ന്യൂദല്‍ഹി: കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള് ഉള്‍പ്പെടുന്ന സജീവ ഭരണ നിര്‍വഹണം, സമയബന്ധിത നടപ്പാക്കല്‍ എന്നിവയ്ക്കായുള്ള ഐസിടി അധിഷ്ഠിത ബഹുതല വേദിയായ പ്രഗതിയുടെ യോഗത്തില്‍ ഒമ്പതു പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഒമ്പതു പദ്ധതികളില്‍ മൂന്നെണ്ണം റോഡ് ഗതാഗത ദേശീയപാതാ മന്ത്രാലയത്തില്‍ നിന്നും രണ്ടു പദ്ധതികള്‍ റെയില്‍വേ മന്ത്രാലയത്തില്‍ നിന്നുമാണ്. വൈദ്യുതി മന്ത്രാലയം, കല്‍ക്കരി മന്ത്രാലയം, പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയില്‍ നിന്നാണ് ഓരോ പദ്ധതികള്‍. ഛത്തീസ്ഗഢ്, പഞ്ചാബ്, ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, കേരളം, കര്‍ണാടകം, തമിഴ്നാട്, അസം, ഗുജറാത്ത്, മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ് എന്നീ 13 സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഈ ഒമ്പതു പദ്ധതികള്‍ക്ക് 41,500 കോടി രൂപയിലധികം ചെലവു വരും. അമൃത സരോവര ദൗത്യവും യോഗത്തില്‍ അവലോകനം ചെയ്തു.
അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു പിഎം ഗതിശക്തി പോര്‍ട്ടല്‍ ഉപയോഗിക്കണമെന്നു മന്ത്രാലയങ്ങളോടും സംസ്ഥാന ഗവണ്മെന്റുകളോടും പ്രധാനമന്ത്രി നിര്‍ദേശിച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഭൂമി ഏറ്റെടുക്കല്‍, സാമഗ്രികള്‍ മറ്റൊരിടത്തേക്കു മാറ്റല്‍, മറ്റു പ്രശ്നങ്ങള്‍ എന്നിവ വേഗത്തില്‍ പരിഹരിക്കുന്നതിന് അദ്ദേഹം ഊന്നല്‍ നല്കി. കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്മെന്റുകളും തമ്മിലുള്ള ശരിയായ ഏകോപനം ഉറപ്പാക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
ആശയവിനിമയത്തിനിടെ, പ്രധാനമന്ത്രി ‘അമൃത സരോവര ദൗത്യ’ അവലോകനവും നടത്തി. ബിഹാറിലെ കിശന്‍ഗഞ്ച്, ഗുജറാത്തിലെ ബോട്ടാദ് എന്നിവിടങ്ങളിലെ ഡ്രോണുകള്‍ വഴി അമൃത സരോവര്‍ പ്രദേശങ്ങളുടെ തത്സമയ വീക്ഷണവും അദ്ദേഹം നടത്തി. വര്‍ഷകാലം ആരംഭിക്കുന്നതിനു മുമ്പു ദൗത്യമെന്ന നിലയില്‍ അമൃത സരോവര പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന ഗവണ്മെന്റുകള്ക്കും പ്രധാനമന്ത്രി നിര്‍ദേശം നല്കി. പദ്ധതിക്കു കീഴില്‍ 50,000 അമൃത സരോവരങ്ങള്‍ എന്ന ലക്ഷ്യം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബ്ലോക്കു തല നിരീക്ഷണത്തിനു പ്രധാനമന്ത്രി ഊന്നല്‍ നല്കി.
‘അമൃത സരോവര ദൗത്യം’ എന്ന സവിശേഷ ആശയം രാജ്യത്തുടനീളമുള്ള ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ളതാണ്. ഇതു ഭാവിയില്‍ ജലസംരക്ഷണത്തിനു സഹായകമാകും. ദൗത്യം പൂര്‍ത്തിയാകുമ്പോള്‍, ജലസംഭരണശേഷിയില്‍ ഏകദേശം 50 കോടി ഘനമീറ്റര്‍ വര്‍ധന പ്രതീക്ഷിക്കുന്നു. കാര്‍ബണ്‍ വേര്‍തിരിക്കല്‍ പ്രതിവര്‍ഷം ഏകദേശം 32,000 ടണ്ണാകും. ഭൂഗര്‍ഭജല റീച്ചാര്‍ജില്‍ 22 ദശലക്ഷം ഘനമീറ്ററിലധികം വര്‍ധന പ്രതീക്ഷിക്കുന്നു. മാത്രമല്ല, പൂര്‍ത്തിയായ അമൃത സരോവരങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും പങ്കാളിത്തത്തിന്റെയും കേന്ദ്രങ്ങളായി വികസിക്കുകയും അങ്ങനെ ജനപങ്കാളിത്തത്തിന്റെ മനോഭാവം വര്‍ധിപ്പിക്കുകയും ചെയ്യും. അമൃതസരോവര പ്രദേശങ്ങളില്‍ ശുചിത്വ റാലി, ജലസംരക്ഷണത്തെക്കുറിച്ചുള്ള ജലശപഥം, രംഗോലി മത്സരം പോലുള്ള സ്കൂള്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍, ഛഠ് പൂജ പോലുള്ള മതപരമായ ആഘോഷങ്ങള്‍ തുടങ്ങി നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: