ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാന്‍ വന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച സംഭവം പ്രബുദ്ധ കേരളത്തിന്റെ വികൃത മുഖമാണ് ഒരിക്കല്‍ക്കൂടി കാട്ടിത്തരുന്നത്. വിവാഹശേഷം എട്ട് വര്‍ഷം കഴിഞ്ഞ് പിറക്കുന്ന കുഞ്ഞിന്റെ മുഖം കാണാന്‍ വന്ന വിശ്വനാഥന്‍ എന്ന യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു വിഭാഗം ആളുകള്‍ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തില്‍ കയറു കുടുങ്ങിയ പാടുകളുണ്ടെന്ന് കണ്ട് വയനാട്ടില്‍ നിന്നുള്ള ഈ യുവാവ് ആത്മഹത്യ ചെയ്തതാണന്ന് പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഈ പ്രചാരണം യുവാവിന്റെ കുടുംബക്കാര്‍ തള്ളിക്കളയുകയാണ്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കാണാനുള്ള സന്തോഷത്തില്‍ കഴിഞ്ഞിരുന്ന വിശ്വനാഥന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു. വിശ്വനാഥനെ ചിലര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നും, മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു എന്നും വീട്ടുകാര്‍ പറയുന്നത് നിഷേധിക്കാനാവില്ല. യുവാവിനു മേല്‍ മോഷണക്കുറ്റം ആരോപിച്ചെങ്കിലും ഇതുസംബന്ധിച്ച് പരാതിക്കാരായി ആരുമില്ലെന്ന് പോലീസ് പറയുന്നുണ്ടല്ലോ. വിശ്വനാഥനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തിരുന്നു എന്നു വ്യക്തമായിട്ടുണ്ട്. സ്വാഭാവികമായും ഇതിനെ തുടര്‍ന്ന് മര്‍ദ്ദനവും നടന്നിട്ടുണ്ടാവാം. ഇതാവാം ദാരുണമായ മരണത്തിലേക്ക് നയിച്ചത്.
അറിഞ്ഞിടത്തോളം അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നതുപോലെയാണ് വിശ്വനാഥന്റെയും ജീവനെടുത്തിരിക്കുന്നത്. ആദിവാസിയെ എന്തും ചെയ്യാമെന്നും, അവരുടെ ജീവന് വിലയില്ലെന്നുമുള്ള ‘പ്രബുദ്ധ മലയാളി’ യുടെ ‘പുരോഗമന ചിന്ത’ യാണ് വിശപ്പടക്കാന്‍ ഒരുപിടി അരിയെടുത്തെന്ന കാരണത്താല്‍ മധുവിനെ ആള്‍ക്കൂട്ടം പരസ്യമായി തല്ലിക്കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പോലും പുറത്തുവരികയുണ്ടായി. സംഭവത്തില്‍ ശരാശരി മലയാളിയും മാധ്യമങ്ങളും വലിയ ഞെട്ടല്‍ പ്രകടിപ്പിച്ചുവെങ്കിലും ഈ കേസ് വിദഗ്ധമായി അട്ടിമറിക്കപ്പെടുന്നതാണ് പിന്നീട് കണ്ടത്. കോടതിയുടെ താക്കീതുപോലും വകവയ്‌ക്കാതെ കേസിലെ സാക്ഷികളില്‍ ബഹുഭൂരിപക്ഷവും കൂറുമാറി. ശിക്ഷ ഉറപ്പായ പ്രതികള്‍ പലതരത്തിലുള്ള പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും കൊണ്ട് മൊഴിമാറ്റിക്കുകയായിരുന്നു. ഇതിന് ഒത്താശ ചെയ്യുന്ന സമീപനമാണ് പലപ്പോഴും പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്. ഈ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടരുത്, കാരണം കൊലചെയ്യപ്പെട്ടത് ഒരു ആദിവാസി മാത്രമാണെന്ന ചിന്തയാണ് പ്രതികളെപ്പോലെ ഭരണകൂടത്തെയും നയിച്ചത്. അത് വ്യക്തമായും ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ്. നീതിക്കു വേണ്ടി മധുവിന്റെ കുടുംബം ഉയര്‍ത്തിയ മുറവിളികള്‍ വനരോദനങ്ങളായി മാറുകയായിരുന്നു. പാവപ്പെട്ട ആ കുടുംബത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനുള്ള ശ്രമങ്ങളും നടന്നു. ഈ കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ലെന്ന പൊതുധാരണയാണ് ഇപ്പോഴുള്ളത്.
രാജ്യത്തിന്റെ മറ്റെവിടെയെങ്കിലും ആള്‍ക്കൂട്ട കൊലപാതകം നടന്നാല്‍ അത് അങ്ങേയറ്റം കുറ്റകരവും അപരിഷ്‌കൃതവും അപലപനീയവുമാണ്. പക്ഷേ മധുവിന്റെയും വിശ്വനാഥന്റെയും കൊലപാതകങ്ങള്‍ ഈ വകുപ്പില്‍പ്പെടുന്നില്ല. കാരണം ഇത് കേരളമാണ്! ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഇത്തരം കൊടിയ കുറ്റകൃത്യങ്ങള്‍ക്ക് പ്രത്യേകം അനുമതിയുണ്ട്. വടക്കുനോക്കിയന്ത്രങ്ങളായ ബുദ്ധിജീവികളുടെയും സാംസ്‌കാരിക നായകന്മാരുടെയും ഒത്താശ ഇതിന് ലഭിക്കും. തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള പദവികളില്‍ ഉറച്ചിരിക്കാനും പുതിയ പദവികള്‍ ലഭിക്കാനും, ഇത് ആവശ്യമാണെന്ന് തിരിച്ചറിയുന്നവരാണ് ഇടതു-ജിഹാദി സഹയാത്രികരായ എഴുത്തുകാര്‍. ഭരണകൂടത്തെ ഹൈജാക്കു ചെയ്തിരിക്കുന്ന വല്യേട്ടന്മാര്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്നും, അവരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയോ അവര്‍ക്ക് അസൗകര്യമുണ്ടാക്കുകയോ ചെയ്യുന്ന യാതൊന്നും ചെയ്യില്ലെന്ന് ഓരോ ദിവസവും പ്രതിജ്ഞയെടുക്കുന്നവരാണ് ഇക്കൂട്ടര്‍. ഇവര്‍ പിണറായിസത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു. കേരളത്തെക്കുറിച്ച് ആരും ശബ്ദിച്ചു പോകരുത് എന്നാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും പുതിയ ശാസന. കേരളത്തെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ണാടകയില്‍ പറഞ്ഞതാണ് മുഖ്യമന്ത്രിയെ വീണ്ടും തനിനിറം പുറത്തുകാണിക്കാന്‍ പ്രേരിപ്പിച്ചത്. രാഷ്‌ട്രീയ കൊലപാതകവും തല്ലിക്കൊലയും ലൈംഗിക പീഡനവും കവര്‍ച്ചയും ബോംബാക്രമണവും സ്വജനപക്ഷപാതവും നിയമവിരുദ്ധ നിയമനവുമൊക്കെ കേരളത്തില്‍ എത്ര വേണമെങ്കിലും നടക്കും. ഇതൊക്കെ കുറ്റകൃത്യങ്ങളാണോയെന്ന് സര്‍ക്കാരിനെ നയിക്കുന്ന സിപിഎം തീരുമാനിക്കും. നീതിനിഷേധം എന്നൊരു വാക്കുപോലും പാര്‍ട്ടിയുടെ നിഘണ്ടുവിലില്ല. നീതിയുണ്ടെങ്കിലല്ലേ നിഷേധമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: