ന്യൂദല്‍ഹി: തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തെ നേരിടാന്‍ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍, അടിയന്തര ദുരിതാശ്വാസ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്ര സൗത്ത് ബ്ലോക്കില്‍ യോഗം വിളിച്ചു ചേര്‍ത്തു . തുര്‍ക്കി ഗവണ്മെന്റുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികള്‍ സഹിതം എന്‍ഡിആര്‍എഫിന്റെ രക്ഷ ദുരിതാശ്വാസ സംഘങ്ങളെയും ആരോഗ്യപ്രവര്‍ത്തകരുടെ ടീമുകളെയും ഉടന്‍ അയയ്ക്കാന്‍ തീരുമാനിച്ചു.
പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേര് അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകള്‍ തിരച്ചില്‍ & രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂകമ്പ ബാധിത പ്രദേശത്തേക്ക് പറക്കാന്‍ സജ്ജമാണ് . പരിശീലനം ലഭിച്ച ഡോക്ടര്‍മാരുമായും പാരാമെഡിക്കുകളുമായും അവശ്യ മരുന്നുകളുമായി മെഡിക്കല്‍ ടീമുകളും സജ്ജമാണ്. തുര്‍ക്കി ഗവണ്മെന്റും അങ്കാറയിലെ ഇന്ത്യന്‍ എംബസിയും ഇസ്താംബൂളിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസും ഏകോപിപ്പിച്ചയിരിക്കും ദുരിതാശ്വാസ സാമഗ്രികള്‍ അയയ്ക്കുക.
ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര , വിദേശകാര്യ, ആരോഗ്യ, രാജ്യരക്ഷാ , സിവില്‍ വ്യോമയാന, മന്ത്രാലയങ്ങള്‍, എന്‍ഡിഎംഎ, എന്‍ഡിആര്‍എഫ്, എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
തുര്‍ക്കി ഭൂകമ്പ ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. തുര്‍ക്കി എംബസി സന്ദര്‍ശിച്ച കേന്ദ്രമന്ത്രി, ജീവഹാനിയും നാശനഷ്ടങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വേദനാജനകമെന്ന് പറഞ്ഞു. തുര്‍ക്കി ജനതയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ പിന്തുണ വിദേശകാര്യ സഹമന്ത്രി അറിയിച്ചു.
ദുരിത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നുംഇന്ത്യന് ജനത തുര്‍ക്കിക്ക് ഒപ്പമാണെന്നും വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: