തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് സംസ്ഥാനവ്യാപകമായി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് തമ്പാനൂരില്‍ നടന്ന സായാഹ്നധര്‍ണ ബിഎംഎസ് ഡപ്യൂട്ടി ജനറല്‍സെക്രട്ടറി ശിവജി സുദര്ശന് ഉദ്ഘാടനം ചെയ്തു.
പ്രളയവും കൊവിഡും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ 35,000 കോടി നല്കി. ജനങ്ങള്‍ കുടുക്കപൊട്ടിച്ചും ആടിനെവിറ്റും താലിവിറ്റും സമാഹരിച്ച പണം നല്കി. എന്നാല്‍ ഇതെല്ലാം വകമാറ്റിയും ധൂര്‍ത്തടിച്ചും നശിപ്പിച്ചശേഷം ജനങ്ങള്‍ക്കുമേല്‍ അധികനികുതിഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് ശിവജി സുദര്ശന് പറഞ്ഞു.
പെന്ഷന് നല്‍കാന്‍പോലും പണമില്ലെന്ന് പറയുമ്പോള്‍തന്നെ ചിന്തജെറോമിനെപ്പോലെയുള്ള ഇഷ്ടക്കാര്‍ക്ക് ലക്ഷങ്ങള്‍ വാരിക്കോരികൊടുക്കുന്നു. മുഖ്യമന്ത്രിക്ക് പശുത്തൊഴുത്ത് കെട്ടാന്‍ 42 ലക്ഷമാണ് ചെലവാക്കിയത്. നീന്തല്‍ക്കുളം നവീകരിക്കാന്‍ 30 ലക്ഷവും. ഇത്തരത്തില്‍ ധൂര്‍ത്ത് നിയന്ത്രിക്കുന്നതിന് പകരം നികുതിഭാരമേല്പ്പിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ്. ജനജീവിതം ദുരിതപൂര്ണമാക്കുംവിധം നടപ്പാക്കിയ ജലത്തിന്റെയും വൈദ്യുതിയുടെയും ഇന്ധനത്തിന്റെയും വിലവര്‍ധന പിന്‍വലിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.വി.ആനന്ദ് അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ നെടുമങ്ങാട് താലൂക്ക് ഓഫീസിനുമുമ്പില്‍ നടന്ന പരിപാടി ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാറും, ആറ്റിങ്ങല്‍ താലൂക്ക് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ ജില്ലാ വൈസ്പ്രസിഡന്റ് ഗോവിന്ദ് ആര് തമ്പിയും നെയ്യാറ്റിന്‍കരയില്‍ ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുനില്‍കുമാറും ഉദ്ഘാടനം ചെയ്തു. വിവിധ പരിപാടികളിലായി കെ.വിജയകുമാര്‍, എസ്.ജയശങ്കര്‍, ടി.രാഖേഷ്, സി.പ്രമോദ്, എസ്.ശ്രീകുമാര്‍, സി.ജ്യോതിഷ്കുമാര്‍, എം.സനല്‍കുമാര്‍, എ.മധു, ബി.സതികുമാര്‍, ഡി.കുഞ്ഞുമോന്, എം.എന്‍.വിജേഷ്കുമാര്, കെവിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: