ന്യൂദല്‍ഹി: ഒരു കമ്പനിയ്‌ക്ക് നല്‍കാവുന്ന റിസര്‍വ്വ് ബാങ്കിന്റെ പരമാവധി അനുവദനീയ വായ്പയിലും ഏറെ താഴ്ന്ന വായ്പകള്‍ മാത്രമാണ് അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുള്ളതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. പേര് വെളിപ്പെടുത്താതെയാണ് അദ്ദേഹം ഇക്കാര്യം ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ബാങ്കിന്റെ ലഭ്യമായ യോഗ്യതയുള്ള മൂലധനാടിത്തറയുടെ 25 ശതമാനത്തില്‍ അധികം ഏതെങ്കിലും ഒരു കമ്പനിയിലോ ഗ്രൂപ്പിലോ നിക്ഷേപിക്കാന്‍ പാടില്ലെന്നതാണ് ബാങ്കുകളോട് വായ്പ നല്‍കുമ്പോള്‍ കര്‍ശനമായി പാലിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെടുന്നത്. ഇതിലും കുറവേ എസ് ബിഐ അദാനി ഗ്രൂപ്പിന് വായ്പയായി നല്‍കിയിട്ടുള്ളൂ.
നിലവിലെ കണക്ക് പ്രകാരം ആകെ വായ്പകളുടെ 38 ശതമാനം വരുന്ന 80,000 കോടി രൂപയോളമാണ് അദാനി ഗ്രൂപ്പിന് ഇന്ത്യയിലെ വിവിധ ബാങ്കുകളിലായുള്ള കടം. വലിയ തുക അഡ്വാന്‍സായി ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് നല്‍കിയെന്ന അമേരിക്കയിലെ ഹിന്‍ഡെല്‍ബെര്‍ഗ് എന്ന നിക്ഷേപഗവേഷണ സ്ഥാപനം ആരോപിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഹരികള്‍ക്ക് വെള്ളിയാഴ്ച തിരിച്ചടി നേരിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എസ് ബിഐയുടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അനൗദ്യോഗികമായി ഇക്കാര്യം വെളിപ്പെടുത്തിയത്.
അദാനി ഗ്രൂപ്പിന് ഏറ്റവുമധികം കടം നല്‍കിയിട്ടുള്ള ബാങ്ക് എസ് ബിഐയാണ്. വായ്പനല്‍കിയതില്‍ തെല്ലും ആശങ്ക വേണ്ടെന്നും അദാനിഗ്രൂപ്പിന്റെ പണം ശേഖരിക്കാവുന്ന ആസ്തികള്‍ക്കെതിരെയാണ് വായ്പ നല്‍കിയിട്ടുള്ളതെന്നും എസ് ബിഐ ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു.
അദാനി ഗ്രൂപ്പ് ഓഹരികളുടെ വിലയിടിക്കാന്‍ മനപൂര്‍വ്വം തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട് എന്ന് അദാനി ഗ്രൂപ്പ് നിയമവിഭാഗം തലവന്‍ ജതിന്‍ ജലുന്ദ് വാല പറയുന്നു. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി അദാനി ഗ്രൂപ്പിന് ഓഹരി വിപണികളില്‍ നഷ്ടമായത് 4.18ലക്ഷം കോടി രൂപയാണ്. ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബവ്യാവസായത്തെ കൃത്രിമകണക്കുകളിലൂടെ രാജ്യത്തെ തന്നെ വന്‍ കോര്‍പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തിയെന്നാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ പ്രധാന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: