അഹമ്മദാബാദ്: ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിക്കരുത്തില്‍ ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി. 63 പന്തില്‍ 12 ഫോറും 7 സിക്സും സഹിതം പുറത്താവാതെ 126* റണ്‍സ് നേടിയ ഗില്ലാണ് ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചത്.
ഗില്ലിന് പുറമെ രാഹുല്‍ ത്രിപാഠിയും(22 പന്തില്‍ 44) ഹാര്‍ദിക് പാണ്ഡ്യയും(17 പന്തില്‍ 30), സൂര്യകുമാര്‍ യാദവും(13 പന്തില്‍ 24) തിളങ്ങി. ഓപ്പണര്‍ ഇഷാന് കിഷന് ഒരു റണ്ണില്‍ മടങ്ങിയപ്പോള്‍ ഗില്ലിനൊപ്പം ദീപക് ഹൂഡ(2 പന്തില്‍ 2*) പുറത്താവാതെ നിന്നു.
ഇഷാന് കിഷനെ (1) വേഗം നഷ്ടമായെങ്കിലും ആദ്യ പന്ത് മുതല്‍ ആക്രമണം അഴിച്ചുവിട്ട രാഹുല്‍ ത്രിപാഠിയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ന്യൂസീലന്‍ഡ് ബൗളര്‍മാരെ തല്ലിച്ചതച്ചു. 80 റണ്‍സിന്റെ കൂട്ടുകെട്ടിനൊടുവില്‍ ത്രിപാഠി മടങ്ങി. 4 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതമായിരുന്നു ത്രിപാഠിയുടെ ഇന്നിംഗ്സ്. സൂര്യകുമാര്‍ യാദവും ആക്രമണം അഴിച്ചുവിട്ടു.
13 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങുമ്പോഴേക്കും സൂര്യ മൂന്നാം വിക്കറ്റില്‍ ഗില്ലുമൊത്ത് 38 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പങ്കാളി ആയി. അഞ്ചാം നമ്പറിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയും ആക്രമണകാരിയായി. ഇതിനിടെ 35 പന്തില്‍ ഗില്‍ തന്റെ കന്നി ടി20 ഫിഫ്റ്റിയിലെത്തി. പിന്നീടുള്ള 19 പന്തുകളില്‍ താരം മൂന്നക്കം തികച്ചു. സെഞ്ചുറി പിന്നിട്ടിട്ടും ഗില്‍ വെടിക്കെട്ട് തുടര്‍ന്നു. അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് മടങ്ങി. 17 പന്തില്‍ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം 30 റണ്‍സ് നേടിയ ഹാര്‍ദിക് നാലാം വിക്കറ്റില്‍ ഗില്ലിനൊപ്പം 103 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി. ഗില്ലിന്റെ കന്നി രാജ്യാന്തര ട്വന്റി 20 ശതകമാണിത്. ടി20യില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: