എന്തുപറയണം എങ്ങിനെ പറയണം എന്നത് സംബന്ധിച്ച് ഒരു നിശ്ചയുമില്ല. വീണേടത്തു കിടന്നുരളാന് കമ്മ്യൂണിസ്റ്റുകാര്‍ ഏറെ സമര്‍ത്ഥരാണ്. ഭാഗ്യംതേടിയുള്ള ഉരുളല്‍. ഒരുതരം പൊട്ടഭാഗ്യം അവരെ എപ്പോഴും അനുഗ്രഹിച്ചുകൊണ്ടേയിരിക്കും. കേരളത്തില്‍ ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട് തന്നെയാണല്ലൊ ആ ഭാഗ്യംതേടിയുള്ള ഉരുളലിന്റെ ആശാന് സ്ഥാനത്ത്. 1957 ലെ ആദ്യസര്‍ക്കാരിന്റെ പതനത്തിനുശേഷമാണല്ലൊ മുന്നണി രാഷ്ട്രീയം പ്രത്യക്ഷത്തിലുണ്ടായത്. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, പ്രജാസോഷ്യലിസ്റ്റുകക്ഷികള് ഒരുമിച്ചൊരുമുണന്നണിയുണ്ടാക്കി. ‘കോലീപി’ സഖ്യമെന്ന ഓമനപ്പേരിലായിരുന്നു അത്. കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ അധികാരത്തിലുമെത്തി. പട്ടംതാണുപിള്ള മുഖ്യമന്ത്രി. തട്ടിമുട്ടി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ തനിസ്വഭാവം പുറത്തെടുത്തു. അധികാരക്കൊതി തന്നെ പ്രശ്നം. പട്ടം താണുപിള്ളയെ ഗവര്‍ണറാക്കി നാടുകടത്തി. ആര്.ശങ്കര്‍ മുഖ്യമന്ത്രിയായി. കോണ്‍ഗ്രസിലെ മത ജാതി പോരുമൂലം ആ സര്‍ക്കാരിനും കാലാവധി തികയ്ക്കാനായില്ല. പിന്നെയാണ് പ്രശ്നം.
ഇതിനിടയില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് രംഗത്തിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ സി.കെ.ഗോവിന്ദന് നായര്‍ക്കൊരു കത്തെഴുതി. കോണ്‍ഗ്രസിനെ പുകഴ്ത്തിക്കൊണ്ട്. അങ്ങിനെ നല്ല പാര്‍ട്ടിയായ കോണ്‍ഗ്രസ് എന്തിനാണ് വര്‍ഗീയ പാര്‍ട്ടിയായ മുസ്ലീംലീഗുമായി കൂട്ടുകൂടുന്നു എന്നാണ് ചോദ്യം. നിങ്ങള്‍ ലീഗുമായി കൂട്ടുകൂടരുത്. നിങ്ങള്‍ അകറ്റിനിര്‍ത്തിയാല്‍ ഞങ്ങള്‍ അവരെ ചേര്ത്തുനിര്ത്തില്ലെന്ന ഉറപ്പും നല്കി. യഥാര്‍ത്ഥത്തില്‍ ലീഗുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും പട്ടം മന്ത്രിസഭയിലോ ശങ്കര്‍ മന്ത്രിസഭയിലോ ലീഗിന് അംഗത്വമുണ്ടായിരുന്നില്ല. സി.എച്ച്. മുഹമ്മദ് കോയയെ സ്പീക്കറാക്കിയെങ്കിലും ലീഗില്‍ നിന്നും രാജിവയ്പിച്ചു കൊണ്ടായിരുന്നില്ലൊ അത്.
അങ്ങിനെ 1965ലെ തെരഞ്ഞെടുപ്പില്‍ ലീഗുമായി സഖ്യമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ടു. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നു. സര്‍ക്കാര്‍ രൂപീകരിച്ചില്ല. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. രണ്ടുവര്‍ഷത്തിനുശേഷം വന്ന തിരഞ്ഞെടുപ്പില്‍ കളിമാറി. സിപിഎമ്മിന്റെ നേതൃത്വത്തില്‍ പുതിയ സഖ്യം രൂപംകൊണ്ടു. മുസ്ലീംലീഗ് അതില്‍ പങ്കാളിയായി. നമ്പൂതിരിപ്പാട്, സി.കെ.ഗോവിന്ദന് നായര്‍ക്കെഴുതിയ കത്ത് പാഴ്വാക്കായി. മുസ്ലീംലീഗ് സിപിഎമ്മിന് നല്ലപിള്ളയായി. നമ്പൂതിരിപ്പാടിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഉരുണ്ടുകളിഫലം കണ്ടു. ഇഎംഎസിന്റെ രണ്ടാംമന്ത്രിസഭയില്‍ മുസ്ലീംലീഗിന് മാന്യതയോടെ മന്ത്രിസ്ഥാനവും കിട്ടി. ഇത്തവണത്തെ പൊട്ടഭാഗ്യത്തിന് അല്പായുസ്സേ ഉണ്ടായുള്ളൂ.
മുസ്ലീംലീഗ് അവരുടെ ഹിഡന്‍ അജണ്ട പുറത്തെടുത്തു. മാപ്പിളസ്ഥാന് എന്ന പഴയമുദ്രാവാക്യം ആദ്യപടിയായി മലപ്പുറം ജില്ലക്കുവേണ്ടിയുള്ള മുറവിളി. അതിനെ എതിര്‍ക്കാന്‍ ഭാരതീയജനസംഘക്കാര് മാത്രമല്ല, സിപിഎമ്മിലെ എംഎല്‍എമാര്‍ പോലുമുണ്ടായി. കെ.പി.ആര്. ഗോപാലന് ആക്കൂട്ടത്തിലുണ്ടായിരുന്നു. പറഞ്ഞിട്ടെന്തുഫലം. മാപ്പിളസ്ഥാനെ നേരത്തെ തന്നെ അനുകൂലിച്ച കമ്യൂണിസ്റ്റുകാര്‍ക്ക് മലപ്പുറം ജില്ല നല്കുന്നതില് എതിര്‍പ്പുണ്ടായില്ല. ജില്ല കൊടുത്താലും ലീഗ് മുന്നണി വിടുമെന്ന ജനസംഘത്തിന്റെ മുന്നറിയിപ്പ് പോലെ സംഭവിച്ചു. ലീഗ് ജില്ല വാങ്ങിയശേഷം കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി. സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി പുതിയ മുന്നണിയുടെ സഖ്യകക്ഷിയായി. പാര്‍ട്ടികള്‍ മാറിയും തിരിഞ്ഞും കോണ്‍ഗ്രസ് മുന്നണിയും കമ്മ്യൂണിസ്റ്റ് മുന്നണിയുമായും തുടര്‍ന്നുകൊണ്ടേയിരുന്നു. വിഷയം അതല്ല. അതിലും വലിയ പ്രശ്നമാണ് സംഭവിക്കാന്‍ പോകുന്നത്.
കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനുമായും ചേരുമെന്ന് പരസ്യമായി പറഞ്ഞ കമ്യൂണിസ്റ്റുകാരും മനുഷ്യന്റെ തലയും തെങ്ങിന്റെ കുലയും കാണാന്‍ ഏത് പാര്‍ട്ടിയോടൊപ്പവും നില്‍ക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസും ഇപ്പോള്‍ ഉരുളുകയാണ്. അവര്‍ക്കിപ്പോള്‍ പുതിയ ശത്രുവിനെ കിട്ടി. ഭാരതത്തെ ലോകഗുരുസ്ഥാനത്തെത്തിച്ച ബിജെപിയും നരേന്ദ്രമോദിയുമാണവരുടെ ശത്രു. അമ്മയെപോലെ ലോകത്തെ സംരക്ഷിച്ചുപോരുന്ന ബിജെപിയേയും നരേന്ദ്രമോദിയേയും നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണവര്‍. അമ്മയെ കൊല്ലാന്‍ അവര്‍ അമ്മിക്കുട്ടികള്ക്കായി നെട്ടോട്ടമോടുകയാണ്. പശ്ചിമബംഗാളില്‍ പരിശ്രമിച്ചു. ശ്രമംപാളി. ദയനീയമായി തറപറ്റി ഇനിയിപ്പോള്‍ ത്രിപുരയില്‍ കൈമെയ് മറന്നു പൊരുതുകയാണ് കേരളത്തില്‍ രണ്ടുതട്ടില്‍ നില്ക്കുന്നതായി തോന്നിപ്പിക്കുന്ന കക്ഷികള്‍ അവിടെ കൂട്ടുചേര്ന്നിരുക്കുന്നു. അത് അടുത്തവര്‍ഷമാകുന്നതോടെ അഖിലേന്ത്യാസഖ്യമാകുമെന്നുറപ്പ്. പണ്ട് കെ.ജി.മാരാരുടെ പ്രവചനമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുമെന്ന്. ഒന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയാണെങ്കില്‍ മറ്റൊന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് എന്നേ വ്യത്യാസമുള്ളൂ എന്ന് തമാശയായി പറഞ്ഞിരുന്നു. അതിന്ന് അച്ചട്ടമായി.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മാര്പാപ്പയായിരുന്നല്ലൊ കെ.കരുണാകരന്. കരുണാകരന്റെ, ജൂബാ തലയ്ക്കല്‍ തൂങ്ങി നടന്നിരുന്ന ആളാണ് കെ.സി.വേണുഗോപാല്‍. കെഎസ്യു മുതല്‍ സ്ഥാനമാനങ്ങളെല്ലാം തരപ്പെടുത്തിയത് ആശ്രിതനായി നിന്നുകൊണ്ടാണ്. കരുണാകരന് ശേഷം ജൂബാ വിട്ട് സാരിത്തുമ്പില്‍ പിടിച്ചു. ഇന്ന് കോണ്‍ഗ്രസിന്റെ ഹൈക്കമാണ്ട് എന്നാല്‍ കെ.സി.വേണുഗോപാലാണല്ലൊ. അയാള്‍ പറയുന്നത് കേട്ടില്ലെ! ‘ബിജെപിയെ പുറത്താക്കാന്‍ ആരോടും സഹകരിക്കുമെന്നാണ്. മുഖ്യശത്രു ബിജെപിയാണ്. അവരെ അധികാരത്തില്‍ നിന്ന് പുറത്തെറിയണം.’ വിദ്വേഷത്തിനും വര്ഗീയതയ്ക്കുമെതിരെയാണത്രെ മോദി വിരോധം വിളമ്പുന്നതല്ലെ വിദ്വേഷം. വര്‍ഗീയതയുടെ തോളത്തിരുന്നുകൊണ്ടല്ലെ വര്‍ഗീയ വിരോധം വിളമ്പുന്നത്.
രാഷ്ട്രീയ വ്യത്യാസം മറന്ന് ഐക്യപ്പെടാന്‍ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞു എന്നും പറയുന്നു. ബിജെപി എല്ലായിടത്തും കോണ്‍ഗ്രസ് ശത്രുവാണെന്ന് പറയുന്നു. അദാനിവിഷയത്തില്‍ എല്ലാ കക്ഷികളും കോണ്‍ഗ്രസിനൊപ്പമാണെന്ന് പറയുന്നു എന്താണ് അദാനി? അദാനിയെ തുറുങ്കലിട്ടാല്‍ കോണ്‍ഗ്രസിന്റെ പ്രശ്നം തീരുമോ? ഇന്ന് അദാനിയെങ്കില്‍ ഇന്നലെ അംബാനി. നാളെ മറ്റാരെങ്കിലും. കോണ്‍ഗ്രസിന് എന്തെങ്കിലും പുലമ്പിക്കൊണ്ടേയിരിക്കണം. അത് തുടര്‍ന്നുകൊണ്ടേയിരിക്കും. വന്‍നേട്ടങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. നാളെ ചിന്തിക്കും ഇന്നലെ ചെയ്തൊരബദ്ധം, അമളി. അതിനെക്കുറിച്ച് പശ്ചാത്തപിക്കുകയും വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: