ഇന്നലെ അന്തരിച്ച കോഴിക്കോട് ഉമ്മളത്തൂര്‍ വെള്ളിപറമ്പ് തലക്കുന്നത്ത് തലാഞ്ചേരി വീട്ടില്‍ പി.ടി. ഉണ്ണിമാധവന് നായര്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലും മാധ്യമ രംഗത്തും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. കോണ്‍ഗ്രസ് ഫര്‍ക്കാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി പൊതുജീവിതം ആരംഭിച്ച ഉണ്ണിമാധവന് പിന്നീട് ജനസംഘത്തില്‍ ആകൃഷ്ടനാവുകയും ജന്മഭൂമിയിലൂടെ പത്ര പ്രവര്‍ത്തകനായി ദീര്‍ഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജിന്റെ തുടക്കക്കാലത്ത് രോഗികള്‍ക്ക് സഹായം നല്കുന്ന പ്രവര്‍ത്തനത്തിന് സമിതി രൂപീകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണ്.
ഇന്ന് സേവാഭാരതി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അന്ന് ഉണ്ണിമാധവന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയാണ് നിര്‍വ്വഹിച്ചു വന്നിരുന്നത്. 1960 കളുടെ അവസാനം പയ്യോളിയില്‍ സിപിഎമ്മുകാര്‍ ആര്‍എസ്എസ്സ് ശാഖ ആക്രമിച്ചപ്പോള്‍ നിരവധി പേര് പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടു. പരിക്കേറ്റവരുടെ കൈയിലെ രാഖി കണ്ട് ഉണ്ണിമാധവനാണ് അവരെ തിരിച്ചറിഞ്ഞ് അക്രമ വിവരം ആര്‍എസ്എസ്- ജനസംഘം കാര്യാലയങ്ങളില്‍ അറിയിക്കുന്നത്. മാവൂരില്‍ ബിഎംഎസ്സുകാരെ സിഐടിയു ആക്രമിച്ചപ്പോഴും ആ വിവരം ആദ്യമറിഞ്ഞ് ബന്ധപ്പെട്ടവരെ അറിയിച്ചതും ഉണ്ണിമാധവനായിരുന്നു. കോഴിക്കോട്ടെ പൊതുപ്രവര്‍ത്തനരംഗത്തെ സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ചുറുചുറുക്കോടെ ഓടിനടന്ന് മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഖദര്‍ധാരിയായ യുവാവ് പിന്നീട് ജനസംഘത്തിന്റെയും ജന്മഭൂമിയുടെയും ഭാഗമായി മാറി.
കോഴിക്കോട് നഗരത്തിലെ വാര്‍ത്തകള്‍ ശേഖരിക്കുകയായിരുന്നു ജന്മഭൂമിയില് മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചുമതല. ജന്മഭൂമിയില് ആദ്യമായി ഔദ്യോഗികമായി നിയോഗിക്കപ്പെട്ട ജേര്‍ണലിസ്റ്റ് ഉണ്ണിമാധവനാണെന്ന് പറയാം. സായാഹ്ന പത്രമായി ആരംഭിച്ച ജന്മഭൂമിയുടെ അവിഭാജ്യഘടകമായി അദ്ദേഹം മാറി. പി.വി.കെ. നെടുങ്ങാടിയെന്ന പത്രാധിപരാണ് ഉണ്ണിമാധവനിലെ പത്രപ്രവര്‍ത്തകനെ വളര്‍ത്തിയെടുത്തത്. അടിയന്തരാവസ്ഥയില്‍ ജന്മഭൂമി അടച്ചുപൂട്ടപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജന്മഭൂമി കൊച്ചിയില്‍ നിന്ന് ദിനപത്രമായി പുനരാരംഭിച്ചപ്പോള്‍ ഉണ്ണിമാധവന് കോഴിക്കോട് ജില്ലാ ലേഖകനായി നിയോഗിക്കപ്പെട്ടു. പാളയം റോഡിലെ വെങ്കിടേശ് നായ്ക് മോഹന്‍ദാസ് ബില്‍ഡിംഗിലെ ജനസംഘം ഓഫീസിന്റെ ഭാഗമായാണ് അന്ന് ജന്മഭൂമി പ്രവര്‍ത്തിച്ചത്. പാര്‍ട്ടി ഓഫീസിലെ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ച ഫോണായിരുന്നു പത്രത്തിന്റെ ആവശ്യത്തിനും ഉപയോഗിച്ചത്.
വാര്‍ത്തകള്‍ മാത്രമല്ല ജന്മഭൂമിയുടെ എഡിറ്റ് പേജില്‍ കാമ്പുള്ള ലേഖനങ്ങളും അദ്ദേഹം എഴുതി. സംഭവങ്ങളുടെ വാര്‍ത്താ പ്രാധാന്യം തിരിച്ചറിയാന്‍ ഏറെ കഴിവുള്ള മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ധാരാളം പരിമിതികളെ അതിജീവിച്ചാണ് അദ്ദേഹം ഈ കഴിവുകള്‍ നേടിയത്. ജന്മഭൂമിയുടെ പ്രാരംഭകാലഘട്ടത്തിലെ ബുദ്ധിമുട്ടുകള്‍ ഏറ്റെടുത്തുകൊണ്ട് പരാതിയൊന്നുമില്ലാതെ പ്രവര്‍ത്തിക്കുയായിരുന്നു അദ്ദേഹം. പുതിയറ ഓട്ടുകമ്പനിയിലെ ജോലി രാജിവെച്ച് ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറിയ പി.എന്‍. ഗംഗാധരന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഉണ്ണിമാധവന്. ഇവരടങ്ങുന്ന പ്രവര്‍ത്തക സംഘമാണ് 1967 ലെ ജനസംഘം ദേശീയ സമ്മേളനത്തിന്റെ നടത്തിപ്പുകാരായി മാറിയത്. ജനസംഘം സമ്മേളനത്തില്‍ പ്രതിനിധികളുടെ താമസസൗകര്യമൊരുക്കുകയായിരുന്നു ഉണ്ണിമാധവനെ ഏല്‍പ്പിച്ച ചുമതല. ഇതിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ നഗരസേവാസമിതിയുടെ പേരില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പെരുവയല്‍ പഞ്ചായത്തിലേക്കും രണ്ട് തവണ മത്സരിച്ചു.
പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പതിനഞ്ചോളം നാടകങ്ങളില്‍ നടനായും സംവിധായകനായും ഉണ്ണിമാധവന് തന്റെ കഴിവ് തെളിയിച്ചു. ദീര്‍ഘകാലം ജന്മഭൂമിയുടെ കോഴിക്കോട്ടെ മുഖമായിരുന്നു ഉണ്ണിമാധവന്. നഗരത്തിലെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായി അദ്ദേഹം മാറി. ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെ പഠിക്കാനുണ്ട് ആ ജീവിതത്തില്‍ നിന്ന്. സഹപ്രവര്‍ത്തകനായിരുന്ന ഉണ്ണിമാധവന്റെ ആത്മാവിന് ശാന്തി പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: