കുഞ്ഞിമംഗലം: മല്ലിയോട്ട് പാലോട്ടുകാവില്‍ ഉത്സവസമയങ്ങളില്‍ മുസ്ലീം സമുദായത്തിന് വിലക്കേര്‍പ്പെടുത്തി സ്ഥാപിച്ച ബോര്‍ഡുമായ ബന്ധപ്പെട്ട വിവാദം ആര്എഎസ്എസ്സുമായി ബന്ധപ്പെടുത്തി കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമം. ക്ഷേത്രക്കമ്മറ്റിയില്‍ മൃഗീയ ഭൂരിപക്ഷമുള്ള സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.
പാര്‍ട്ടി ഗ്രാമമായ കുഞ്ഞിമംഗലത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ബോര്‍ഡ് കഴിഞ്ഞ ഉത്സവകാലത്ത് കേരളം മുഴുവന്‍ ചര്‍ച്ചയാവുകയും സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ തന്നെ ഇതിനെ എതിര്‍ക്കുകയും അതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. പുറമെ നിന്നെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്ഷേത്രക്കമ്മറ്റിയില്പ്പെട്ടവരെ മര്‍ദിക്കുകയും ചെയ്തു. പോലിസെത്തിയാണ് സംഘര്‍ഷം ലഘൂകരിച്ചത്. ഇതിനെത്തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധം നടന്നു. അത്തരത്തില്‍ പ്രതിഷേധിച്ച കാളിയാടന്‍ പ്രകാശന് എന്ന സിപിഎം അനുഭാവിയെ മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് പാര്‍ട്ടി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന രീതിയില്‍ വ്യാപക പ്രചരണവും നടത്തി.
സിപിഎമ്മിനകത്തെ ചേരിതിരിവില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ അനാവശ്യമായി ആര്‍എസ്എസ്സിനെ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മുസ്ലിംങ്ങള്ക്ക് ഉത്സവപ്പറമ്പില്‍ വിലക്കേര്‍പ്പെടുത്തിയ ബോര്‍ഡ് ക്ഷേത്രത്തിനകത്തേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും അനാവശ്യ സംഘര്‍ഷമുണ്ടാക്കിയ സിപിഎം നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ആര്‍എസ്എസുമായി ഒരു ബന്ധവുമില്ലെന്ന് ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യകാരി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: