ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എംപിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. രാഹുലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്കി.
പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി, ചില പ്രസ്താവനകള്‍ നടത്തി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നടത്തിയ പ്രസ്താവനകള്‍ തീര്‍ത്തും അപകീര്‍ത്തികരവും തെറ്റിദ്ധാരണയുളവാക്കുന്നതും പാര്‍ലമെന്റ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്താവനയുമാണെന്ന് ദുബെ കത്തില്‍ പറയുന്നു. മാന്യതയില്ലാത്ത ഈ പ്രസ്താവന സഭയുടേയും പ്രധാനമന്ത്രിയുടേയും അന്തസ്സിനെ ചോദ്യംചെയ്യുന്നതാണ്. മതിയായ തെളിവുകള്‍ ഒന്നുമില്ലാതെയാണ് ഇത്തരത്തിലുള്ള ആരോപണം രാഹുല്‍ ഉന്നയിച്ചത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ദുബെ നല്കിയ കത്തില്‍ പറയുന്നുണ്ട്.
രാഹുല്‍ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയും ആവശ്യപ്പെട്ടു. രാഹുലിന്റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഹുലിന്റെ പ്രസ്താവനയെതുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സഭയില്‍ വയ്ക്കാന്‍ ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി രംഗത്ത് വന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും സര്‍ക്കാരും ഗൗതം അദാനിക്ക് വിവിധ മേഖലകളില്‍ കരാറുകളും പദ്ധതികളും ലഭിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ബിജെപി തെളിവുകള്‍ ആവശ്യപ്പെട്ടെങ്കിലും ഒന്നുമുണ്ടായിരുന്നില്ല. തുടര്ന്് ബിജെപി ലോക്സഭയില്‍ ഇതിനെതിരെ പരാതി ഉന്നയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: