കണ്ണൂര്‍ : നല്ല വിളകള്‍ക്കൊപ്പം കളയും ഉണ്ടാകും. പാര്‍ട്ടി ഈ കളയെല്ലാം പറിച്ചു കളയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രതികരണം. സിപിഎം ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി കണ്ണൂരില്‍ രാവിലെ പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഇയാളെ പാര്‍ട്ടി പുറത്താക്കിയതാണെന്ന് എം.വി. ഗോവിന്ദന്‍ ആദ്യം പ്രതികരിച്ചിരുന്നു. അത് ഇത്തവണയും ആവര്‍ത്തിച്ചു. നല്ല വിളയ്‌ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാര്‍ട്ടി കാണുന്നു. ഈ കളയെല്ലാം പറിച്ചു കളയും. വിളയ്‌ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തന്നെ ഈ ശുദ്ധീകരണം നടത്തും. ആകാശ് തില്ലങ്കേരിയെ പണ്ടേ പാര്‍ട്ടി പുറത്താക്കിയതാണെന്നുമായിരുന്നു എം.വി. ഗോവിന്ദന്‍ ആവര്‍ത്തിച്ചത്.
പല വഴിക്ക് സഞ്ചരിക്കുന്നവരുമായി പാര്‍ട്ടിക്ക് ഒത്തുതീര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസം പി. ജയരാജന്‍ വിഷയത്തില്‍ പ്രസ്താവന നടത്തിയിരിന്നു. അതിനു പിന്നാലെയാണ് എം.വി. ഗോവിന്ദനും പ്രതികരിച്ചത്.
അതേസമയം സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ്സായി രണ്ട് രൂപ ഉയര്‍ത്തിയതിനെതിരെ വ്യാപക സമരം യുഡിഎഫ് നടത്തുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ഇന്ധന വിലവര്‍ധിപ്പച്ചത്. സംസ്ഥാനത്ത് വണ്ടിക്ക് മുന്നില്‍ ചാടാനുള്ള സമരമാണ് യുഡിഎഫ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ വാഹനം ഇടിക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ഇവര്‍ പോലീസില്‍ പരാതി നല്‍കുന്നുണ്ട്. വാഹന വ്യൂഹത്തിന് നേരെ പ്രവര്‍ത്തകരെ ചാടിക്കുന്നവര്‍ ഇത് എന്തിനെന്ന് ചിന്തിക്കണമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: