കോട്ടയം: ആര്എസ്എസ്സിനെക്കുറിച്ചും സംഘപരിവാറിനെക്കുറിച്ചുമുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് പദ്മശ്രീ പുരസ്കാരം ലഭിച്ച ഡോ. സി.ഐ. ഐസക് പറഞ്ഞു. പദ്മശ്രീ ലഭിച്ച ശേഷം ആദ്യമായി കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്പതു വര്‍ഷം മുന്‍പ് ചങ്ങനാശ്ശേരി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എബിവിപി പ്രവര്‍ത്തകനായിട്ടാണ് ആര്‍എസ്എസ്സുമായുള്ള ബന്ധം സ്ഥാപിക്കുന്നത്. ഇതില്‍ ചില ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും മത വിശ്വാസത്തിനോ ആചാരക്രമങ്ങള്‍ക്കോ യാതൊരു തടസ്സമോ വിലക്കോ ഉണ്ടായിട്ടില്ല. വിശ്വാസം ഊന്നുവടിയാണ് അതുതട്ടിത്തെറിപ്പിക്കുവാന് ആരും ശ്രമിക്കരുത്.
യേശുദേവന് ഇപ്പോള്‍ വന്നാല്‍ എന്റെ ഹൃദയരക്തം കൊണ്ട് അദ്ദേഹത്തിന്റെ പാദങ്ങള്‍ കഴുകുമെന്നാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാര്‍ പറഞ്ഞത്. വാരിയം കുന്നത്ത കുഞ്ഞഹമ്മദ് സ്വാതന്ത്ര്യ സമര സേനാനിയല്ല. 1921-ലെ ബ്രിട്ടീഷ് പോലീസിന്റെ എഫ്ഐആറും, അന്നത്തെ സംഭവങ്ങളുടെ ചരിത്ര സത്യങ്ങളും തേടിപ്പിടിച്ചാണ് ഈ നിഗമനത്തില്‍ എത്തിയത്. 378 പേരെ അങ്ങനെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും പുറത്താക്കുവാന്‍ ശിപാര്‍ശ നല്‍കുകയും ചെയ്തു.
ദേശീയ ബോധത്തെ നശിപ്പിച്ചാല്‍ രാജ്യത്തെ തന്നെ നശിപ്പിക്കുന്നതിനു തുല്യമാണ്. കഴിഞ്ഞ കാലങ്ങളില്‍ നാഗാലാന്‍ഡില്‍ സംഭവിച്ചത് അതാണ്. ഘര്‍വാപ്പസി സ്വന്തം ഇഷ്ടപ്രകാരം സ്വധര്മ്മത്തിലേയ്ക്കുള്ള തിരിച്ചു വരവാണ്. അത് ആരുടേയും പ്രേരണയല്ല. മറിച്ചാകുമ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ബിബിസിയുടെ ഡോക്യുമെന്ററി ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും നിയമസമാധാന പ്രശ്നവുമാണ്.
മുന്‍ ബ്രിട്ടീഷ് ഭരണാധികാരികളെക്കുറിച്ച് എന്തുകൊണ്ട് ഇത്ര നാളായിട്ടും ബിബിസി ഡോക്യുമെന്ററി തയാറാക്കി പ്രദര്‍ശിപ്പിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റിയന് ഡോ. സി.ഐ. ഐസക്കിന് ഉപഹാരം സമര്‍പ്പിച്ചു. സെക്രട്ടറി റോബിന് തോമസ് പണിക്കര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: