂട്ടിയിടിപ്പിച്ച് ചോരകുടിക്കുകയാണവര്. സംഘര്‍ഷം നീണ്ടു പോയാല്‍ ഏതുതരത്തിലൊക്കെ അതു ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ഒരു ആണവ യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതതകളും ഭയപ്പെടുന്നുണ്ട്. ഇന്ത്യ മാധ്യസ്ഥം വഹിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ വഴിതുറക്കണമെന്നാണ് സമാധാന കാംക്ഷികളായ രാജ്യങ്ങളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: