കോഴിക്കോട് മുസ്ളീം സംഘടനയുടെ സമ്മേളനത്തില്‍ ബിജെപി നേതാക്കളെ വിളിച്ചതായിരുന്നു ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ പ്രശ്നം. തിരുവനന്തപുരത്ത് ഹിന്ദു സംഘടനയുടെ സമ്മേളനത്തില്‍ പോകരുതെന്നാണ് ഇടതു ബുദ്ധിജീവികള്‍ ആക്രോശം. പോയവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു സ്വയം പ്രഖ്യാപിത അന്തര്‍ദേശീയ കവി സച്ചിദാനന്ദന്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരളത്തില്‍ നടത്തിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്ക്കെതിരെയായിരുന്നു ഉറഞ്ഞുതുള്ളല്‍. പരിപാടിക്ക് ആവശ്യത്തിലധികം പ്രാചാരം കിട്ടി എന്നതല്ലാതെ മറിച്ചൊന്നും സംഭവിച്ചില്ല. ഫത്വ പുറപ്പെടുവിച്ചവര്‍ക്ക് സമ്മേളനത്തില്‍ പ്രസംഗിച്ച് ശ്രീകുമാരന്‍ തമ്പിയും കേന്ദ്രമന്ത്രി വി.മുരളീധരനും കണക്കിന് കൊടുക്കുകയും ചെയ്തു.
എന്നാല്‍ ഇതിനെ ചെറിയൊരു സംഭവം മാത്രമായി വിലയിരുത്താനാവില്ല. ആഗോള ഭീകരസംഘടനകളുടെ അച്ചാരം വാങ്ങി ജീവിക്കുന്നവരുടെ ജല്പനങ്ങള് മാത്രമായും കാണാനാവില്ല. ഹിന്ദുവുമായി ബന്ധപ്പെട്ടതിനോടുള്ള അസഹിഷ്ണുതയും ഹിന്ദു എന്നത് വര്‍ഗ്ഗീയമെന്ന് ചിത്രീകരിക്കേണ്ടതിന്റെ ആവശ്യവും ഹിന്ദുക്കള്‍ സംഘടിക്കരുതെന്ന ആഗ്രഹവും എല്ലാം ചേര്‍ന്ന മനസ്സുകളില്‍ നിന്നാണ് ഇത്തരം ഹത്വകള് ഉണ്ടാകുന്നത്.
അടൂര്‍ ഗോപാലകൃഷ്ണനും പ്രഭാവര്‍മ്മയും പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ഫത്വയുടെ ഫലമെന്ന് പറഞ്ഞ് സന്തോഷിക്കുന്നവരുണ്ട്. ഫത്വ അനുസരിക്കാതിരുന്ന ശ്രീകുമാരന്‍തമ്പി, സൂര്യകൃഷ്ണ മൂര്‍ത്തി. വി. മധുസൂദനന് നായര്‍, ടി.പി.ശ്രീനിവാസന്, എം.ജി.ശശിഭൂഷന്‍ തുടങ്ങിയവര്‍ക്ക് സംഘിപ്പട്ടം നല്കി ആശ്വസിക്കുകയും ചെയ്യുന്നു
സംഘടന ഏതെന്നോ പരിപാടി എന്തെന്നോ തിരിച്ചറിയാതെയായിരുന്നു വിവാദം. അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയാണ് കെഎച്ച്എന്‍എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക. സാംസ്കാരികവും മതപരവുമായ ഉന്നമനം, കേരള പാമ്പര്യവും സംസ്കാരവും യുവതലമുറയില്‍ നിലനിര്‍ത്തല്‍, വ്യാവസായിക സാമൂഹിക രംഗത്ത് പരസ്പര സഹകരണം കെട്ടിപ്പെടുക്കല്‍, ശക്തമായ ആത്മീയ നേതൃത്വം വളര്‍ത്തിയെടുക്കല്‍, മാനവസേവ മാധവസേവ എന്ന സനാതനതത്വം പ്രാവര്‍ത്തികമാക്കല്‍ തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം. സംഘപരിവാറുമായി യാതൊരു ബന്ധവുമില്ലാത്ത സംഘടന. ഇതുവരെയുള്ള 11 പ്രസിഡന്റുമാരില്‍ പേരിനെങ്കിലും ആര്‍എസ്എസ് ബന്ധം പറയാനാകുന്നത് ഒരാള്‍ക്കുമാത്രം. അമേരിക്കയിലെ മലയാളികളുടെ പൊതുസംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റമാരായിരുന്നവരാണ് മുന്‍ പ്രസിഡന്റുമാരില്‍ പലരും. അപ്പോഴത്തെ പ്രസിഡന്റ് ജി.കെ.പിള്ളയും ഫൊക്കാന മുന്‍ പ്രസിഡന്റാണ്.
കേരളത്തില്‍ ആദ്യമായല്ല കെഎച്ച്എന്‍എ പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാവര്‍ഷവും പ്രഫഷണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സക്കോളര്‍ഷിപ്പ് പരിപാടിയില്‍ സാഹിത്യകാരന്മാരും ഉന്നത ഐഎഎസുകാരുമൊക്കെയാണ് പങ്കെടുക്കാറ്. 20 വര്‍ഷമായി സംഘടനയുമായി അടുത്തു പ്രവര്‍ത്തിക്കുന്ന ആള് എന്ന നിലയില്‍ ഈ ലേഖകനും കേരളത്തിലെ സംഘാടനത്തില്‍ സഹായിച്ചിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനേയും പ്രഭാവര്‍മ്മയേയും ഔദ്യോഗികമായി ക്ഷണിക്കാന്‍ ഭാരവാഹികള്‍ക്കൊപ്പം പോകുകയും ചെയ്തിരുന്നു. കെഎച്ച്എന്‍എ എന്താണെന്നും പരിപാടി എന്താണെന്നും അറിഞ്ഞുകൊïുതന്നെയാണ് ഇരുവരും വരാമെന്ന് സമ്മതിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന് തലേദിവസമാണ് ആരോഗ്യ പ്രശ്നം ഉള്ളതിനാല്‍ എത്താനാകില്ലന്ന് അറിയിക്കുന്നത്. പ്രഭാവര്‍മ്മ ക്ഷണിച്ചപ്പോള്‍ തന്നെ ദല്‍ഹിയില്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഒരു യോഗം ഉണ്ടെന്നും അതിനു പോകുന്നില്ലങ്കില്‍ വരുമെന്നുമാണ് പറഞ്ഞത്. അതിനാല്‍ തന്നെ ഔദ്യോഗിക നോട്ടീസില്‍ പ്രഭാവര്‍മ്മയുടെ പേരും ഉണ്ടായിരുന്നില്ല.
പ്രഭാവര്‍മ്മ പങ്കെടുക്കാതിരിക്കാന്‍ സൈബര്‍ സഖാക്കള്‍ വെട്ടിക്കിളികളായപ്പോള് ‘ഞാന്‍, ഹിന്ദു പാര്‍ലമെന്റില്‍ അംഗമല്ല, ഹിന്ദുവും ഈശ്വര വിശ്വാസിയും ഒന്നുമല്ല’ എന്നു ഫേസ് ബുക്കില്‍ കുറിച്ച് രക്ഷപ്പെടുകയായിരുന്നു വര്‍മ്മ. അദ്ദേഹം പറഞ്ഞതെല്ലാം ശരിയുമാണ്. സമ്മേളനത്തിന്റെ ഭാഗമായ ഹിന്ദുപാര്ലമെന്റിലേക്കായിരുന്നില്ല അദ്ദേഹത്തെ ക്ഷണിച്ചത്. ശ്രീകുമാരന്‍ തമ്പിക്ക് ആര്‍ഷദര്‍ശന പുരസ്ക്കാരം നല്കുന്ന ചടങ്ങിലേയ്ക്കാണ്. അതിന് അദ്ദേഹത്തിനുള്ള അര്‍ഹത അദ്ദേഹവും കൂടി അംഗമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത് എന്നതാണ്. പക്ഷേ പിന്നീട് സച്ചിദാനന്ദനും അശോകന് ചരുവിലുമൊക്കെ ഉറഞ്ഞുതുള്ളിയപ്പോള്‍ പ്രഭാവര്‍മ്മ നല്കിയ വിശദീകരണങ്ങള്‍ സത്യവുമായി ബന്ധമില്ലാത്തവയാണ്. കെഎച്ച്എന്‍എ അല്ല സ്വാതി എന്ന സംഘടനയുടെ അവാര്‍ഡ് എന്നു കരുതിയാണ് താന്‍ നിര്‍ണയ സമിതിയില്‍ അംഗമായത് എന്നു പറയുന്നത് തെറ്റാണ്. കെഎച്ച്എന്‍എയുടെ ഇത്തവണത്തെ ആര്‍ഷദര്‍ശ പുരസ്ക്കാരത്തിന് ശ്രീകുമാരന്‍ തമ്പിയെ സന്തോഷപൂര്‍വം നിര്‍ദ്ദേശിക്കുന്നു എന്നാണ് നിര്‍ണയ സമിതിക്ക് നല്കിയ കത്തില്‍ പ്രഭാവര്‍മ്മ പറയുന്നത്. സി.രാധാകൃഷ്ണന് അധ്യക്ഷനായിരുന്ന സമിതിയില്‍ ലേഖകനും അംഗമായിരുന്നതിനാല്‍ അക്കാര്യം ആധികാരികമായി പറയാനുമാകും. സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ചയ്ക്കുള്ള സമയം മുന്‍കൂട്ടി ചോദിച്ച്, പ്രവേശന കവാടത്തില്‍ പ്രഭാവര്‍മ്മയെ കാണാന്‍ എന്നുമാത്രം രേഖപ്പെടുത്തിയാണ് കെഎച്ച്എന്‍എ ഭാരവാഹികള്‍ ചെന്നത്. മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ പോയപ്പോള്‍ സൗഹൃദം പുതുക്കാന്‍ കയറിയതല്ല. മുഖ്യമന്ത്രിയെ വിളിക്കുന്ന കാര്യം സംഘാടകര്‍ ആലോചിച്ചിരുന്നുപോലുമില്ല.
സ്വന്തം ചേരിയിലുള്ളവരുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാകും പ്രഭാവര്‍മ്മ കള്ളം പറയുന്നത്. കള്ളം പറയുകയല്ല, മറിച്ച് ആര്‍ഷദര്‍ശന പുരസ്ക്കാരം ശ്രീകുമാരന്‍തമ്പിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുത്താലെന്ത് എന്ന് ചോദിക്കാനുള്ള ആര്‍ജ്ജവമായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി അംഗമായ പ്രഭാവര്‍മ്മയക്ക് ഉണ്ടാകേണ്ടിയിരുന്നത്. തലയെടുപ്പുള്ള ഉന്നത സാഹിത്യകാരന്മാര്‍ക്കുപോലും അതിനു കഴിയുന്നില്ല എന്നിടത്താണ് കേരളത്തിന്റെ സാംസ്ക്കാരിക അപചയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: