കൊല്ലൂര്‍: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 400 വർഷങ്ങൾക്ക് ശേഷം പുതിയ രഥമെത്തി. 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ രഥം നിർമ്മിച്ചിരിക്കുന്നത്. ഫിബ്രവരി 16ന് മൂകാംബിക ദേവിയ്ക്ക് രഥം സമര്‍പ്പിച്ചു. ഒരു കോടി വിലവരുന്ന പുതിയ രഥം മാർച്ചിൽ നടക്കുന്ന ഘോഷയാത്രയില്‍ ഉപയോഗിക്കും.
പഴയതിന്റെ തനിപകർപ്പാണ് പുതിയ രഥം. കേലടി രാജാക്കന്മാർ ക്ഷേത്രത്തിന് സമ്മാനിച്ചതാണ് പഴയ രഥം. മുരുഡേശ്വരയിലെ വ്യവസായി ആർ എൻ ഷെട്ടിയുടെ മകൻ സുനിൽ ഷെട്ടിയാണ് ഒരു കോടി രൂപ വിലമതിക്കുന്ന പുതിയ രഥം ക്ഷേത്രത്തിന് സമർപ്പിച്ചത്. പുതിയ രഥം കുന്താപൂര്‍ റോഡ് വഴി പൂര്‍ണ്ണകുംഭവും മന്ത്രോച്ചാരണങ്ങളോടും കൂടിയാണ് ക്ഷേത്രത്തില്‍ എത്തിച്ചത്. രഥത്തില്‍ പൂജയും ചെയ്തു. കുന്താപൂരിലെ വിവിധ ക്ഷേത്രങ്ങളിലെ നേതാക്കളും ജനങ്ങളും രഥത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു.
രഥം നിർമ്മിക്കാൻ 9 മാസമെടുത്തു. കുംഭാശിയിലെ വിശ്വകര്‍മ്മ കരകുശല ശില്പകല കേന്ദ്രമാണ് പുതിയ രഥം നിര്‍മ്മിച്ചത്. ദേശീയ അവാർഡ് ജേതാവായ ശില്പി ലക്ഷ്മിനാരായണ ആചാര്യയും മകൻ രാജഗോപാല ആചാര്യയും ചേർന്ന് തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്മരഥം കൊത്തിയെടുത്തത്. ഏറെ ശ്രമകരമായിരുന്നു ഈ ജോലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: