സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ‘പലസ്തീന് ജനതയ്ക്കൊപ്പമെന്ന ലേഖനം(ദേശാഭിമാനി-ഫെബ്രുവരി 16) സിപിഎമ്മില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന മുസ്ലീം വോട്ടുകളെ പ്രീണിപ്പിച്ച് പിടിച്ചു നിര്‍ത്താനുള്ള ഒരടവ് നയം മാത്രമാണ്. പലസ്തീന് ഐക്യദാര്‍ഢ്യദിനം ആഘോഷിക്കാനുള്ള സിപിഎം തീരുമാനത്തില്‍ നിന്നുതന്നെ ഇവരുടെ കാപട്യം വ്യക്തമാണ്. മാത്രമല്ല, ഇപ്പോള്‍ പലസ്തീന്-ഇസ്രയേല്‍ സംഘര്‍ഷങ്ങളൊന്നും പഴയതുപോലെ തീഷ്ണമായി തുടരുന്നുമില്ല. ഇത്തരണുത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നതിന്റെ പ്രസക്തിയെന്താണ്? എം.വി.ഗോവിന്ദന് പലസ്തീന് ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ ചരിത്രം വളച്ചൊടിച്ച് കേരളത്തിലെ മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താനുള്ള തന്ത്രമാണ് ആ ലേഖനത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. അവരുടെ രക്ഷകര്‍തൃത്വം ചമഞ്ഞ്, അവരെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ് സിപിഎം. പലസ്തീന്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ യാഥാര്‍ത്ഥ ചരിത്രം തെറ്റായി അവതരിപ്പിച്ചിരിക്കുന്ന അദ്ദേഹം ചരിത്രത്തോട് വലിയ അപരാധമാണ് ചെയ്യുന്നത്.
പശ്ചിമേഷ്യയില്‍ മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കേ തീരത്ത് സിറിയയ്ക്കും ജോര്‍ദ്ദാനും പടിഞ്ഞാറും ഈജിപ്തിനു വടക്കും ലബനനു തെക്കുമായി കിടക്കുന്ന ഭൂപ്രദേശത്തെ 1947 ല്‍ വിഭജിച്ച് ഇസ്രായേല്‍ എന്നും പലസ്തീന് എന്നും രണ്ടു രാജ്യങ്ങളായി യുഎന്‍ പ്രഖ്യാപിച്ചു. ആ ഭൂപ്രദേശത്തിന്റെ 56 ശതമാനം ഇസ്രായേല്‍ രാജ്യത്തിനും 44 ശതമാനം പാലസ്തീന് രാജ്യത്തിനുമായി പകുത്തു നല്കി. യുഎന്‍ തീരുമാനത്തെ ഇസ്രായേല്‍ അംഗീകരിച്ചു. എന്നാല്‍ യുഎന്‍ പ്രഖ്യാപനം അനുസരിച്ച് നിലവില്‍ വന്ന ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കാന്‍ പലസ്തീനും മറ്റ് അറബ് രാജ്യങ്ങളും തയ്യാറായില്ല. യുഎന്‍ പ്രഖ്യാപനത്തെ തള്ളിക്കൊണ്ടും മുസ്ലീം രാജ്യങ്ങള്‍ക്കിടയില്‍ മറ്റൊരു രാജ്യം തങ്ങള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടും അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ ചുറ്റുമുള്ള സിറിയ, ജോര്‍ദാന്‍, ഈജിപ്ത്, പലസ്തീന് മുതലായ രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ഇസ്രായേലിനെ ആക്രമിച്ചു. സൗദി അറേബ്യ, ഇറാഖ് എന്നീ പ്രമുഖ അറബിരാജ്യങ്ങളും ഒപ്പം കൂടി.
ലോകത്തിന്റെ പലഭാഗത്തും ചിന്നിച്ചിതറി കിടന്ന ജനത ഒന്നിച്ചെത്തിയ ആ ഘട്ടത്തില്‍ അറബിരാജ്യങ്ങള്‍ വളഞ്ഞ് ആക്രമിച്ചപ്പോള്‍ ഇസ്രായേലില്‍ ഒരു സൈന്യം പോലും കൃത്യമായി നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. യഹുദ ജനതയുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ് അറബിരാജ്യങ്ങളോട് മുഴുവന്‍ അവര്‍ ഒറ്റയ്ക്കു നിന്നു പൊരുതിയത്. പലസ്തീന്, ജോര്‍ദ്ദാന്‍, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളിലെ ചെറിയൊരു ഭാഗം ഈ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചടക്കി.
1948 ലെ യുദ്ധത്തില്‍ ഇസ്രായേലിനോട് അടിയറവു പറഞ്ഞെങ്കിലും ആ രാജ്യത്തെ അംഗീകരിക്കുകയോ അതു നിലനില്ക്കാന് അനുവദിക്കുകയോ ചെയ്യില്ലെന്ന് അറബി രാജ്യങ്ങള്‍ പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അതിനായി ഇടയ്ക്കിടെ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറ്റം നടത്തി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഇസ്രായേലിനെ പാടെ നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ അറബിരാജ്യങ്ങള്‍ ശക്തിയാര്‍ജ്ജിച്ച് 1967-ല്‍ അവര്‍ ശക്തമായ യുദ്ധം ആരംഭിച്ചു. ഈ കാലയളവിനിടെ ഇസ്രായേല്‍ തങ്ങളുടെ സൈനികശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ചുകൊണ്ട് അറബിരാജ്യങ്ങളെ തുരുത്തുക മാത്രമല്ല ഇസ്രായേല്‍ ചെയ്തത്. പലസ്തീന് രാജ്യത്തിനായി യുഎന്‍ അനുവദിച്ചുകൊടുത്ത വെസ്റ്റ് ബാങ്ക് മേഖലയും ഗാസാപ്രദേശങ്ങളും സിറിയയില്‍ നിന്നും ഗോലാന്‍കുന്നുകളും ജോര്‍ദ്ദാന്റെയും ഈജിപ്തിന്റെയും ചില പ്രദേശങ്ങളും ഇസ്രായേല്‍ കീഴടക്കി. ഈ യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്രായേലിനെ സഹായിക്കാന്‍ റഷ്യ തയ്യാറെടുപ്പു നടത്തുന്നതിനിടെ അതിനു തടയിടാനായി അമേരിക്ക ചാടിവീണ് ഇസ്രായേലിന്റെ രക്ഷകര്‍തൃത്വം ഏറ്റെടുത്തുവെങ്കിലും അമേരിക്ക യുദ്ധത്തില്‍ പങ്കാളിയായില്ല. പക്ഷേ അതോടുകൂടി ഇസ്രായേലുകളുമായി അവര്‍ അഭേദ്യമായൊരു ബന്ധം സ്ഥാപിച്ചെടുത്തു.
അറബിരാജ്യങ്ങള്‍ തുടക്കമിട്ട 1967 ലെ യുദ്ധം അവസാനിച്ചപ്പോള്‍ പലസ്തീന് എന്ന രാജ്യം തന്നെ ഇല്ലാതായി. തങ്ങളുടെ ഭൂപ്രദേശമായി യുഎന്‍ അനുവദിച്ചു തന്നെ 56 ശതമാനത്തില്‍ നിന്നും 77 ശതമാനമായി ഇസ്രായേല്‍ 1967 യുദ്ധത്തോടെ ഉയര്‍ത്തിയെടുത്തു. പലസ്തീന് രാജ്യത്തിനു വെസ്റ്റ് ബാങ്കും ഗാസയും പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ചെറിയൊരു ഭൂപ്രദേശമായി പലസ്തീന് ഒതുങ്ങി. കൂടെ നിന്ന അറബിരാജ്യങ്ങള്‍ യുദ്ധത്തില്‍ നിന്നു പിന്‍വാങ്ങി. എങ്കിലും ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസര്‍ സമാധാനസന്ധിയിലൂടെ നീങ്ങിയതിനാല്‍ പിടിച്ചെടുത്ത ഈജിപ്ഷ്യന്‍ ഭൂപ്രദേശങ്ങള്‍ ഇസ്രായേല്‍ അവര്‍ക്കു വിട്ടുകൊടുത്തു. തങ്ങള്‍ പിടിച്ചെടുത്ത ജോര്‍ദാന്‍ പ്രദേശം ജോര്‍ദാനും ഗോലാന്‍ കുന്നുകളിലെ സിംഹഭാഗവും സിറിയയ്ക്കും 1978ലെ ക്യാമ്പ് ഡേവിഡ് കരാര്‍ പ്രകാരം ഇസ്രായേല്‍ വിട്ടുകൊടുത്തു. ഗോലാന്‍ കുന്നുകളിലെ ചില ഭാഗങ്ങള്‍ ഇന്നും ഇസ്രായേലിന്റെ കൈയിലുണ്ട്. ഇസ്രായേലുമായുള്ള യുദ്ധത്തില്‍ നിന്ന് മറ്റ് അറബിരാജ്യങ്ങള്‍ പിന്മാറിയതോടെ പലസ്തീന് ഒറ്റപ്പെടുകയും വെസ്റ്റ്ബാങ്ക് പ്രദേശവും ഗാസാമേഖലയും നഷ്ടപ്പെട്ട ഭൂപ്രദേശമായി പലസ്തീന് ചുരുങ്ങുകയും ചെയ്തു.
അതേത്തുടര്‍ന്നുള്ള കാലഘട്ടത്തിലാണ് പലസ്തീനില്‍ ഫത്താ പാര്‍ട്ടിയും ഹമാസും വളര്‍ന്നു തുടങ്ങിയത്. ഫത്തപാര്ട്ടിയിലൂടെ പലസ്തീന്റെ അനിഷേധ്യനേതാവായി യാസര്‍ അരാഫത്ത് മാറി. തുടക്കത്തിലെ തീവ്രവാദം അരാഫത്ത് ഏറെക്കുറെ ഉപേക്ഷിച്ച് ചര്‍ച്ചകള്‍ക്കായി മുന്നോട്ടുവരികയും തങ്ങള്‍ക്കു നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടാനായി സഹായിക്കണമെന്നു ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അരാഫത്തിന്റെ അഭ്യര്‍ത്ഥനയെ ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചു. അതിന്റെ ഫലമായി 2005 ല്‍ ഗാസാ മേഖല ഇസ്രായേല്‍ പലസ്തീന് തിരിച്ചു നല്കി. അത് അന്നത്തെ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ കാണിച്ച വിഡ്ഢിത്തമായും ഇസ്രായേല്‍ ജനങ്ങളോട് കാണിച്ച വഞ്ചനയായും ഭൂരിപക്ഷം ഇസ്രായേലികളും ഇപ്പോള്‍ കരുതുന്നു. യുദ്ധത്തില്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക് പ്രദേശത്ത് അഞ്ചുലക്ഷത്തോളം യഹൂദരെ ഇസ്രായേല്‍ സര്‍ക്കാര്‍ കുടിയേറി പാര്‍പ്പിച്ചു.
ഗാസാമേഖലയില്‍ ഇസ്രായേല്‍ കുടിയേറ്റം നടത്തിയതായി തെറ്റായി എം.വി.ഗോവിന്ദന് എഴുതിയിരിക്കുന്നു. ഗാസാമേഖല പലസ്തീന് ഇസ്രായേല്‍ വിട്ടുകൊടുത്തശേഷം ആ മേഖല പൂര്‍ണ്ണമായും പലസ്തീന്റെ ഭാഗമായി നിലകൊള്ളുന്നു. അതില്‍ ഇസ്രായേലിനു തര്‍ക്കമില്ല. വെസ്റ്റ് ബാങ്കിന്റെ പേരിലാണ് സംഘര്‍ഷം. ഇതാണ് പലസ്തീന് ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥചരിത്രം. ഹമാസ് വെസ്റ്റ്ബാങ്ക് ഭാഗത്തും ഇസ്രായേലിന്റെ ഇതരഭാഗത്തും കയറി രക്തച്ചൊരിച്ചില്‍ നടത്തുമ്പോള്‍ ഇസ്രായേല്‍ ഗാസയില്‍ കയറി അതിനെക്കാള്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ നടത്തുന്നു. യുദ്ധത്തില്‍ പിടിച്ചെടുത്ത ഗാസാമേഖല വിട്ടുകൊടുക്കുകയും വെസ്റ്റ് ബാങ്ക് ഇസ്രായേലിന്റെ ഭാഗമാകുകയും ചെയ്തതിന്റെ പേരില്‍ പലസ്തീന് ഇനി എത്ര സംഘര്‍ഷം സൃഷ്ടിച്ചാലും തിരിച്ചുകിട്ടില്ലായെന്നതാണ് സമകാലീന യാഥാര്‍ത്ഥ്യം. ഇന്ന് വെസ്റ്റ്ബാങ്ക് പ്രദേശം ഇസ്രായേല്‍ രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമാണ്. ഇത് സൗദി അറേബ്യ, യുഎഇ മുതലായ അറബിരാജ്യങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. ഇത് പലസ്തീന്കൂടി മനസ്സിലാക്കി അംഗീകരിച്ചാല്‍ പലസ്തീന് ഇസ്രയേല്‍ സംഘര്‍ഷം അവിടെ അവസാനിക്കും.
പലസ്തീന്റെ പ്രതീകമായി ലോകത്ത് അറിയപ്പെടുന്ന യാസര്‍ അരാഫത്തിന്റെ മരണത്തോടെ, തീവ്രവാദി സംഘടനയായ ഹമാസ് ശക്തിപ്രാപിച്ചു. ഇസ്രായേലിലേക്കു കൂടുതല്‍ റോക്കറ്റുകള്‍ തൊടുത്തുവിടാന്‍ ഹമാസ് തുടങ്ങി. ഈ റോക്കറ്റുകളെ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രായേല്‍ നേരിട്ടുവെങ്കിലും ചുരുക്കം ചിലതു ലക്ഷ്യത്തിലെത്തി. 2005 നു ശേഷം 12,000 ത്തിലധികം റോക്കറ്റുകള്‍ ഹമാസ് ഇസ്രയേലിലേക്കു വിക്ഷേപിച്ചുവെന്നാണ് കണക്ക്. കൊച്ചു കുട്ടികളെയും സ്ത്രീകളെയും മനുഷ്യബോംബായി ഹമാസ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെ കൊന്നുമരിച്ചാല് ഉടന്‍ സ്വര്‍ഗ്ഗം കിട്ടുമെന്നാണ് തീവ്രവാദികളുടെ പ്രചരണം. പലരും അത് വിശ്വസിച്ച് മനുഷ്യബോംബുകളായി മാറുന്നു. ഇതിനു പുറമെ സ്ത്രീകളെയും കുട്ടികളെയും മറകളായും ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ ഹമാസിനെ ലക്ഷ്യംവച്ചുള്ള ഇസ്രായേലിന്റെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നു. ഹമാസ് നടത്തുന്ന ഓരോ ആക്രമണത്തിനും പലമടങ്ങ് വരുന്ന തിരിച്ചടി ഇസ്രായേലി സൈന്യം ഹമാസിന് നല്കിക്കൊണ്ടിരിക്കുന്നു. ഇസ്രേയലി സൈന്യത്താല്‍ കൊല്ലപ്പെടുന്ന പലസ്തീനികളുടെയും കുട്ടികളുടെയും മരണങ്ങള് മുതലാക്കാനും ഹമാസ് ശ്രമിക്കുന്നു. ഓരോ മരണവും ഓരോ ഘോഷയാത്രയാക്കി മാറ്റി മറ്റ് അറബി രാജ്യങ്ങളുടെ വൈകാരികതലങ്ങളെ ചൂഷണം ചെയ്യുകയാണ് ഹമാസ്. അറബ് രാജ്യങ്ങളില്‍ നിന്നു കിട്ടുന്ന വമ്പിച്ച ധനസഹായംകൊണ്ടാണ് ഹമാസ് വളരുന്നതും റോക്കറ്റുകളും ആയുധങ്ങളും വാങ്ങിക്കൂട്ടുന്നതും.
മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. എം.വി.ഗോവിന്ദന് കേരളത്തിലെ മുസ്ലിം വികാരം ഉണര്‍ത്താനായാണ് പലസ്തീന് ഐക്യദാര്‍ഢ്യദിനം ആചരിക്കാനായി സെമിനാറുകളും കവലപ്രസംഗങ്ങളും നടത്താന്‍ പോകുന്നത്. സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരം കള്ള പ്രചാരവേലകളില്‍ ഒന്നു മാത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: