വാണി എനിക്ക് വെറുമൊരു പാട്ടുകാരി ആയിരുന്നില്ല, എന്റെ നേര്‍പെങ്ങള്‍ തന്നെയായിരുന്നു. സംഗീതത്തിനപ്പുറംവളര്‍ന്ന സാഹോദര്യം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയും വാണി ഫോണില്‍ വിളിച്ച് ഒത്തിരി സംസാരിച്ചു. സംഗീതം… പഴയ ഓര്‍മ്മകള്‍… അറിഞ്ഞില്ല, അത് അവസാന വിളിയാകുമെന്ന്.
1975 ല്‍ ഞാന്‍ സംവിധാനം ചെയ്ത ‘തിരുവോണം’ എന്ന ചിത്രത്തിലെ ‘തിരുവോണ പുലരി തന് തിരുമുല്ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി…’ എന്ന പാട്ടാണ് വാണി ജയറാം എനിക്കായി പാടിയ ആദ്യ പാട്ട്. അത് വാണിയുടെ, മലയാളത്തിലെ രണ്ടാമത്തെ
പാട്ടായിരുന്നു. പിന്നെ, ഞാനെഴുതിയ നൂറിലേറെ പാട്ടുകള്‍ ആ സ്വരമാധുരിയില്‍ പിറന്നു. വാണി ജയറാം എന്ന പാട്ടുകാരി മലയാളത്തില്‍ ഏറ്റവുമധികം പാടിയത് എന്റെ രചനയില്‍ പിറന്ന പാട്ടുകള്‍ എന്നത് ഞാനിന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു.
കണ്ണില്‍ പൂവ്, ചുണ്ടില്‍ പാല്, തേന്‍ എന്നു തുടങ്ങുന്ന എല്ലാവരികളിലും രണ്ടക്ഷരമുള്ള, ഞാനെഴുതിയ പാട്ട് സലീല്‍ ചൗധരി സംവിധാനം ചെയ്ത് പാടിയത് വാണിയായിരുന്നു. വിഷുക്കണി എന്ന ആ ചിത്രത്തിലെ ഗാനം വാണി പാടിയപ്പോള്‍ അത് മലയാളത്തിലെ ‘എവര്‍ഗ്രീന്‍’ ഗാനമായി. ഞാനെഴുതി വാണി പാടിയ ‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…’, ‘ഏതു പന്തല്‍ കണ്ടാലും അത് കല്യാണപന്തല്‍…’ പാട്ടുകള്‍ മലയാളം ഹിറ്റാക്കി. ഇന്നും ഓണം വന്നാല്‍ മലയാളികള്‍ മൂളുന്ന നല്ലൊരു ഓണപ്പാട്ട് എന്റെ വരികളിലും വാണിയുടെ ശബ്ദത്തിലും ആയതില്‍ സന്തോഷം.
എന്റെ ജന്മനാടായ ഹരിപ്പാടിലെ സൗഹൃദ സദസ്സായ ‘സാരംഗി’ന്റെ പ്രഥമ ശ്രീകുമാരന്‍ തമ്പി പുരസ്ക്കാരം 2019 ല്‍ വാണി ജയറാമിനാണ് നല്‍കിയത്. അവാര്‍ഡ് ഏറ്റുവാങ്ങി അവര്‍ സദസ്യരോട് പറഞ്ഞത് എന്നെ മലയാളം പഠിപ്പിച്ച കവിയാണ് തമ്പിസാറെന്നാണ്. ആ ‘മ്യൂസിക്കല്‍ ജീനിയസ്’ തെന്നിന്ത്യയിലെ നാലുഭാഷകളില്‍ സ്വരമാധുര്യം വിതറി. ലോകം ശിരസ്സുനമിക്കുന്ന പാട്ടുകാരിയെ ലോകം മറന്നതില്‍ ദുഖമുണ്ട് എനിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: