ലൈഫ് മിഷന് പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തതോടെ അന്വേഷണം വ്യക്തമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. വടക്കാഞ്ചേരിയിലെ ഫഌറ്റ് നിര്‍മാണത്തിന് യുഎഇയില്‍നിന്നു ലഭിച്ച പണത്തിന്റെ വലിയൊരു ഭാഗം കോഴപ്പണമായി വിതരണം ചെയ്തുവെന്നും, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ഇതിലൊരു പങ്ക് ശിവശങ്കറിന് ലഭിച്ചു എന്നുമാണ് അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുള്ള വിവരം. ഈ പണം സ്വപ്ന സുരേഷിന്റെ പേരിലുള്ള ബാങ്ക് ലോക്കറില്‍ ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സൂക്ഷിച്ചതായാണ് കരുതപ്പെടുന്നത്. സ്വ ര്ണക്കടത്തുകേസില് അറസ്റ്റിലായ സ്വപ്നയുടെ മൊഴിയെത്തുടര്‍ന്നാണ് ലൈഫ് മിഷന് അഴിമതിക്കേസ് പൊന്തിവന്നത്. കേസ് സിബിഐ ഏറ്റെടുക്കുന്നതിനു മുന്‍പ് അപകടം മണത്ത സര്‍ക്കാര്‍ വിജിലന്‍സിനെ ഇറക്കി ഒരു ‘കമാന്റോ ഓപ്പറേഷന്’ നടത്തി ലൈഫ് മിഷന് ഓഫീസില്‍നിന്ന് ഫയലുകള്‍ പിടിച്ചെടുത്തിരുന്നു. അഴിമതിയുടെ തെളിവുകള്‍ സിബിഐക്ക് ലഭിക്കാതിരിക്കാനായിരുന്നു ഇത്. എന്നാല്‍ പിന്നീട് സ്വപ്ന സുരേഷ് നടത്തിയ അതീവ ഗുരുതരമായ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുക്കുകയായിരുന്നു. സ്വര്‍ണക്കടത്തു കേസില്‍ സസ്പെന്‍ഷനിലായ ശിവശങ്കറിനെ പിന്നീട് സര്‍ക്കാര്‍ തിരിച്ചെടുക്കുകയും, സര്‍വീസില്‍നിന്ന് വിരമിച്ച് അധികം കഴിയുന്നതിനു മുന്‍പ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയുമാണുണ്ടായത്.
കേസില്‍ അറസ്റ്റിലായി ജയിലിലടച്ചിരിക്കുന്നത് ശിവശങ്കറിനെയാണെങ്കിലും ചങ്കിടിപ്പ് വര്‍ധിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഈ ഇടപാടിലെ പ്രധാന കണ്ണിയായി കരുതപ്പെടുന്ന സ്വപ്ന സുരേഷിന് ശിവശങ്കറുമായി മാത്രമല്ല ബന്ധമുള്ളത്. ഇരുവരും തമ്മിലെ വാട്സാപ്പ് ചാറ്റില്‍ മുഖ്യമന്ത്രിയുടെ പേര് നേരിട്ട് പരാമര്‍ശിക്കുന്നുണ്ട്. സ്വപ്നയ്ക്ക് സര്‍ക്കാരുമായി ബന്ധപ്പെട്ട ജോലി നല്കാന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളതായി ശിവശങ്കര്‍ അവരോട് പറയുന്നത് ഈ സംഭാഷണത്തിലുണ്ട്. സ്വപ്നയെ തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ഇത് കളവാണെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. ബാങ്ക് ലോക്കറിലെ കോഴപ്പണത്തില്‍ ഒരു കോടി ശിവശങ്കറിന്റേതാണെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ പ്രതിരോധം കീഴ്മേല്‍ മറിയും. മുഖ്യമന്ത്രിയുെട പേര് കേസിലെ പ്രതികള്‍ പരാമര്‍ശിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ അന്വേഷണ ഏജന്‍സിക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാവുന്നതാണ്. ഇപ്പോഴത്തെ നിലയ്ക്ക് ഈ സാധ്യത തള്ളിക്കളയാനാവില്ല. മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്ന വിവരം അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ശിവശങ്കര്‍ ഉദ്യോഗസ്ഥന് മാത്രമാണെന്നും, അയാള്‍ ചെയ്യുന്ന പ്രവൃത്തികളുടെയെല്ലാം ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനോ മുഖ്യമന്ത്രിക്കോ ഏറ്റെടുക്കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഉദ്യോഗത്തില്‍നിന്ന് വിരമിച്ചതിനാല്‍ ശിവശങ്കറുമായി സര്‍ക്കാരിന് ബന്ധമില്ലെന്നും ഇനി മുഖ്യമന്ത്രിയും കൂട്ടരും വാദിക്കുമായിരിക്കും. എന്നാല്‍ ഇതൊന്നും വിലപ്പോയെന്നുവരില്ല. കുരുക്ക് വീണുകഴിഞ്ഞു. അത് എപ്പോള്‍ വേണമെങ്കിലും മുറുകാം.
ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത് ലൈഫ് മിഷന് അഴിമതിക്കേസാണെങ്കിലും മറ്റ് പല കേ സുകളുമായും ഇതിന് ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ പരിരക്ഷ ഉപയോഗിച്ച് പിണറായി വിജയനുവേണ്ടി യുഎഇയിലേക്ക് ഡോളര്‍ കടത്തിയെന്ന വെളിപ്പെടുത്തലും സ്വപ്ന സുരേഷ് നടത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ മകള്‍ക്ക് യുഎഇയില്‍ ബിസിനസ് തുടങ്ങാന്‍ ഷാര്‍ജ സുല്‍ത്താന്റെ സഹായം തേടിയെന്നും, ഇതിനായി സുല്‍ത്താനെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ കൊണ്ടുവന്ന് രഹസ്യ ചര്‍ച്ച നടത്തിയെന്നും സ്വപ്ന ആരോപിക്കുകയുണ്ടായി. ഈ ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കുകയുണ്ടായെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മകനെതിരെയും സ്വപ്ന വിരല്‍ ചൂണ്ടിയിരിക്കുന്നു. ഇത്തരം ഇടപാടുകളില്‍ വിദേശത്ത് ജോലി നോക്കുന്ന മകന് പങ്കുണ്ടെന്നും, എല്ലാ വമ്പന്‍ സ്രാവുകളെയും പുറത്തുകൊണ്ടുവരുമെന്നുമാണ് അവര്‍ പറയുന്നത്. കേസിലെ പ്രതിയാണെന്ന കാരണം പറഞ്ഞ് ഇതൊക്കെ തള്ളിക്കളയാന്‍ സിപിഎമ്മിനും സര്‍ക്കാരിനും കഴിഞ്ഞേക്കാം. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അതിന് കഴിയില്ല. ശിവശങ്കര്‍ അറസ്റ്റിലായിട്ടും പതിവിന് വിപരീതമായി മുഖ്യമന്ത്രി പ്രതികരിക്കാത്തത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയാണ് കാണിക്കുന്നത്. ഇക്കാര്യങ്ങളിലൊക്കെ സത്യം പുറത്തുവരണമെന്നും, ഏത് ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. ഇതിനായി അന്വേഷണ ഏജന്‍സികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: