എം.എസ്. ജെയ്സന്
കല്‍പ്പറ്റ: മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് തുടങ്ങിയ ദൗത്യം രാജ്യം ഏറ്റെടുക്കുന്നു. 2047 ഓടെ ഇന്ത്യയില്‍ നിന്ന് അരിവാള്‍ രോഗം എന്നറിയപ്പെടുന്ന സിക്കിള്‍ സെല്‍ അനീമിയ രോഗം ഇല്ലാതാക്കുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനത്തിലൂടെ വിജയിക്കുന്നത് മിഷന്റെയും ചീഫ് ഫിസീഷ്യന് പദ്മശ്രീ ഡോ. ഡി.ഡി. സഗ്ദേവിന്റെയും പരിശ്രമങ്ങള്‍ കൂടിയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിവാസികളുടെ വിളര്‍ച്ചയെ കുറിച്ച് പഠനം നടത്തി അരിവാള്‍ രോഗം ആദ്യമായി വയനാട്ടില്‍ കണ്ടെത്തിയത് ഡോ. സഗ്ദേവാണ്. അരിവാള്‍ രോഗ നിവാരണ പദ്ധതി ലക്ഷ്യമിട്ട് വലിയ പദ്ധതിയാണ് ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സേവാ ഇന്റര്‍നാഷണലിന്റെ പിന്തുണയോടെ നടപ്പാക്കുന്നത്. പദ്ധതി ജനുവരി എട്ടിന് കേന്ദ്ര ഗിരിജന ക്ഷേമ മന്ത്രി രേണുക സിങ് സരുതയാണ് നിര്‍വഹിച്ചത്. രോഗികള്‍ കൂടുതലുള്ള അട്ടപ്പാടി, നീലഗിരി (തമിഴ്നാട്), ചാമരാജ്നഗര്‍ (കര്‍ണാടക) പ്രദേശങ്ങളും പദ്ധതിയുടെ കീഴില്‍ വരും. പരിശോധനയിലൂടെ അരിവാള്‍ രോഗികളെയും വാഹകരെയും കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ബോധവത്കരണം, കൗണ്‍സലിങ്, പോഷകാഹാര വിതരണം എന്നിവയും പദ്ധതിയുടെ ഭാഗമാണെന്ന് ഡോ. സഗ്ദേവ് ജന്മഭൂമിയോട് പറഞ്ഞു. രക്തസാമ്പിള്‍ പരിശോധനയ്ക്ക് 25 ലക്ഷംരൂപ ചെലവില്‍ ആധുനിക ലാബോറട്ടറിയും അനുബന്ധ ഉപകരണങ്ങളും മെഡിക്കല്‍ മിഷന് ആസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. പദ്ധതിക്കാലത്ത് രോഗ നിര്‍ണയവും ചികിത്സയും സൗജന്യമാണ്.
പൊതു വിഭാഗത്തില്പ്പെട്ടവര്ക്കടക്കം അരിവാള്‍ രോഗ ചികിത്സാ സൗകര്യം ലഭിക്കും. കിടത്തിച്ചികിത്സയും ആശുപത്രിയില്‍ ലഭ്യമാണ്. മെഡിക്കല്‍ മിഷനു കീഴില്‍ 50 കിടക്ക സൗകര്യമുള്ള ആശുപത്രിയുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി നടപ്പാക്കിയായിരിക്കും സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയില്‍ രാജ്യം ഈ രോഗത്തില്‍നിന്ന് മുക്തമാകുന്നത്.
കഠിനമായ വിളര്‍ച്ചയും ക്ഷീണവുമാണ് അരിവാള്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ആവശ്യത്തിനു പോഷകാഹാരവും മരുന്നും ലഭിച്ചില്ലെങ്കില്‍ രോഗിയെ മരണം വേഗത്തില്‍ കീഴടക്കും. രോഗത്തോടെ ജനിക്കുകയും വേദനകള്‍ സഹിച്ച് യൗവനാരംഭത്തോടെ മരിക്കുകയും ചെയ്തവര്‍ നിരവധിയാണ്. വയനാട്ടില്‍ ചെട്ടി സമുദായത്തിലും ആദിവാസികളിലെ കുറുമ, അടിയ വിഭാഗങ്ങളിലുമാണ് കൂടിയ തോതില്‍ രോഗം കണ്ടുവരുന്നത്. വയനാട് മാത്രം ആയിരത്തിലധികം അരിവാള്‍ രോഗികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: