ബാംഗഌര്‍: പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള മറ്റൊരു ചുവടുവയ്‌പ്പായി, തുമക്കൂറുവിലെ എച്ച്എഎല്‍ ഹെലികോപ്റ്റര്‍ ഫാക്ടറി പ്രധാനമന്ത്രി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു. 2016ല്‍ പ്രധാനമന്ത്രി നരരേന്ദ്രമോദിയാണ് ഇതിന്റെ തറക്കല്ലിട്ടത്. ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയും ആവാസവ്യവസ്ഥയും വര്‍ദ്ധിപ്പിക്കുന്ന പുതിയ സമര്‍പ്പിത ഗ്രീന്‍ഫീല്‍ഡ് ഹെലികോപ്റ്റര്‍ ഫാക്ടറിയാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ കേന്ദ്രമായ ഈ ഹെലികോപ്റ്റര്‍ ഫാക്ടറി, തുടക്കത്തില്‍ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ (എല്‍യുഎച്ച്) നിര്‍മ്മിക്കും. എല്‍യുഎച്ച് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച 3ടണ്‍ ക്ലാസ്, സിംഗിള്‍ എന്‍ജിന്‍ മള്‍ട്ടി പര്‍പ്പസ് യൂട്ടിലിറ്റി ഹെലികോപ്റ്ററാണ്. ഉയര്‍ന്ന സൈന്യസാമര്‍ത്ഥ്യപ്രയോഗമാണ് ഇതിന്റെ അതുല്യമായ സവിശേഷത.
ലഘു പോര്‍ ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്), ഇന്ത്യന്‍ മള്‍ട്ടിറോള്‍ ഹെലികോപ്റ്റര്‍ (ഐഎംആര്‍എച്ച്) തുടങ്ങിയ മറ്റ് ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനും എല്‍സിഎച്ച്, എല്‍യുഎച്ച്, സിവില്‍ എഎല്‍എച്ച്, ഐഎംആര്‍എച്ച് എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കും മൊത്തത്തിലുള്ള പരിശോധനയ്‌ക്കുമായി ഭാവിയില്‍ ഫാക്ടറി വിപുലീകരിക്കും. ഭാവിയില്‍ സിവില്‍ എല്‍യുഎച്ചുകള്‍ കയറ്റുമതി ചെയ്യാനുള്ള സാധ്യതയും ഫാക്ടറിക്കുണ്ട്. ഈ സൗകര്യം ഹെലികോപ്റ്ററുകളുടെ മുഴുവന്‍ ആവശ്യകതയും തദ്ദേശീയമായി നിറവേറ്റാന്‍ ഇന്ത്യയെ പ്രാപ്തമാക്കുകയും ഹെലികോപ്റ്റര്‍ രൂപകല്‍പ്പന, വികസനം, ഇന്ത്യയിലെ നിര്‍മ്മാണം എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും. വ്യവസായം 4.0 നിലവാരത്തിലുള്ള നിര്‍മാണസംവിധാനമാകും ഫാക്ടറിയില്‍ ഉണ്ടാകുക. അടുത്ത 20 വര്‍ഷത്തിനുള്ളില്‍, 3 മുതല്‍ 15 ടണ്‍വരെ ഭാരമുള്ള 1000ലധികം ഹെലികോപ്റ്ററുകള്‍ തുമക്കൂറുവില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാനാണ് എച്ച്എഎല്‍ പദ്ധതിയിടുന്നത്. ഇതുവഴി മേഖലയില്‍ 6000ത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും.
ഹെലികോപ്ടര്‍ നിര്‍മാണയൂണിറ്റും സ്ട്രക്ചര്‍ ഹാംഗറും സന്ദര്‍ശിച്ച പ്രധാനമന്ത്രി, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ അനാച്ഛാദനം ചെയ്യുകയും ചെയ്തു. പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള വിദേശ ആശ്രിതത്വം കുറയ്‌ക്കുന്നതിനുള്ള പ്രതിജ്ഞയോടെ 2016ല്‍ പ്രധാനമന്ത്രി തറക്കല്ലിട്ട എച്ച്എഎല്‍ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
ഇന്ന് സായുധ സേനകള്‍ ഉപയോഗിക്കുന്ന നൂറുകണക്കിന് ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ‘അത്യാധുനിക അസോള്‍ട്ട് റൈഫിളുകള്‍ മുതല്‍ ടാങ്കുകള്‍, വിമാനവാഹിനിക്കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍, യുദ്ധവിമാനങ്ങള്‍, ഗതാഗത വിമാനങ്ങള്‍ തുടങ്ങി എല്ലാം ഇന്ത്യ നിര്‍മ്മിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു. എയ്‌റോസ്‌പേസ് മേഖലയിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, കഴിഞ്ഞ 89 വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ നടത്തിയ നിക്ഷേപം 2014ന് മുമ്പും 15 വര്‍ഷം മുമ്പും നടത്തിയ നിക്ഷേപത്തിന്റെ അഞ്ചിരട്ടിയാണെന്നു ചൂണ്ടിക്കാട്ടി. മെയ്ഡ് ഇന്‍ ഇന്ത്യ ആയുധങ്ങള്‍ നമ്മുടെ സായുധ സേനകള്‍ക്ക് വിതരണം ചെയ്യുക മാത്രമല്ല, പ്രതിരോധ കയറ്റുമതിയും 2014ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് പലമടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമീപ ഭാവിയില്‍ നൂറുകണക്കിനു ഹെലികോപ്റ്ററുകള്‍ ഈ കേന്ദ്രത്തില്‍ നിര്‍മിക്കുമെന്നും ഇത് 4 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ക്കു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത്തരം നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കപ്പെടുമ്പോള്‍, അത് സായുധ സേനയെ ശക്തിപ്പെടുത്തുക മാത്രമല്ല, തൊഴിലും സ്വയംതൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു’. തുമക്കൂറുവിലെ ഹെലികോപ്റ്റര്‍ നിര്‍മ്മാണ കേന്ദ്രത്തിന് സമീപമുള്ള ചെറുകിട വ്യവസായങ്ങള്‍ ശാക്തീകരിക്കപ്പെടുമെന്ന് മോദി പറഞ്ഞു.
‘രാഷ്‌ട്രം ആദ്യം’ എന്ന മനോഭാവത്താല്‍ വിജയം സുനിശ്ചിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലെ നവീകരണവും പരിഷ്‌കരണങ്ങളും സ്വകാര്യമേഖലയ്‌ക്ക് അവസരങ്ങള്‍ തുറന്നുകൊടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
എച്ച്എഎല്ലിന്റെ പേരില്‍ ഗവണ്മെന്റിനെ ലക്ഷ്യമിട്ടുള്ള സമീപകാല പ്രചാരണങ്ങളെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, അസത്യം എത്ര വലുതായാലും പതിവായാലും ഉയര്‍ന്നതായാലും എല്ലായ്‌പോഴും സത്യത്തിന് മുന്നില്‍ പരാജയപ്പെടുമെന്നു വ്യക്തമാക്കി. ‘ഈ ഫാക്ടറിയും എച്ച്എഎല്ലിന്റെ വര്‍ദ്ധിച്ചുവരുന്ന ശക്തിയും അസത്യത്തിന്റെ വക്താക്കളെ തുറന്നുകാട്ടി. യാഥാര്‍ത്ഥ്യം സ്വയം സംസാരിക്കുന്നു’ അദ്ദേഹം പറഞ്ഞു, ഇന്ന് അതേ എച്ച്എഎല്‍ ഇന്ത്യന്‍ സായുധ സേനയ്‌ക്കായി ആധുനിക തേജസ് നിര്‍മ്മിക്കുകയാണെന്നും ആഗോള ആകര്‍ഷണത്തിന്റെ കേന്ദ്രമാണെന്നും പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തതയെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: