കോഴിക്കോട്: വടകരയിൽ അഞ്ച് വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. ഓട്ടോയില്‍ തുപ്പിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. സ്‌കൂളിലേക്ക് പോകുംവഴിയായിരുന്നു സംഭവം. കുട്ടി പുറത്തേക്ക് തുപ്പുമ്പോള്‍ അബദ്ധത്തില്‍ ഓട്ടോയിലാകുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വയസുകാരനെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി ഷര്‍ട്ട് അഴിപ്പിച്ച് തുപ്പല്‍ തുടക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചോമ്പാല പോലീസിനോട് കമ്മീഷൻ നിര്‍ദേശവും നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: