ഗുസ്തി ഞാന്‍ പഠച്ചിട്ടില്ല, പല അവസരങ്ങളിലും ചിലരോടെങ്കിലും ‘ഗുസ്തിപിടിക്കേണ്ടി’ വന്നിട്ടുണ്ടെങ്കിലും. പക്ഷേ, സൈന്യത്തില്‍ ഉയര്‍ന്ന റാങ്കില്‍ ജോലിചെയ്തിരുന്ന ബന്ധു, സര്‍വീസിലിരിക്കെ മിക്ക സംസ്ഥാനങ്ങളിലെയും നാടന്‍ ആയോധന കലകള്‍ വശമാക്കിയ ആളായിരുന്നു. ഗുസ്തിയെക്കുറിച്ച് അദ്ദേഹം പലതും പറഞ്ഞ വഴിയില്‍ ‘കരടിപ്പിടിത്ത’ത്തെക്കുറിച്ച് കുട്ടിക്കാലത്ത് പറഞ്ഞുതന്നതോര്‍ക്കുന്നു. ‘ബിയര്‍ ഹഗ്’ എന്നാണ് പ്രശസ്തം. സൗഹാര്‍ദ്ദവും സ്‌നേഹവും ഗാഢമായി പ്രകടിപ്പിക്കുന്ന ആലിംഗനത്തെയും ബിയര്‍ ഹഗ് എന്ന് വിളിക്കാറുണ്ട്. ഗുസ്തിയില്‍ ‘ഇന്‍വര്‍ട്ടഡ് ബിയര്‍ ഹഗ്ഗു’മുണ്ട്; അതായത് പിന്നില്‍നിന്ന് എതിരാളിയെ കെട്ടിപ്പിടിക്കുന്ന ‘കരടിപ്പിടിത്തം’. അത് എതിരാളിയുടെ നെഞ്ചിന്‍കൂട് തകര്‍ക്കുന്ന പിടിയായിരിക്കും. ശ്വാസകോശംവരെ തകര്‍ന്നുപോകും. ശ്വാസം കിട്ടാതെ തളര്‍ന്നുപോകും. തോല്‍വി സമ്മതിക്കണം, അല്ലെങ്കില്‍ പരലോകംപൂകും.
അട്ടപ്പാടിയിലെ കാട്ടുപാട്ടുകാരി നാഞ്ചിയമ്മയെ ലോകത്തിനുമുന്നിലെത്തിച്ച, അന്തരിച്ച സിനിമാ സംവിധായകന്‍ സച്ചിയുടെ വിളിക്കൊണ്ട സിനിമയായ ‘അയ്യപ്പനും കോശിയും’ കണ്ടവര്‍ക്കറിയാം ‘മുണ്ടൂര്‍ മാടനെ’. മുണ്ടൂര്‍ മാടന്‍ ഈ ഗുസ്തി ടെക്‌നിക്കാണ് എതിരാളികള്‍ക്കെതിരേ വിനിയോഗിച്ചിരുന്നത്. ജന്മിമാര്‍ വിനിയോഗിച്ചാലും സഖാക്കള്‍ വിനിയോഗിച്ചാലും മാടന്മാര്‍ ചെയ്യുന്നത് ഒരേ പ്രവൃത്തിയായിരുന്നു. എതിരാളിയെ നെഞ്ചിന്‍കൂട് തകര്‍ത്ത് കൊന്നുകളയുക. കെട്ടിപ്പിടിച്ച്, കൊല്ലുക.
‘അയ്യപ്പനും കോശിയും’ സിനിമയില്‍ ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന പോലീസിന് ആ ജോലി കിട്ടും മുമ്പ് അയാള്‍ മുണ്ടൂര്‍ മാടനായിരുന്നു. ആരാണ് മുണ്ടൂര്‍ മാടന്‍?
”നീ കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ, തൃശ്ശൂര്‍ കുമ്മാട്ടിയല്ല മുണ്ടൂര്‍ കുമ്മാട്ടി. പണ്ട്, ജന്മിമാര്‍ കുമ്മാട്ടിക്കോലത്തില്‍ പാണ്ടികളെ ഇറക്കും. എതിര് നില്‍ക്കുന്ന യൂണിയന്‍ പ്രവര്‍ത്തനമുള്ള ഹരിജന്‍സഖാക്കളെ തീര്‍ക്കാന്‍. ആദ്യത്തെ കുമ്മാട്ടിക്ക് കുറച്ച് സഖാക്കള്‍ തീര്‍ന്നു. പിന്നത്തെ കുമ്മാട്ടിക്ക് തീര്‍ന്നത് 13 പാണ്ടികളാണ്. ചെയ്തത് ആരാണെന്ന് പോലീസിന് പിടികിട്ടിയില്ല, പക്ഷേ, പാര്‍ട്ടിക്ക് കിട്ടി. 25 തികയാത്തൊരു പയ്യനെ കുമ്മാട്ടിക്കോലത്തില്‍ കൊണ്ടുവന്ന് നിര്‍ത്തി എംഎല്‍എ ചാത്തന്‍മാഷിന്റെ മുന്നില്‍. മാഷ് അവനോട് പറഞ്ഞു, മോനേ നീ ചെയ്തതൊന്നും തെറ്റല്ല, ചെറുത്തുനില്‍പ്പാണ്. പക്ഷേ, ഇനി നീ എന്ത് ചെയ്യുമ്പോഴും നിന്റെ കൂടെ നിയമം വേണം, എന്നുപറഞ്ഞ് നിര്‍ബന്ധിച്ച് അവനെ പോലീസില്‍ ചേര്‍ത്തു. ആ പയ്യന്റെ പേരാണ് അയ്യപ്പന്‍ നായര്‍, പിന്നീട് ‘മുണ്ടൂര്‍ മാടന്‍’ എന്നൊരു വിളിപ്പേരും കിട്ടി. യൂണിഫോമില്‍ കയറിയതുകൊണ്ട് അവന്‍ ഒതുങ്ങി, മയപ്പെട്ടു. ആ യൂണിഫോമാണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്. കണ്ടറിയണം കോശീ ഇനി നിനക്ക് എന്താ സംഭവിക്ക്യാന്ന്…” സിനിമയില്‍ അയ്യപ്പന്റെ എതിരാളിയായിത്തീര്‍ന്ന് അയാളുടെ ജോലികളഞ്ഞ കോശിക്ക് (പൃഥ്വിരാജ്), സിനിമയില്‍ സിഐ സതീഷിന്റെ വേഷം കെട്ടിയ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട് നല്‍കുന്ന വിശദീകരണമാണിത്.
ഇത്രയും പറഞ്ഞത് ആനുകാലികമായ രണ്ടു കാര്യങ്ങള്‍ ഏറെ വിശദീകരിക്കാതെ പറയാനാണ്. മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അവിഹിത രാഷ്‌ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പറയുമ്പോള്‍ ”അവര്‍ ദല്‍ഹിയില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാ”ണെന്ന് പറയുമായിരുന്നു. ദോസ്താക്കി പാര്‍ട്ടി സ്‌നേഹാലിംഗനം ചെയ്ത ബിയര്‍ ഹഗ്, ഗുസ്തിയിലെ ‘ഇന്‍വെര്‍ട്ടഡ് ബിയര്‍ ഹഗ്’ ആയി മാറുന്ന കാഴ്ചയാണ് സിപിഎമ്മില്‍ കണ്ണൂരിലെ തില്ലങ്കേരിയില്‍നിന്നും ആകാശ് തില്ലങ്കരിയില്‍നിന്നും തുടങ്ങി കണ്ണൂര്‍ അതിരും കടന്ന് കേരളമാകെ പെരുകിവീര്‍ത്ത് നില്‍ക്കുന്നത്. മുണ്ടൂര്‍ മാടന്മാരുടെ ലോങ് മാര്‍ച്ചാണ് അവിടെ നടക്കുന്നത്. അതിന് തടയിടാന്‍ എതിര്‍പ്പിന്റെ ‘അരുംകൊല മാടന്മാര്‍’ ഇറങ്ങിയേക്കാം, അവരെ ഇറക്കിയേക്കാം.
തില്ലങ്കരിയില്‍ ‘പാര്‍ട്ടിക്കുവേണ്ടി (സിപിഎം) പാര്‍ട്ടി നേതാക്കള്‍ നിര്‍ദേശിച്ച പ്രകാരം എതിരാളികളെ കൊന്നുതള്ളിയവ’രുടെ വിവരങ്ങള്‍ പാര്‍ട്ടി സഖാവുതന്നെ വെളിപ്പെടുത്തിയതാണ് സംഭവങ്ങളുടെ തുടക്കം. തില്ലങ്കേരി മാടന്മാര്‍ക്ക് കിട്ടേണ്ടത് കിട്ടിയില്ല. കൊല്ലിച്ചവര്‍ക്ക് അധികം കിട്ടി. സിനിമാ ഡയലോഗ് പോലെ ‘ഇനിചെയ്യുന്നത് ഔദ്യോഗികമാക്കാനോ’, ഉദ്യോഗം കിട്ടിയതുകൊണ്ട് ഇനി ചെയ്യാതിരിക്കാനോപോലും തില്ലങ്കേരിമാടന്മാരെ പാര്‍ട്ടി പരിഗണിച്ചില്ല. ഇഷ്ടാനുസരണം ജീവിക്കാന്‍ അവര്‍ സ്വര്‍ണം കടത്തി, സ്വര്‍ണം പൊട്ടിച്ചു (കൊള്ള). അവരാണ് ഇപ്പോള്‍ രണ്ടിനും തുനിഞ്ഞ് ഇറങ്ങിയിരിക്കുന്നത്; വീണ്ടും ഒരു വാക്കുമാത്രം മാറ്റി ആ സിനിമാ ഡയലോഗ് പറയാം: ”കണ്ടറിയണം പാര്‍ട്ടീ ഇനി നിനക്ക് എന്താണ് സംഭവിക്യാന്ന്..”
സിപിഎം ചൊല്ലും ചോറും കൊടുത്തുവളര്‍ത്തിയവരാണ് ഈ കൊലയാളികള്‍. അത് അവര്‍തന്നെ സമ്മതിക്കുന്നു. ഒരു ഷുഹൈബിന്റെ കൊലപാതകക്കാര്യം മാത്രമാണ് വിളിച്ചു പറഞ്ഞിരിക്കുന്നത്. അങ്ങനെ എത്രയെത്രയുണ്ടാവും കണ്ണൂരിന്റെ, കേരളത്തിന്റെ ചരിത്രമെടുത്താല്‍. ‘ചുവപ്പന്‍ ഭീകരത’ തനിച്ചും അത് പിന്നീട് ‘പച്ച’യുമായി ചേര്‍ന്നും കേരളത്തില്‍ നടത്തിയ ഭീകര പ്രവര്‍ത്തനങ്ങളുടെ ചോരക്കറ എത്രത്തോളമാണ്. കെ.ടി ജയകൃഷ്ണന്‍, അശ്വിനികുമാര്‍, കതിരൂര്‍ മനോജ്, ടി.പി. ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍… എത്രയെത്രയാണ്!! എണ്ണാന്‍ തുടങ്ങിയാല്‍ വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ തുടങ്ങണമല്ലോ…
ആകാശ് തില്ലങ്കരിയുടെ ഫേസ്ബുക് വെളിപ്പെടുത്തലും അതിനുമുമ്പും പിന്‍പുമുള്ള അക്ഷരംകൊണ്ടുള്ള സാംസ്‌കാരിക മലിനീകരണവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സകലതലത്തിലുമുള്ള വികൃതമുഖമാണ് തുറന്നുകാട്ടുന്നത്. ഇനി, കൊന്നിട്ട് ‘ജഡങ്ങള്‍ ഉപ്പിട്ട് കുഴിച്ചുമൂടി തെളിവില്ലാതാക്കാന്‍ ഇപ്പോഴുള്ള ഒരു പരമോന്നത നേതാവ് കൊടുത്ത വിവരണ ഉപദേശംകൂടി അതൊക്കെ ചെയ്തവര്‍തന്നെ ഏറ്റുപറഞ്ഞാല്‍മതി, ലോകത്തെ ഏറ്റവും ക്രൂരന്മാരായ ലെനിന്‍, സ്റ്റാലിന്‍, മാവോ, ഹിറ്റ്‌ലര്‍, കിം ജോങ് തുടങ്ങിയ പരിഷകളുടെ പട്ടികയിലേക്ക് കേരളനേതാവിന്റെ പേരും ചേര്‍ക്കാന്‍ യോഗ്യതയാകും.
കൊല്ലാന്‍ പറഞ്ഞുവെന്നത് നേരാണ്, പക്ഷേ അങ്ങനെ പറഞ്ഞവര്‍ക്ക് ഞങ്ങളുമായി ഇപ്പോള്‍ ബന്ധമില്ലെന്ന് പറഞ്ഞാല്‍ എല്ലാമായോ? സിപിഎം സംസ്ഥാന സെക്രട്ടറി ഇപ്പോള്‍ അതിനാണ് പണിപ്പെടുന്നത്. കാലില്‍ ചവിട്ടിയതിന് സോറി പറയുംപോലെയല്ല കാര്യങ്ങള്‍ എന്നെങ്കിലും തിരിച്ചറിയാന്‍ കഴിയാത്ത നേതൃത്വത്തിന് പറ്റിയത് ഇതാണ്, അവര്‍ ഏതോകാലത്തെ ജന്മിമാര്‍ക്കെതിരേ ‘ക്രൂരതയുടെ ഫാമുകളില്‍ വിരിയിച്ച മാടന്മാര്‍’, ഇപ്പോള്‍ ഇവര്‍ട്ടഡ് ബിയര്‍ ഹഗ് നടത്തുന്നു. പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കളുടെയും നെഞ്ചിന്‍കൂട് പൊട്ടിക്കുന്നു. പിടിച്ചു നില്‍ക്കാനാവില്ല, കീഴടങ്ങിയാല്‍ ജീവനെങ്കിലും കിട്ടാം.
‘വാളെടുത്തവന്‍ വാളാല്‍’, ‘വിതച്ചതേ കൊയ്യൂ’, തുടങ്ങിയ ചൊല്ലുകളിലൊതുങ്ങിത്തീരില്ല ഇത്. ‘കാറ്റുവിതച്ച് കൊടുങ്കാറ്റു കൊയ്യ’ലോ ‘ബൂമറാങ്ങ് എറിഞ്ഞവന്റെ മുഖത്ത് ഇടിച്ചിറങ്ങലോ’ അല്ല. ചുവന്ന മാടന്മാര്‍ ചുവന്ന പാര്‍ട്ടിക്ക് മാത്രമല്ല, സമൂഹത്തിന്, രാജ്യത്തിന് ക്ഷുദ്രബാധ്യതയാകുകയാണ്. ഈ കീടങ്ങളെ ഇല്ലാതാക്കാന്‍ മിത്രകീടങ്ങളെ ഇറക്കാനാണ് ഇപ്പോള്‍ ശ്രമം. പക്ഷേ, ഒതുക്കിത്തീര്‍ക്കലിന് അപ്പുറത്തേക്ക് ഈ കാര്യത്തില്‍ നീതിന്യായ-കുറ്റാന്വേഷണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണം. നക്‌സല്‍ വര്‍ഗീസിനെ പോലീസ് കൊന്നത് സംബന്ധിച്ച് മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ വെളിപ്പെടുത്തിയില്ലേ, അത് അരും കൊലയായിരുന്നുവെന്ന്. 1970 ഫെബ്രുവരി 18നായിരുന്നു അത്. ഇന്നലെയായിരുന്നു ആ ക്രൂരതയ്‌ക്ക് 52 വര്‍ഷമായത്. തുടര്‍ന്ന് 40 വര്‍ഷത്തിനു ശേഷം സിബിഐ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയെന്ന് കണ്ടെത്തി. കുറ്റക്കാരെ ശിക്ഷിച്ചു. 2018 ഫെബ്രുവരി 12 നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വഴിയോരത്ത് പട്ടാപ്പകല്‍ കശാപ്പ് ചെയ്യപ്പെട്ടത്; സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് അത് നടത്തിയതെന്ന് കൊലയാളി ആകാശ് തില്ലങ്കരി വെളിപ്പെടുത്തിയത് നാലുദിവസം മുമ്പാണ്. പോലീസിനെ വിനിയോഗിച്ച്, ഭരണകൂടം വര്‍ഗീസിന്റെകാര്യത്തില്‍ ചെയ്തതുപോലെ ഈ കേസിലും കേസൊതുക്കലും വളച്ചൊടിക്കലും അടക്കം ചിലത് ചെയ്യാന്‍ പോകുന്നുവെന്നാണ് പലരും ആശങ്ക ഉയര്‍ത്തുന്നത്. സിബിഐയെ പോലെയുള്ള ഏജന്‍സികള്‍ ഇന്ന് രാഷ്‌ട്രീയ സമ്മര്‍ദ്ദമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. മികച്ച അവസരമാണ് കേരളത്തിലെ രാഷ്‌ട്രീയ ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍. വിദഗ്‌ദ്ധ ഏജന്‍സിയുടെ അന്വേഷണമാണ് ഉചിതമെന്നാണ് ജനാഭിപ്രായം.
മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ സര്‍വനിയന്ത്രിതാവുമായ പിണറായി വിജയനാണ് ആശയവും ആവേശവും ആള്‍രൂപവും കൊടുത്ത ഒരു വിഭാഗം സഖാക്കളെക്കൊണ്ട് പലതും ചെയ്തതിന് ഇന്ന് ഇതൊക്കെ അനുഭവിക്കുന്നത്; വെര്‍ച്വല്‍ ലോകത്ത് എം.എ. ബേബിയും. സൈബര്‍ലോകത്തെ സഖാക്കള്‍ എം.എ. ബേബിയെ നിര്‍ത്തിപ്പൊരിച്ചു. എന്താണെന്നോ കാരണം. സിനിമാ പ്രവര്‍ത്തകനായ ഹരീഷ് പേരടിയുടെ അഭ്യര്‍ത്ഥന പ്രകാരം, ദാസേട്ടന്റെ സൈക്കിള്‍ എന്ന അദ്ദേഹത്തിന്റെ സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ബേബി ഫേസ്ബുക് പോസ്റ്റുവഴി റിലീസ് ചെയ്തു. ഹരീഷ് പേരടി, പിണറായി വിജയനോട് സാദൃശ്യം തോന്നുന്ന കഥാപാത്രങ്ങളെ പിണറായിയെന്നപോലെതന്നെ അഭിനയിച്ച് മികവുകാട്ടിയ നടനാണ്. പക്ഷേ, കമ്യൂണിസത്തെ, പ്രത്യേകിച്ച് പിണറായിയുടെ കമ്യൂണിസത്തെ കടുത്ത ഭാഷയില്‍ പരസ്യമായി വിമര്‍ശിക്കുന്നയാള്‍. പോരേ. ബേബിയെ പുളിച്ച ചീത്ത പറയുന്നതിന് സൈബര്‍ സഖാക്കള്‍ ഒട്ടും പിശുക്കുകാണിച്ചില്ല. ‘ചുരുളി’ സിനിമയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുകൂലിച്ചപ്പോള്‍, എതിര്‍ രാഷ്‌ട്രീയ പാര്‍ട്ടിക്കാരെയും സാംസ്‌കാരിക പ്രവര്‍ത്തകരേയും സാമൂഹ്യ മാധ്യമങ്ങളില്‍ സഖാക്കളില്‍ ചിലര്‍ ചീത്തവിളിച്ച് കണ്ണുപൊട്ടിച്ചപ്പോള്‍ ബേബിക്ക് ഉണ്ടായ ആഹ്ലാദങ്ങളെല്ലാം ഒരു ”സൈക്കിള്‍ അപകടത്തോടെ” അടങ്ങിപ്പോയി. ആവിഷ്‌കാര സ്വാതന്ത്ര്യം അവകാശമാണെന്നു വാദിക്കുകയും അവരവര്‍ക്കിഷ്ടമില്ലാത്തവരെ വിലക്കുകയും ചെയ്യാന്‍ മുന്നില്‍നിന്ന ബേബി അവസാനം രഹസ്യമായി കെഞ്ചി, പരസ്യമായി ചോദിച്ചു, ‘എനിക്ക് സൗഹൃദം പ്രകടിപ്പിക്കാന്‍ അവകാശം തരില്ലേ, ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്താല്‍ അതിനര്‍ത്ഥം ഞാന്‍ ഹരീഷിന്റെ രാഷ്‌ട്രീയ നിലപാടുകളെ പിന്തുണയ്‌ക്കുന്നുവെന്നല്ലല്ലോസഖാക്കളേ….’ എന്ന്. ഇതുവരെ ബേബിയില്‍നിന്നു കേള്‍ക്കാത്ത ദീനശബ്ദം. മുമ്പ് എം. മുകുന്ദന്‍ എഴുതിയ നോവല്‍, ‘കേശവന്റെ വിലാപങ്ങള്‍’ മികച്ച മാര്‍ക്‌സിസ്റ്റ് കൃതിയെന്ന് നിരൂപണം ചെയതപ്പോള്‍ കിട്ടിയ പ്രഹരത്തിന്റെ രണ്ടാം പതിപ്പായി ഇത്. പക്ഷേ, ഇത് ഹൈവോള്‍ട്ടേജിലുള്ള ഷോക്കായി. നട്ട് വളമിട്ട് വളര്‍ത്തിയ ചൊറിയണങ്ങള്‍ കര്‍ഷകനെത്തന്നെ ചുറ്റിവരിഞ്ഞ സ്ഥിതി. അതായത്, ‘ഇന്‍വര്‍ട്ടഡ് ബീയര്‍ ഹഗ്’… കരടിപ്പിടിത്തം.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിലരിക്കെ ടി.എന്‍. ശേഷന്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ ഒന്ന് പാര്‍ട്ടികളും നേതാക്കളും അവരവരുടെ പാര്‍ട്ടിയെക്കുറിച്ച് പ്രചരിപ്പിച്ചോട്ടെ, എതിര്‍ പാര്‍ട്ടികളെക്കുറിച്ച് മോശം പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് എന്നായിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥിയെ, അയാള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്കോ പാര്‍ട്ടിക്കോ എതിരെ കുപ്രചാരണം നടത്തിയാല്‍ അയോഗ്യനാകാം. അണികള്‍ ചെയ്താലും ഇത് ബാധകമാണ് എന്ന ആ വ്യവസ്ഥ നല്ല തീരുമാനമായി. പക്ഷേ തെരഞ്ഞെടുപ്പുകാലത്തേ ബാധകമാകൂ. അല്ലാത്തപ്പോള്‍ എന്തുമാകാം. ഒരുപക്ഷേ ആവിഷ്‌കാര സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവുമൊക്കെ നിലനില്‍ക്കെത്തന്നെ ഈ ചട്ടം പൊതുവായി എക്കാലത്തും പ്രാബല്യത്തിലാക്കിയാല്‍ രാഷ്‌ട്രീയ എതിരാളിലെ കൊല്ലാന്‍ സിപിഎം നേതാക്കളും ആ പാര്‍ട്ടിയും ചെയ്തപോലെയുള്ള ആഹ്വാനങ്ങള്‍ മേലില്‍ ഉണ്ടാകില്ല, കൊല്ലാന്‍ ‘മുണ്ടൂര്‍ മാടന്‍മാരെ’പ്പോലെ ‘തില്ലങ്കേരി മാടന്മാര്‍’ ഒരിടത്തും ഇറങ്ങില്ല. എം.എ. ബേബിയെ, എന്നല്ല ഒരു നേതാവിനെയും പൊതു പ്രവര്‍ത്തകനേയും മാത്രമല്ല, ഒരു വ്യക്തിയേയും സാമൂഹ്യ മാധ്യമത്തില്‍കൂടിയായാലും കൊല്ലാക്കൊല ചെയ്യാന്‍ ഒരു സൈബര്‍ ഗുണ്ടയും തയാറാവില്ല. അപ്പോള്‍ പക്ഷേ അരാജകത്വത്തിന്റെ വഴിയിലേക്ക് ജനാധിപത്യത്തിലെ അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ തോന്നിയത് പറയാനുള്ള അവകാശമായി വാദിച്ചു വാഴിക്കാന്‍ ആരും മുതിരരുത്. ആരാന്റെയമ്മയ്‌ക്ക ഭ്രാന്തുപിടിക്കുന്നത് ചേലല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് ബേബിമാര്‍ എങ്കിലേ അതു നടക്കൂ.
പിന്‍കുറിപ്പ്:
ആര്‍എസ്എസ്സമായി സംവദിക്കാന്‍ പോയ ജമാ അത്തെ ഇസ്ലാമിയെ എന്തിനാണ് മറ്റ് ഇസ്ലാമിക സംഘടനകള്‍ വിമര്‍ശിക്കുന്നതാവോ!! വരൂ നമുക്ക് സംവദിക്കാം, ഞങ്ങളേ ജയിക്കൂ എന്ന് പറയുന്നവരാണ് ഈ എതിര്‍ക്കുന്നവരെല്ലാം. പിന്നെന്തുകൊണ്ട്?!
പ്രതികരിക്കാൻ ഇവിടെ എഴുതുക: