പനാജി: അധിനിവേശങ്ങളെ അതിജീവിച്ച സപ്തകോടേശ്വര ക്ഷേത്രം ഗോവ സര്‍ക്കാര്‍ നവീകരിച്ചു. ഛത്രപതി ശിവാജി നിര്‍മിച്ച ക്ഷേത്രത്തിന്റെ പുനരുദ്ധാരണം പുതിയ തലമുറയെ ചരിത്രത്തിന്റെ ധീരസ്മരണകളിലേക്ക് നയിക്കുമെന്ന് ഗോവ സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇത് ആത്മീയ പാരമ്പര്യങ്ങളുമായുള്ള യുവാക്കളുടെ ബന്ധം ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്തെ തീര്‍ത്ഥാടനത്തെയും ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പനാജിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ നര്‍വെ ഗ്രാമത്തിലാണ് മൂന്ന് നൂറ്റാണ്ട് മുമ്പ് ഛത്രപതി ശിവജി ക്ഷേത്രം നിര്‍മിച്ചത്. നവീകരിച്ച ക്ഷേത്രം മുഖ്യമന്ത്രി പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം നാടിന് സമര്‍പ്പിച്ചു.
ഗോവ സ്റ്റേറ്റ് ആര്‍ക്കൈവ്‌സ് ആന്‍ഡ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്രം നവീകരിച്ചത്. ചരിത്രപ്രസിദ്ധമായ ക്ഷേത്രം വീണ്ടും തുറന്നതിന് ഗോവ സര്‍ക്കാരിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. ‘നിരവധി അധിനിവേശ ശക്തികളുടെ ആക്രമണത്തിന് ശേഷമാണ് ശിവാജി മഹാരാജ് ക്ഷേത്രം പുനര്‍നിര്‍മിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പോര്‍ച്ചുഗീസ് ഭരണകാലത്ത് ഗോവയിലെ ഹിന്ദു ക്ഷേത്രങ്ങളുടെയും ധര്‍മ്മത്തിന്റെയും സംരക്ഷണത്തിന് ഛത്രപതി ശിവാജി മഹാരാജും സംഭാജി മഹാരാജും വളരെയധികം സംഭാവന നല്കിയിട്ടുണ്ടെന്ന് ഡോ. സാവന്ത് ചടങ്ങില്‍ പറഞ്ഞു. പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ച ക്ഷേത്രങ്ങളെല്ലാം പുനര്‍നിര്‍മിക്കാന്‍ ഗോവ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവ സര്‍വകലാശാലയില്‍ ശിവാജി മഹാരാജിന്റെ പേരില്‍ ഒരു ഗവേഷണ ചെയര്‍ സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ ഗോവ ജില്ലയിലെ ബേതുല്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നതുള്‍പ്പെടെ സംസ്ഥാനത്ത് ശിവാജി മഹാരാജ് നിര്‍മിച്ച കോട്ടകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനര്‍നിര്‍മിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: