ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന്റെ നിശബ്ദപ്രചാരണ സമയത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വോട്ടഭ്യര്‍ത്ഥന പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. ത്രിപുരയില്‍ നിശബ്ദ പ്രചരണസമയത്ത് തങ്ങള്‍ക്കനുകൂലമായി വോട്ട് അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്ത മുഴുവന്‍ പാര്‍ട്ടികള്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് കമ്മിഷന് നോട്ടീസ് അയച്ചു.
പാര്‍ട്ടി, സ്ഥാനാര്‍ത്ഥി, ചിഹ്നം എന്നിവ പരാമര്‍ശിച്ച് വോട്ടെടുപ്പ് ദിവസവും തലേ ദിവസവും വോട്ടഭ്യര്‍ത്ഥന നടത്തിയതിനാണ് നോട്ടീസ്. ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികള്‍ക്കാണ് കമ്മിഷന്റെ നോട്ടീസ് ലഭിച്ചത്. ഇത്തരത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള കമ്മിഷന്റെ ആദ്യ ഇടപെടലാണിത്. നിശബ്ദ പ്രചാരണവേളയില്‍ നേരിട്ട് വോട്ടഭ്യര്‍ത്ഥിക്കുകയോ, മാധ്യമങ്ങളിലൂടെയോ പൊതുപരിപാടികളിലൂടെയോ വോട്ടഭ്യര്‍ത്ഥിക്കുകയോ ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വോട്ട് അഭ്യര്‍ത്ഥന സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്നു.
ഇക്കാര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇപ്പോള്‍ വ്യക്തത വരുത്തിയത്. നിശബ്ദ പ്രചാരണവേളയില്‍ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വഴി വോട്ടഭ്യര്ത്ഥിക്കുയോ, സന്ദേശങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് ചട്ടലംഘനമായിരിക്കുമെന്ന് കമ്മിഷന് വ്യക്തമാക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നിരീക്ഷണം കര്‍ശനമാക്കുമെന്നും ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമുള്ള സൂചനയാണ് കമ്മിഷന് നല്‍കുന്നത്.
1951 ലെ ജനപ്രാതിനിധ്യ നിയമം – സെക്ഷന്‍ 126(1)(ബി)യുടെ ലംഘനമാണെന്ന് കാണിച്ച് ബിജെപിക്ക് രണ്ടും കോണ്‍ഗ്രസിനും സിപിഎമ്മിനും ഓരോ നോട്ടീസ് വീതവുമാണ് വ്യാഴാഴ്ച അയച്ചത്. പാര്‍ട്ടികളുടെ സംസ്ഥാന കമ്മിറ്റികള്‍ക്കും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയക്കുമാണ് നോട്ടീസ് അയച്ചത്. തിരുത്തല്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കാനും തങ്ങളുടെ വിശദീകരണം നല്‍കാനും കമ്മിഷന് നോട്ടീസില്‍ പറയുന്നു.
1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126(1) (ബി) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പോളിങ് നടക്കുന്ന പ്രദേശത്ത് സിനിമ, ടെലിവിഷന്‍ അല്ലെങ്കില്‍ സമാനമായ ഉപകരണം ഉപയോഗിച്ചുള്ള എല്ലാ തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും നിരോധിച്ചിട്ടുണ്ട്. ലംഘനത്തിന് രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. ട്വീറ്റുകള്‍ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയാല്‍ എഫ്ഐആര്‍ ഇടുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്നും കമ്മിഷന് നോട്ടീസില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം നടന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സെക്ഷന്‍ 126(1) (ബി) യുടെ 45 ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ട്വിറ്റര്‍, ഫെയ്സ്ബുക്ക്, യൂ ട്യൂബ് എന്നിവയിലായിരുന്നു അത്. ഗോവയില്‍ 29, ഗുജറാത്തില്‍ അഞ്ച്, ഹിമാചല്‍പ്രദേശില്‍ എട്ട്, പഞ്ചാബില്‍ മൂന്നും ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 45 ലംഘനങ്ങളും നീക്കം ചെയ്തു. 22 എണ്ണം ഫെയ്സ്ബുക്കിലും 17 എണ്ണം ട്വിറ്ററിലും ആറെണ്ണം യൂ ട്യൂബിലുമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സൃഷ്ടിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും കമ്മിഷന് ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: