തൃശൂര്‍: നഗരത്തില്‍ റോഡു മുറിച്ചുകടക്കാന്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സിഗ്നല്‍ ലൈറ്റ് കാണാന്‍ കണ്ണില്ലാത്തവര്‍ എന്തുചെയ്യും. പരിഹാരവുമായി എത്തിയിരിക്കുന്നത് സിറ്റി പോലീസ് തന്നെയാണ്. നായ്കനാല്‍ ജംഗ്ഷനിലാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റേതാണ് ആശയം. ട്രാഫിക് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പി. ബിനന്റെ മേല്‍നോട്ടത്തില്‍ പോലീസ് അക്കാദമിയിലെ സബ് ഇന്‍സ്പെക്ടറും ഇലക്ട്രോണിക്സ് ബിരുദ ധാരിയുമായ സബ് ഇന്‍സ്പെക്ടര്‍ ബോബി ചാണ്ടിയാണ് ഇത് നിര്‍മ്മിച്ചത്.
പ്രവര്‍ത്തനം ഇങ്ങനെ
സ്വരാജ് റൗണ്ടില്‍ നായ്കനാല്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റ് അനുസരിക്കാതെ വാഹനങ്ങള്‍ മറികടക്കുകയും ഇതുമൂലം നിരവധി അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. വാഹനങ്ങള്‍ സീബ്രാലൈനിലേക്ക് കയറ്റി നിര്‍ത്തുന്നതുമൂലം യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സാധിക്കാതെ വരികയും, സിഗ്നല്‍ ലൈറ്റില്‍ പച്ചവെളിച്ചം തെളിയുമ്പോള്‍ അമിതമായ ഹോണ്‍ ഉപയോഗം മൂലം ശബ്ദമലിനീകരണവും സൃഷ്ടിക്കപ്പെടുന്നു. വടക്കുന്നാഥ ക്ഷേത്രമൈതാനത്തേക്കും തിരിച്ചും റോഡ് മുറിച്ചുകടക്കുന്നവരില്‍ പലരും അംഗപരിമിതരും കാഴ്ചശക്തിയില്ലാത്തവരുമാണ്. റോഡ് മുറിച്ചുകടക്കുന്നവരില്‍ നിരവധി മുതിര്‍ന്ന പൗരന്മാരും ഉണ്ടാകും. ഇതെല്ലാം കണക്കിലെടുത്ത്, സിഗ്നല്‍ ലൈറ്റ് അനുസരിക്കാത്തവരേയും ട്രാഫിക് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയും കണ്ടെത്താന്‍ നമ്പര്‍ പ്ലേറ്റ് റീഡിങ്ങ് സംവിധാനത്തോടെയുള്ള നിരവധി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും ദൃശ്യങ്ങള്‍ തത്സമയം കണ്ട്രോള് റൂമിലേക്ക് കൈമാറും. നിയമലംഘകര്‍ക്ക് ദൃശ്യങ്ങളടക്കം അയച്ചുനല്‍കി പിഴയീടാക്കും.
നിലവില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റിനെ പോലീസുദ്യോഗസ്ഥനായ ബോബിചാണ്ടി രൂപകല്‍പ്പനചെയ്ത് നിര്‍മ്മിച്ച മറ്റൊരു ഉപകരണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. സിഗ്നലില്‍ ചുവപ്പുലൈറ്റ് തെളിയുമ്പോള്‍ ഈ ഉപകരണത്തിന്റെ മുകള്‍ ഭാഗം കറങ്ങുകയും, പ്രത്യേക വിസില്‍ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ ഈ ശബ്ദം കേട്ട്, കാഴ്ചശക്തിയില്ലാത്തവര്‍ക്ക് റോഡുമുറിച്ചുകടക്കാന്‍ സഹായിക്കും. കാഴ്ചശക്തിയും കേള്‍വിശക്തിയുമില്ലാത്തവര്‍ക്ക് ഉപകരണത്തിന്റെ മുകളില്‍ തൊട്ടുനോക്കി, റോഡ് മുറിച്ചുകടക്കേണ്ട സമയം മനസ്സിലാക്കാം. നായക്കനാല്‍ സിഗ്നല്‍ ലൈറ്റ് പ്രദേശത്ത് ഇത്തരത്തിലുള്ള നാല് ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്വരാജ് റൗണ്ടില്‍ നിന്നും തേക്കിന്‍കാട് മൈതാനത്തേക്ക് മുറിച്ചുകടക്കുന്നയിടത്തും, ഷൊര്‍ണൂര്‍ റോഡ് മുറിച്ചുകടക്കുന്നിടത്തുമാണ് ഇത് ഇത് സ്ഥാപിച്ചിരിക്കുന്നത്.
മാതൃകാ സിഗ്നല്‍ സംവിധാനം
തൃശൂര്‍ നഗരത്തിലെ ഗതാഗത സംവിധാനത്തെ പൊതുജനസൗഹൃദമാക്കി മാറ്റുന്നതിനുവേണ്ടിയുള്ള കാല്‍വെപ്പാണിത്. നൂതന ആശയങ്ങള്‍ പോലീസ് തന്നെ നടപ്പിലാക്കി കാണിക്കുകയാണ്. ഈ ഉപകരണം നിര്‍മ്മിക്കുന്നതിന് ചിലവായ തുകയും പോലീസുദ്യോഗസ്ഥര്‍ തന്നെയാണ് വഹിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: