മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വന്‍തട്ടിപ്പ് നടന്നുവെന്നും, അനര്‍ഹരായ ആളുകള്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കിയെന്നും, ഇതിനായി കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് ഏജന്റുമാരും ഡോക്ടര്‍മാരുമുള്‍പ്പെടുന്ന ഒരു റാക്കറ്റുതന്നെ പ്രവര്‍ത്തിച്ചിരുന്നു എന്നുമുള്ള റിപ്പോര്‍ട്ട് ആരെയും അത്ഭുതപ്പെടുത്തുന്നില്ല. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഏഴ് വര്‍ഷമായി സംസ്ഥാനത്ത് തുടരുന്ന ഭരണം അഴിമതിയുടെ ഒരു ബൃഹദ് സംവിധാനമാണ്. ഇതിന്റെ കേന്ദ്രബിന്ദു മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തട്ടിപ്പ് നടന്നിരിക്കുന്നതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലാണല്ലോ. വലിയ സമ്പന്നനായ ഒരു വിദേശ മലയാളിക്ക് മൂന്ന് ലക്ഷം രൂപ ചികിത്സാ സഹായമായി നല്‍കിയെന്ന വിവരവും പുറത്തുവന്നിരിക്കുന്നു. ഇല്ലാത്ത ചികിത്സയുടെ പേരിലാണ് വന്‍തോതില്‍ തുക അനുവദിച്ചിരിക്കുന്നത്. ഇതിനായി ആയിരക്കണക്കിന് വ്യാജ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിരിക്കുന്നുവത്രേ. കരള്‍ രോഗത്തിന് ചികിത്സ നടത്തിയയാള്‍ക്ക് ഹൃദ്രോഗമാണെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ഫണ്ട് അനുവദിച്ചതായി കണ്ടെത്തിയിരിക്കുന്നു. ചികിത്സയ്ക്കായി ചെലവാക്കേണ്ടി വന്ന തുക രേഖപ്പെടുത്താത്ത സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലും ദുരിതാശ്വാസ നിധിയില്‍നിന്ന് ഫണ്ട് അനുവദിച്ചിട്ടുണ്ടത്രേ. ഒരു അപേക്ഷയും നല്‍കാതെ ഫോണ്‍ വഴി വിളിച്ചുപറഞ്ഞും തല്‍പ്പരകക്ഷികള്‍ക്ക് പണം നല്‍കിയതായും വെളിപ്പെട്ടിരിക്കുന്നു. ഈ തട്ടിപ്പിന്റെ പൂര്‍ണരൂപം വെളിപ്പെടാനിരിക്കുന്നതേയുള്ളൂ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അഴിമതി നടക്കുന്നതും, വിവാദത്തിന്റെ കേന്ദ്രബിന്ദുവാകുന്നതും ഇത് ആദ്യമല്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തങ്ങള്‍ക്ക് വേണ്ടപ്പെട്ട ചില രാഷ്ട്രീയ നേതാക്കളുടെ കടം വീട്ടാന്‍പോലും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചത് വലിയ വിവാദമാവുകയും, ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരായ പരാതി ലോകായുക്തയുടെ പരിഗണനയിലുമാണ്. തുക അനുവദിച്ചത് മുഖ്യമന്ത്രിയല്ലെന്നും, മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നുമുള്ള ന്യായീകരണമാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ ലോകായുക്ത ഇത് അംഗീകരിച്ചിട്ടില്ല. പ്രളയത്തിന്റെ മറവില്‍ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക സിപിഎമ്മുകാരായ ചിലര്‍ ചേര്‍ന്ന് തട്ടിപ്പുനടത്തി അപഹരിച്ച സംഭവവും കേസാവുകയുണ്ടായി. എന്നാല്‍ ഇക്കൂട്ടരെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ സ്വന്തം കാശുക്കുടുക്ക പൊട്ടിച്ചുപോലും പണം നല്‍കിയെന്ന് പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വളരെ വൈകാരികമായി അവതരിപ്പിക്കുകയുണ്ടായി. ഇങ്ങനെ ശേഖരിച്ച പണമാണ് സ്വന്തം പാര്ട്ടിക്കാര് യാതൊരു മനഃസാക്ഷിയുമില്ലാതെ അടിച്ചുമാറ്റിയത്. എന്നിട്ടും അന്വേഷണ പ്രഹസനം നടത്തി കുറ്റവാളികളെ സംരക്ഷിക്കുകയായിരുന്നു. തട്ടിപ്പിന്റെ വിഹിതം പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കും ലഭിച്ചിട്ടുള്ളതാണ് ഇതിനു കാണം. ചികിത്സാ സഹായത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹരായവര്‍ക്ക് അനുവദിച്ചിട്ടുള്ള പണത്തിന്റെ വിഹിതവും പാര്ട്ടിക്കാര് കൈപ്പറ്റിയിട്ടുണ്ടാവും എന്നുറപ്പാണ്. ഇവരില്‍ എത്തുന്നതിനു മുന്‍പ് അന്വേഷണം അവസാനിക്കും.
ദുരിതാശ്വാസനിധി തട്ടിപ്പില്‍ ശക്തമായ നടപടിയെടുക്കുമെന്നും, അതിനാണ് വിജിലന്‍സിനെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറയുന്നതും തട്ടിപ്പാണ്. ദുരിതാശ്വസ നിധി തട്ടിപ്പില്‍ ആരോപണ വിധേയനായ വ്യക്തിയും, ഇതുസംബന്ധിച്ച് ഉത്തരവുണ്ടാകുന്നത് തടയാന്‍ ലോകായുക്തയുടെ ചിറകരിഞ്ഞ് നിയമനിര്‍മാണം നടത്തിയയാളുമാണ് ഇങ്ങനെ പറയുന്നതെന്നോര്‍ക്കണം. അഴിമതിക്കെതിരെ പിണറായി സര്‍ക്കാരിലുള്ള ആര് എന്തു പറഞ്ഞാലും അതൊക്കെ അഴിമതി നടത്താനും അഴിമതിക്കാരെ സംരക്ഷിക്കാനും വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും. മുഖ്യമന്ത്രി ഭരിക്കുന്ന വിജിലന്‍സ് വകുപ്പ് അഴിമതിക്കാരുടെ സംരക്ഷകരായി മാറിയതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. മുഖ്യമന്ത്രിയും കുടുംബവും ആരോപണ വിധേയരായ ലൈഫ് മിഷന് അഴിമതിക്കേസില്‍ തെളിവുകള്‍ നശിപ്പിച്ചത് ജനങ്ങള്‍ കണ്ടതാണല്ലോ. അതുകൊണ്ട് ദുരിതാശ്വാസ നിധി തട്ടിപ്പില്‍ മുഖ്യമന്ത്രി വിശുദ്ധന് ചമയുന്നതും, വിജിലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നതും അങ്ങേയറ്റം പരിഹാസ്യമാണ്. അഴിമതി പിണറായിസത്തിന്റെ മുഖമുദ്രയാണ്. പിണറായി മുഖ്യമന്ത്രിയാവുന്നതിന് മുന്‍പും പിന്‍പും ഇതാണവസ്ഥ. പിണറായി സര്‍ക്കാരിന്റെ ചാലകശക്തി തന്നെ അഴിമതിയാണ്. ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മാഫിയാ സംഘത്തെപ്പോലെ സംഘടിതമായ അഴിമതിയും കുറ്റകൃത്യങ്ങളുമാണ് പിണറായി ഭരണത്തില്‍ നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതും. അതില്‍ ഒന്നുമാത്രമാണ് ദുരിതാശ്വാസ നിധി തട്ടിപ്പ്. പോലീസും ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷിച്ചാല്‍ ഒരു സത്യവും പുറത്തുവരാന്‍ പോകുന്നില്ല. പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മാത്രമേ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: