മുംബൈ: ശിവസേന എന്ന പേരും ‘അമ്പും വില്ലും’ ചിഹ്നവും ഷിന്‍ഡേ പക്ഷത്തിന് നല്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ സുപ്രീംകോടതിയെ സമീപിച്ച ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടിയേറ്റു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്കാന് ഷിന്‍ഡേ പക്ഷത്തോട് കോടതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തലില്‍ ഒന്നിലും ഇടപെടാന്‍ തയ്യാറല്ലെന്ന് സുപ്രീംകോടതി വിശദീകരിച്ചതായി അഭിഭാഷകന് മഹേഷ് ജെത് മലാനി പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിലെ ശിവസേനയുടെ ഓഫീസും പാര്‍ലമെന്റിലെ ശിവസേന ഓഫീസും ഏക് നാഥ് ഷിന്‍ഡേയ്ക്ക് നല്കിയതും ഉദ്ധവ് താക്കറെ പക്ഷത്തിന് തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നവും ശിവസേന എന്ന പേരും ഏക്നാഥ് ഷിന്‍ഡേയ്ക്ക് അനുവദിച്ച് നല്‍കിയതിന് പിന്നാലെയായിരുന്നു ഈ നടപടി.
പാര്‍ട്ടി ചിഹ്നവും പേരും ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിന് നല്കിയ തിരെഞ്ഞെുപ്പ് കമ്മീഷന് നടപടിയ്ക്കെതിരെയാണ് ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് 2000 കോടി കൈക്കൂലി വാങ്ങിയാണ് പേരും ചിഹ്നവും ഏക്നാഥ് ഷിന്‍ഡെയ്ക്ക് നല്‍കിയതെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ബുധനാഴ്ച സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. ഈ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് പക്ഷം നല്കിയ അപേക്ഷ സുപ്രീംകോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: