തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വിഹിതം തരുന്നില്ലെന്നും കേരളത്തെ അവഗണിക്കുന്നുവെന്നും വിലപിക്കുമ്പോഴും സംസ്ഥാന ബജറ്റില്‍ അധികവും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പകര്‍പ്പ്. മേക്ക് ഇന്‍ കേരള മുതല്‍ സ്കോളര്‍ഷിപ്പ് വരെ പ്രഖ്യാപിച്ചത് കേന്ദ്ര ഫണ്ടുകളുടെ സഹായത്തോടെ. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം കൂട്ടി യുവാക്കള്‍ക്ക് തൊഴില്‍ അവസരം വര്‍ധിപ്പിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പോലും കോപ്പിയടിച്ചു.
ആഭ്യന്തര ഉത്പാദനവും തൊഴിലും വര്‍ധിപ്പിക്കാന്‍ മേക്ക് ഇന്‍ കേരള പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. ഇനി കേരളത്തില്‍ മേക്ക് ഇന്‍ ഇന്ത്യ വഴി നടപ്പാക്കുന്നവയെല്ലാം മേക്ക് ഇന്‍ കേരളയുടെ പേരിലായിരിക്കുമെന്ന് അര്‍ത്ഥം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ബജറ്റിലാക്കി. അതുമായി ബന്ധപ്പെട്ട റിങ് റോഡ്, വാണിജ്യവ്യവസായ കേന്ദ്രത്തിന്റെ ഭാഗമായുള്ള വിഴിഞ്ഞം മുതല്‍ തേക്കടവഴി നാവായിക്കുളം വരെ നീളുന്ന വ്യാവസായിക ഇടനാഴി ഇവയ്ക്കെല്ലാം കേന്ദ്രം 5000 കോടി അനുവദിച്ചുകഴിഞ്ഞു.
അതിന് ഭൂമി എറ്റെടുക്കാന്‍ 1000 കോടി വകയിരുത്തിയ ശേഷം അതും സംസ്ഥാനത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തി. ബാലഗോപാല്‍ പ്രഖ്യാപിച്ച ന്യൂ എനര്‍ജി പാര്‍ക്കും ഇലക്ട്രിക് ബാറ്ററി നിര്‍മ്മാണവും ഗ്രീന്‍ ഹൈഡ്രജന്‍ ഹബും കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്. ദേശീയ പാതാ വികസനം കേന്ദ്ര-സംസ്ഥാന സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. അതും ബജറ്റില്‍ ഉള്‍പ്പെടുത്തി. 150 നഴ്സിങ് കോളജുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതാണ്.
അതില്‍ സംസ്ഥാനത്തിന് ലഭിക്കാവുന്ന വിഹിതം കണക്കാക്കി 25 എണ്ണം സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സമാന രീതിയില്‍ 50 വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര പ്രഖ്യാപനം എയര്‍ സ്ട്രിപ് ശൃംഖല എന്നാക്കി. 24.40 കോടി പ്രഖ്യാപിച്ച് സ്വച്ഛ് ഭാരത് മിഷന്റെ കേന്ദ്ര വിഹിതം 36.60 കോടിയാണ്. ദീന് ദയാല്‍-അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷന്, പ്രധാന്‍മന്ത്രി ആവാസ് യോജന തുടങ്ങി ജല്‍ജീവന്‍ മിഷന്, എംഎസ്എംഇ യൂണിറ്റുകള്‍ക്കുള്ള ധനസഹായം, പാലങ്ങള്‍, ഉല്നാടന് ജലഗതാഗതം എന്നിവയിലെല്ലാം കേന്ദ്ര വിഹിതം ഉണ്ട്.
വിദ്യാഭ്യാസ മേഖലയിലെ സമഗ്ര ശിക്ഷാ അഭിയാന്, സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം, ആരോഗ്യമേഖലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പ്രവര്‍ത്തനങ്ങള്‍, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് എന്നിവയിലും കേന്ദ്ര വിഹിതം 60 ശതമാനമാണ്. പട്ടികജാതി വിഭാഗത്തിലെ ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പും കേന്ദ്ര പദ്ധതിയാണ്. പട്ടകജാതി കുടുംബങ്ങള്‍ക്ക് വീട്, പഠന മുറി, ഡോ. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി തുടങ്ങിയവയും കേന്ദ്ര സഹായത്താല്‍ നടത്തുന്ന പദ്ധതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: