ന്യൂദല്‍ഹി: അനുബന്ധ ഓഹരി വില്പനയിലൂടെ 20000 കോടി രൂപ സമാഹരിക്കാന്‍ ശ്രമിക്കുന്ന അദാനിയെ സഹായിക്കാന്‍ അബുദാബിയിലെ മികച്ച കമ്പനിയായ ഐഎച്ച് സി എത്തുന്നു. അദാനിയില്‍ വിശ്വാസമുണ്ടെന്നും അദാനിയുടെ ബിസിനസുകളിലെ അടിസ്ഥാനമൂല്യങ്ങളില്‍ ഉറപ്പുണ്ടെന്നും അബുദാബിയിലെ വമ്പന്‍ കമ്പനികളിലൊന്നായ ഐഎച്ച് സി പറയുന്നു. അദാനി എന്റര്‍ പ്രൈസസിന്റെ ഓഹരികള്‍ വാങ്ങാന്‍ ഏകദേശം 40 കോടി ഡോളര്‍ ചെലവഴിക്കുമെന്ന് ഐഎച്ച്സി വ്യക്തമാക്കി കഴിഞ്ഞു.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് കേന്ദ്രമായ ഷോര്‍ട്ട് സെല്ലിംഗ് കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെ ഐഎച്ച് സി വിമര്‍ശിച്ചിരുന്നു. അദാനിഗ്രൂപ്പിന്റെ ഓഹരി വില 85 ശതമാനത്തോളം പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് ഒരു കാരണവശാലും വിശ്വസിക്കില്ലെന്നും ഐഎച്ച് സി വ്യക്തമാക്കിയിരുന്നു.
ഗ്രീന്‍ ട്രാന്സ്മിഷന് ഇന്‍വെസ്റ്റ്മന്റ് ഹോള്‍ഡിങ് ആര്‍എസ് സി എന്ന സബ്സിഡിയറി കമ്പനി വഴിയാണ് ഐഎച്ച് സി അദാനി ഓഹരികള്‍ വാങ്ങുക.
“അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ അടിസ്ഥാനമൂല്യങ്ങളിലുള്ള ആത്മവിശ്വാസമാണ് ഞങ്ങളുടെ അദാനി ഗ്രൂപ്പിലുള്ള താല്പര്യത്തെ നയിക്കുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വളര്‍ച്ചയില്‍ ശക്തമായ സാധ്യത ഞങ്ങള്‍ കാണുന്നു,” ഐഎച്ച്സി സിഇഒ സയ്യിദ് ബാസര്‍ ഷുഹെബ് പറഞ്ഞു.
ജനവരി 30 തിങ്കളാഴ്ചയും അദാനി എന്റര്‍ പ്രൈസസിന്റെ ഓഹരി വില ഒമ്പത് ശതമാനം കൂടി 3020ല്‍ എത്തിയെങ്കിലും അനുബന്ധ ഓഹരി വില്പനയ്ക്ക് നിശ്ചയിച്ച 3112 രൂപയേക്കാള്‍ കുറവാണ് ഇത്. തിങ്കളാഴ്ചയും അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്പനയില് നാല് ശതമാനം മാത്രമാണ് വാങ്ങപ്പെട്ടത്. അദാനിയുടെ എഫ് പിഒ വിചാരിച്ചതുപോലെ വിജയിക്കുമോ എന്ന ആശങ്ക നിലനില്‍ക്കെ, ഒരു വലിയ പ്രതീക്ഷയാണ് ഐഎച്ച്സിയുടെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: