ദിമാപൂര്‍: മലയാളിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ജനിച്ചത് ഗുജറാത്തിലായിരുന്നെങ്കിലും ബാല്യകാലം ചെലവഴിച്ചത് നാഗലാന്റിലാണ്. വ്യോമസേനയില്‍ എയര്‍ കമാന്‍ഡര്‍ ആയിരുന്ന അച്ഛന് എം കെ ചന്ദ്രശേഖര്‍ അവിടെ ജോലി ചെയ്തിരുന്നതിനാലാണത്. അതിനാല്‍ തന്നെ നാഗലാന്റിനോട് പ്രത്യേക മമത രാജീവിനുണ്ട്. നാഗാലാന്റിലെ ജനങ്ങളുമായി അടുത്ത ബന്ധവുമുണ്ട്. ചെറുപ്പകാലത്തെ മധുരസ്മരണകള് അയവിറക്കി കേന്ദ്രമന്ത്രി നാഗലാന്റിലെത്തി. ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പൂര്‍ണ ശക്തി പകരാനാണ് കര്‍ണാടകയില്‍നിന്നുള്ള രാജ്യ സഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ വന്നത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് പ്രാദേശിക പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തി.
രണ്ടാം തവണയാണ് രാജീവ് ചന്ദ്രശേഖര്‍ നാഗാലാന്‍ഡില്‍ രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ്സന്ദര്ശനം നടത്തുന്നത്. ബിജെപി-എന്‍ഡിപിപി സഖ്യം വന്‍ ജനവിധിയോടെ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സര്‍വതോമുഖമായ വികസനം ഉറപ്പാക്കാനായെന്നും നാഗാലാന്റിലെ ജനങ്ങള്‍ സന്തുഷ്ടരാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
60 അംഗ നാഗാലാന്‍ഡ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27 ന് നടക്കും മാര്‍ച്ച് 2 ന് ഫലം പുറത്തുവരും. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി അതായത് എന്‍ഡിപിപിയും ബിജെപിയും യഥാക്രമം 40, 20 സീറ്റുകള്‍ പങ്കിട്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിയുടെ നിരവധി പ്രമുഖ നേതാക്കള്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: