മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണസമിതികളില്‍ രാഷ്ട്രീയക്കാരെ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി നിര്‍ണായകമാണ്. ക്ഷേത്രഭരണ സമിതികളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവരാഷ്ട്രീയക്കാരെയും പാര്‍ട്ടി ഭാരവാഹികളെയും ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായവരെയും നിയമിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിന്റെ പരിണിതഫലങ്ങള്‍ ഏറെയായിരിക്കും. ഒറ്റപ്പാലം പൂക്കോട്ട കാളികാവ് ക്ഷേത്രഭരണ സമിതിയില്‍ സിപിഎം നേതാക്കളെ അംഗങ്ങളാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍വാദങ്ങളെല്ലാം തള്ളി ഹൈക്കോടതി പുറപ്പെടുവിച്ച വിധി സമാന സാഹചര്യം നിലനില്‍ക്കുന്ന മറ്റ് ക്ഷേത്രങ്ങളുടെ കാര്യത്തിലും ബാധകമാണ്. അറിയപ്പെടുന്ന സിപിഎം നേതാക്കളും ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായവര്‍ ക്ഷേത്ര ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടശേഷം പാര്‍ട്ടി സ്ഥാനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇവരിലൊരാള്‍ ക്ഷേത്രം ആക്രമിച്ച കേസിലും പ്രതിയാണെന്ന വിരോധാഭാസവുമുണ്ട്. ക്ഷേത്രത്തിന്റെ ഭാരവാഹിത്വം ഏറ്റെടുക്കുമ്പോള്‍ തങ്ങള്‍ക്ക് രാഷ്ട്രീയ ചുമതലകളില്ലായിരുന്നുവെന്നു വരുത്തി നിയമത്തിന്റെ ആനുകൂല്യം നേടാനായിരുന്നു ശ്രമം. എന്നാല്‍ ഈ കള്ളക്കളി കോടതി പൊളിച്ചു. ഡിവൈഎഫ്ഐ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും, ട്രസ്റ്റിമാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ ഭാരവാഹിത്വം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ അയോഗ്യത കല്‍പ്പിക്കാനാവില്ലെന്നുമുള്ള സാങ്കേതികത്വം കോടതിയില്‍ ചെലവായില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ക്രിമിനല്‍ കേസ് പ്രതികള്‍ക്കും ട്രസ്റ്റില്‍ നിയമനത്തിന് വിലക്കുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യം മറച്ചുവച്ച് സത്യവാങ്മൂലം നല്‍കിയതിനെ വിമര്‍ശിക്കുകയും ചെയ്തു.
അടിസ്ഥാനപരമായി നിരീശ്വരവാദികളായിരുന്നിട്ടും ചിലര്‍ ഭക്തര്‍ ചമഞ്ഞ് ക്ഷേത്രഭരണം കയ്യാളുന്നതിലെ അനീതിയും അധാര്‍മികതയുമാണ് ഈ കോടതി ഉത്തരവ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഭക്തി അന്ധവിശ്വാസമാണെന്നും ക്ഷേത്രങ്ങള്‍ നശിക്കണമെന്നും, അത് പുരോഗതിക്ക് തടസ്സമാണെന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുന്നതിനെ ഒരുതരത്തിലും ഭക്തജനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ഭരണഘടന പദവികള്‍ ഏറ്റെടുക്കുമ്പോള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിക്കുന്നവര്‍ അധികാരവും സമ്പത്തും വോട്ടുബാങ്കുമൊക്കെ നിയന്ത്രിക്കാന്‍ ക്ഷേത്രഭരണത്തില്‍ കയറിക്കൂടുന്നതില്‍ ഒരു ന്യായീകരണവുമില്ല. ദേവസ്വം ബോര്‍ഡുകളില്‍ നിക്ഷിപ്തമായ അധികാരം ദുര്‍വിനിയോഗിച്ച് രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. കോടതി പരിഗണിച്ച ഒറ്റപ്പാലം ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസിലും ഇത് സംഭവിച്ചിരിക്കുന്നു. ട്രസ്റ്റികളായവര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരാണെന്നതും, ക്രിമിനല്‍ കേസ് പ്രതികളാണെന്നതും മലബാര്‍ ദേവസ്വം ബോര്‍ഡ് കണ്ടില്ലെന്ന് നടിച്ച കാര്യം കോടതിയുത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. യോഗ്യതയുള്ളവരെയാണ് നിയമിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന് കോടതി പറഞ്ഞിരിക്കുന്നത് പൂര്‍ണമായും പാലിക്കപ്പെടണം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായിരിക്കുന്നയാള്‍ സജീവ രാഷ്ട്രീയക്കാരനും കമ്യൂണിസ്റ്റും അതുകൊണ്ടുതന്നെ നിരീശ്വരവാദിയുമാണ്. ഒരിക്കല്‍ സിപിഎം വിമതനായി പുറത്തുപോയ ഇയാളെ പ്രീണിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡില്‍ കുടിയിരുത്തുകയായിരുന്നു.
ക്ഷേത്രങ്ങളുടെ ഭരണസംവിധാനത്തില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു എന്നാണ് സമാനമായ നിരവധി കോടതിവിധികള്‍ കാണിക്കുന്നത്. ക്ഷേത്രങ്ങള്‍ രാഷ്ട്രീയ മുക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്ട്രോയുടെ കാലത്ത് ഏറ്റെടുത്ത ക്ഷേത്രസ്വത്തുക്കള്‍ പിന്നീട് പല നിയമനിര്‍മാണങ്ങളിലൂടെയും രാഷ്ട്രീയക്കാര്‍ കയ്യടക്കി വയ്ക്കുകയായിരുന്നു. ഇതിനെതിരെ കോടതി ഉത്തരവുകള്‍ ഉണ്ടായപ്പോഴൊക്കെ അതിനെ മറികടക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു. ഒരു മതേതര രാഷ്ട്രത്തില്‍ ഹിന്ദുക്കളുടെ മാത്രം ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ കയ്യടക്കിവയ്ക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും ഒന്നിലധികം വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായി. ക്ഷേത്രങ്ങള്‍ അതിന്റെ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന സുചിന്തിതമായ നിലപാടാണ് ചിദംബരം ക്ഷേത്രത്തിന്റെയും ആന്ധ്രയിലെ അഹോബിലം ക്ഷേത്രത്തിന്റെയും കാര്യത്തില്‍ സുപ്രീംകോടതി കൈക്കൊണ്ടത്. എന്നിട്ടും രാഷ്ട്രീയക്കാര്‍, അതും നിരീശ്വരവാദികള്‍ ക്ഷേത്രഭരണത്തില്‍ അടയിരിക്കുന്നതിനെ വച്ചുപൊറുപ്പിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: