നേമം: വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താനുള്ള പോലീസ് നീക്കം ഉത്സവകമ്മറ്റിയുടെയും ഭക്തരുടെയും സമയോചിതമായ ഇടപെടല്‍ മൂലം പരാജയപ്പെട്ടു. പോലീസ് എയിഡ് പോസ്റ്റിനായി ഉത്സവകമ്മറ്റി കെട്ടിയ എയിഡ് പോസ്റ്റില്‍ കാവി നിറമായതിനാല്‍ അതിനുള്ളിലിരിക്കാന്‍ പോലീസുകാര്‍ തയ്യാറായിരുന്നില്ല.
ഇന്നലെ വെളളായണി ദേവി പുറത്തിറങ്ങി ആദ്യത്തെ കളം കാവല്‍ നടക്കുകയായിരുന്നു. ഉത്സവ കമ്മറ്റിക്കാരും ഭക്തജനങ്ങളും നാട്ടുകാരുമടക്കം വന്‍ ജനാവലി കളം കാവല്‍ നടക്കുന്ന സ്ഥലത്ത് നില്ക്കുമ്പോള്‍ നേമം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ രഹസ്യമായി ക്ഷേത്രത്തിനു മുന്‍വശം ഷാമിയാന ഉപയോഗിച്ച് കൂറ്റന്‍ എയ്ഡ് പോസ്റ്റ് നിര്‍മിച്ചു. ആചാരപരമായി വളരെയേറെ പ്രാധാന്യമുള്ള നാഗപ്പാന സ്ഥാപിക്കുന്ന സ്ഥലത്താണ് എയ്ഡ് പോസ്റ്റിനായി ഷെഡ് പണിതത്.
പൊങ്കാലയ്‌ക്ക് ഈ നാഗപ്പാനയില്‍ കത്തിക്കുന്ന തീയാണ് മറ്റ് അടുപ്പുകളിലേക്ക് പകരുന്നത്. കൂടാതെ നാലു ദിക്കുകളിലായി നടക്കുന്ന ദിക്കുബലി കഴിഞ്ഞ് ദേവിയെ കുടിയിരുത്തുന്ന സ്ഥലം കൂടിയാണിത്. പോലീസിന്റെ ഈ നടപടി അറിഞ്ഞെത്തിയ ഉത്സവ കമ്മറ്റിക്കാരും ഭക്തരും ഷെഡ് നീക്കം ചെയ്യാനാവശ്യപ്പെട്ടു. ഷെഡ് നീക്കം ചെയ്യാന്‍ വിസമ്മതിച്ച പോലീസ് നിലപാടിനെതിരെ ഉത്സവകമ്മറ്റിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ പ്രതിഷേധിച്ചു. ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഒടുവില്‍ പോലീസ് കെട്ടിയ എയിഡ് പോസ്റ്റ് അഴിച്ചു മാറ്റി.
ഫോര്‍ട്ട് എസി എസ്. ഷാജിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തി വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. പൊളിച്ച അതേ സ്ഥലത്ത് തന്നെ എയിഡ് പോസ്റ്റ് കെട്ടുമെന്നും അല്ലെങ്കില്‍ പോലീസ് സുരക്ഷയൊരുക്കില്ലെന്നും ഭീഷണി മുഴക്കി. യാതൊരു കാരണവശാലും ആചാരപരമായ പ്രാധാന്യമുള്ള സ്ഥലത്ത് പോലീസ് എയിഡ് പോസ്റ്റ് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് വെള്ളായണി ദേവീക്ഷേത്ര കമ്മറ്റി ജനറല്‍ കണ്‍വീനര്‍ നെടുങ്കാട് ഗോപന്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: